India - 2025
അഡ്വ. ജോസ് വിതയത്തില്‍ അനുസ്മരണ സമ്മേളനം ഇന്ന്
പ്രവാചക ശബ്ദം 20-04-2021 - Tuesday
കൊച്ചി: അന്തരിച്ച സീറോ മലബാര്‍ സഭ അല്മായ ഫോറം സെക്രട്ടറിയും സംസ്ഥാന കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ അംഗവുമായിരുന്ന അഡ്വ. ജോസ് വിതയത്തില്‍ അനുസ്മരണ സമ്മേളനം ഇന്നു നടക്കും. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി നടക്കുന്ന സമ്മേളനം വൈകിട്ട് ആറിന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. സഭയുടെ ലെയ്റ്റി, ഫാമിലി, ലൈഫ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും.
ബിഷപ്പുമാര്‍, സിബിസിഐ, കെസിബിസി, ലെയ്റ്റി കൗണ്‍സില്‍, ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍, കത്തോലിക്ക കോണ്‍ഗ്രസ്, വൈദിക, അല്മായ പ്രതിനിധികള്‍, ഇന്ത്യയിലും വിദേശത്തുമുള്ള സീറോ മലബാര്‍ രൂപതകളിലെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍, സന്യസ്ത പ്രതിനിധികള്‍, സഭയിലെ വിവിധ സംഘടനാ നേതാക്കള്‍, വിവിധ കമ്മീഷനുകളുടെ സെക്രട്ടറിമാര്‍ എന്നിവര്‍ അനുസ്മരണം നടത്തുമെന്നു ലെയ്റ്റി ഫാമിലി ലൈഫ് കമ്മീഷന്‍ ജനറല്‍ സെക്രട്ടറി ഫാ. ജോബി മൂലയില്‍ അറിയിച്ചു.
സമ്മേളനത്തിനു മുന്നോടിയായി ആലങ്ങാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിലെ അഡ്വ. ജോസ് വിതയത്തിലിന്റെ കബറിടത്തില്‍ വികാരി ഫാ. പോള്‍ ചുള്ളിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാശുശ്രൂഷ നടക്കും. ഏഴാം ചരമദിനത്തോടനുബന്ധിച്ച് 22നു വൈകിട്ട് നാലിനു നടക്കുന്ന ദിവ്യബലിക്കും ശുശ്രൂഷകള്‍ക്കും മേജര്‍ ആര്‍ച്ച് ബിഷപ്പ് നേതൃത്വം നല്‍കും.