Seasonal Reflections - 2024
ഈശോയുടെ ആശീർവ്വാദം സ്വീകരിച്ചു മരിക്കുന്ന യൗസേപ്പിതാവ്
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചക ശബ്ദം 25-05-2021 - Tuesday
തെന്ത്രോസ് സൂനഹദോസിനു ശേഷം (1545-1563) ആരംഭിച്ച സഭാ നവീകരണ കാലഘട്ടത്തിൽ കാൽവിനിസ്റ്റുകൾ മതപരമായ ചിത്രങ്ങളും രൂപങ്ങളും ദൈവാലയങ്ങളിൽ നിന്നു നീക്കം ചെയ്തെങ്കിലും കത്തോലിക്കാ സഭ തിരുസ്വരൂപങ്ങളെയും ചിത്രങ്ങളെയും പ്രോത്സാഹിപ്പിച്ചിരുന്നു. പതിനേഴ് പതിനെട്ടു നൂറ്റാണ്ടുകളിൽ കത്തോലിക്കാ പാരമ്പര്യത്തിൽ വളരെയധികം ചിത്രങ്ങളും തിരുസ്വരൂപങ്ങളും വിശുദ്ധരുടെ നാമധേയത്തിലും ഉണ്ടായി. വിശുദ്ധ യൗസേപ്പിതാവിൻ്റെ ബഹുമാനാർത്ഥവും ധാരാളം ചിത്രങ്ങളും രൂപങ്ങളും ദൈവാലയങ്ങളിൽ സ്ഥാനം പിടിച്ചു. അത്തരത്തിൽ പ്രസിദ്ധമായ ഒരു ചിത്രമാണ് പതിനെട്ടാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ ജുസെപ്പെ മരിയ ക്രിസ്പി എന്ന ഇറ്റാലിയൻ ചിത്രകാരൻ വരച്ച വിശുദ്ധ ജോസഫിൻ്റെ മരണം ( Death of Saint Joseph) എന്ന ചിത്രം. ബോളോഞ്ഞ കർദ്ദിനാളിൻ്റെ താൽപര്യപ്രകാരമാണ് ഈ ചിത്രം വരച്ചത്. വൃദ്ധനായ യൗസേപ്പ് ലളിതവുമായ ഒരു വീട്ടിൽ മരണക്കിടക്കയിലാണ്. അദേഹത്തിൻ്റെ വടിയും പണി ആയുധങ്ങളും കിടക്കയുടെ സമീപത്തുണ്ട്.
നമ്മുടെ ക്ഷണികമായ ജീവിതത്തിൻ്റെ സ്വഭാവമാണ് ഇതു വരച്ചു കാണിക്കുന്നത്. വിശുദ്ധനായ ഭർത്താവും കഠിനധ്വാനിയുമായ യൗസേപ്പിനു തൻ്റെ ഭൗതിക സമ്പത്തുകൾ വിട്ടുപേക്ഷിക്കുന്നതിൽ ഒരു മടിയുമില്ല എന്നിത് സൂചിപ്പിക്കുന്നു.
ഒരു വശത്തു പരിശുദ്ധ മറിയം നിറഞ്ഞ കണ്ണുകളുമായി പ്രാർത്ഥിക്കുന്നു, മറുവശത്ത് ഈശോയാണ്. യൗസേപ്പിതാവിൻ്റെ ശ്രദ്ധ മുഴുവനും ആശീർവ്വാദം നൽകുന്ന ഈശോയുടെ മുഖത്താണ്. ഈശോയുടെ ആശീർവ്വാദം സ്വീകരിച്ചു മരണം വരിക്കാൻ ഭാഗ്യം ലഭിച്ച വ്യക്തിയാണ് യൗസേപ്പിതാവ്. നൽമരണ മധ്യസ്ഥനായി യൗസേപ്പിനെ കാണുന്നതിൻ്റെ മുഖ്യ കാരണവും ഇതാണ്.