Seasonal Reflections - 2024

ജോസഫ്: പൂർണ്ണമായും ജഡത്തിനും ലോകത്തിനും മരിച്ചവൻ

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ് / പ്രവാചകശബ്ദം 22-05-2021 - Saturday

സ്വീഡനിലെ വിശുദ്ധ ബ്രിജിത്തിന്റെ അഭിപ്രായത്തിൽ വിശുദ്ധ യൗസേപ്പിതാവു ലോകത്തിനും ജഡത്തിനും പൂർണ്ണമായി മരിച്ച വ്യക്തിയാണ് കാരണം അവൻ സ്വർഗ്ഗീയ കാര്യങ്ങൾ മാത്രമാണ് അവൻ ആഗ്രഹിച്ചിരുന്നത്. സ്വർഗ്ഗീയ കാര്യങ്ങളിൽ മനസ്സു വയ്ക്കുന്നവർക്ക് ഭൂമിയിലെ സ്ഥാനമാനങ്ങളും ജഡിക സന്തോഷങ്ങളും ഉച്ചിഷ്ടമാണ്. സ്വർഗ്ഗത്തിൽ കണ്ണുകളും ഹൃദയവും ഉറപ്പിച്ചു നടന്നതിനാൽ യൗസേപ്പിന്റെ മനസ്സിനെ ഭൗതീക സന്തോഷങ്ങൾ ചഞ്ചലചിത്തനാക്കിയില്ല. ജഡിക താൽപര്യങ്ങൾക്കു വഴങ്ങാതെ ദൈവത്തിന്റെ നിയമത്തിനു കീഴ് വഴങ്ങി ജീവിക്കുമ്പോൾ ആത്മാവിലുള്ള ജീവിതത്തിന്റെ സംതൃപ്തി ആസ്വാദിക്കാൻ കഴിയുമെന്നു റോമാലേഖനത്തിലൂടെ വിശുദ്ധ പൗലോസ് ശ്ലീഹാ നമ്മളെ പഠിപ്പിക്കുന്നു( റോമാ 8: 1 - 17 ).

ദൈവാത്മാവിനാൽ നയിക്കപ്പെട്ട വിശുദ്ധ യൗസേപ്പിതാവിന്റെ ജീവിതം ആയിരിക്കേണ്ടിടത്ത് അങ്കൂരം ഉറപ്പിച്ചുള്ളതായിരുന്നു, അതായത് സ്വർഗ്ഗത്തിൽ. സ്വർഗ്ഗത്തെ നോക്കിയുള്ള ജീവിതം എന്നും ആത്മാവിനു സന്തോഷവും സമാധാനവും നൽകുന്നതാണ്, അങ്ങനെ വരുമ്പോൾ ലോക സുഖങ്ങൾ ക്ഷണികമാണന്നു മനസ്സിലാക്കാൻ കാലതാമസം വരുകയില്ല. പന്തക്കുസ്താ തിരുനാളിനു ഏറ്റവും അടുത്ത് ഒരുങ്ങുന്ന ഈ ദിനം ദൈവത്മാവിന്റെ നിമന്ത്രണങ്ങളെ ജീവിതതാളമാക്കിയ വിശുദ്ധ യൗസേപ്പിനെ നമുക്കു അനുകരിക്കാം.

More Archives >>

Page 1 of 17