Wednesday Mirror

കന്ധമാൽ ക്രൈസ്തവ നരഹത്യ: സംഘപരിവാറിന്റെ ഗൂഢതന്ത്രം പുറത്തായത് തൃശൂരിൽ | ലേഖന പരമ്പര- ഭാഗം 27

ആന്‍റോ അക്കര / പ്രവാചക ശബ്ദം 09-06-2021 - Wednesday

കന്ധമാല്‍ ലേഖന പരമ്പരയുടെ ആദ്യം മുതലുള്ള ഭാഗങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

സംഘപരിവാറിന്റെ കന്ധമാൽ ഗൂഢതന്ത്രത്തിന്റെ ചുരുളഴിക്കാൻ സഹായിച്ച ചില നിർണായക രേഖകൾ എന്റെ കൈവശം വന്നത് തോമാശ്ലീഹ കാലുകുത്തിയ തൃശൂർ ജില്ലയിൽ തന്നെയായിരുന്നു. ആർ എസ്.എസ്. വക്താവായ റാം മാധവ് (മുൻ ബി.ജെ.പി ജനറൽ സെക്രട്ടറി) ധിക്കാരപൂർവം 2012 മധ്യത്തിൽ കെ.സി.ബി.സി. പ്രസിഡന്റായിരുന്ന തൃശൂർ മെത്രാപ്പോലീത്ത ആൻഡ്രൂസ് താഴത്തിന് 'സൗഹാർദ സന്ദർശ നവേളയിൽ സമ്മാനം നൽകിയതായിരുന്നു ഈ രേഖകൾ. ആർ.എസ്.എസ്. വക്താവിന്റെ സന്ദർശനത്തിന് മിനിറ്റുകൾക്കുമുമ്പ് അപ്രതീക്ഷിതമായി നാട്ടിലെത്തിയ ഞാൻ മെത്രാപ്പോലീത്തയെ ഫോൺ വിളിച്ചതാണ് ഈ രേഖകൾ എന്റെ കൈകളിലെത്താൻ ഇടയാക്കിയത്. കന്ധമാലിനെ അനുസ്യൂതം അനുധാവനം ചെയ്തിരുന്ന എന്റെ കൈകളിൽത്തന്നെ ഈ ഞെട്ടിക്കുന്ന രേഖകൾ വന്നുചേർന്നതിൽ വ്യക്തമായ ഒരു ദൈവികപദ്ധതിയുണ്ടായിരുന്നു എന്നതിൽ എനിക്ക് യാതൊരു സംശയവുമില്ല. (ഇക്കാര്യങ്ങളെല്ലാം സ്വാമി ലക്ഷ്മണാനന്ദയെ കൊന്നതാര്?” എന്ന ഗ്രന്ഥത്തിൽ തെളിവ് സഹിതം നിരത്തിവെച്ചിട്ടുണ്ട്.)

..(ഇത് വരും ആഴ്ചകളില്‍ പ്രവാചകശബ്ദത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ്)..

സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകികൾ എന്നു മുദ്രകുത്തി ശിക്ഷിക്കപ്പെട്ട ഏഴ് നിരപരാധികളിൽ ഒരാൾ സ്വാമി കൊല്ലപ്പെട്ട സമയത്ത് കേരളത്തിലേക്കുള്ള ട്രെയിൻ യാത്രയിലായിരുന്നു. എറണാകുളത്തെ ലിസി ആശുപത്രിയിലെ കാന്റീനിൽ ജോലി ചെയ്തിരുന്ന ആൻഡ്രിയയുടെ അമ്മാവനാണ് ജയിലിൽ നരകിക്കുന്ന ദുർജോ സൂനമാജി. ആശുപത്രിയിൽ ജോലി തേടി മറ്റു മൂന്ന് ക്രിസ്ത്യൻ യുവാക്കളോടൊപ്പം മുനിഗൂഡയിൽ നിന്ന് ട്രെയിൻ കയറിയ ദുർജോയ്ക്കും സംഘത്തിനും കണക്ഷൻ ട്രെയിൻ നഷ്ടപ്പെട്ടതുകൊണ്ട് ആഗസ്റ്റ് 24-ന് നിരാശരായി കന്ധമാലിലേക്ക് മടങ്ങേണ്ടി വന്നു. ഒക്ടോബർ ആദ്യത്തിൽ സ്വാമിയുടെ കൊലപാതകി എന്ന ആരോപണത്തിൽ അറസ്റ്റുചെയ്യപ്പെട്ട ദുർജോയുടെ തുടയിൻ ടിക്കറ്റ് ബന്ധുക്കൾ പോലിസിന് കാണിച്ചുകൊടുത്തിട്ടും അദ്ദേഹത്തെ കള്ളക്കേസിൽ നിന്നും ഒഴിവാക്കാൻ പോലീസ് അധികാരികൾ തയ്യാറായില്ല.

കന്ധമാലിലെ സംഹാരതാണ്ഡവത്തിൽ പാപ്പരായ ക്രിസ്തീയ കുടുംബങ്ങളിലെ നിരവധി യുവാക്കൾ ജോലിതേടി അഭയം കണ്ടത് കേരളത്തിലാണെന്നും എടുത്തുപറയേണ്ടതാണ്. അതിന്റെ ഫലമായി കന്ധമാലിലെ യാത്രകളിൽ ശുദ്ധമലയാളം സംസാരിക്കുന്ന നിരവധി യുവാക്കളെ കണ്ടുമുട്ടാൻ എനിക്ക് ഇടവന്നു. അവരിൽ കൂടുതലും നിരപരാധികളായ ക്രിസ്ത്യാനികളുടെ ജന്മനാടായ കൊട്ടഗഡിലും ബല്ലിഗൂഡ പ്രദേശത്തും നിന്നുള്ളവരായിരുന്നു.

പീഡിതർക്ക് പ്രാർത്ഥനയുമായി ഫിയാത്ത് മിഷൻ ‍

കന്ധമാലിന് സഹായഹസ്തങ്ങൾ നീട്ടിയ സംഘടനകൾ പലതുണ്ടെങ്കിലും തൃശൂർ ആസ്ഥാനമായുള്ള ഫിയാത്ത് മിഷന്റെ നിസ്തുലമായ സംഭാവന ശ്രദ്ധ അർഹിക്കുന്നു. സേവനത്തിനോടൊപ്പം പ്രാർത്ഥനയ്ക്ക് പ്രാധാന്യം നൽകുന്ന അല്മായ നേതൃത്വത്തിലുള്ള ഈ പ്രസ്ഥാനം കേരളത്തിൽനിന്ന് ഡസൻകണക്കിന് സന്നദ്ധസേവകരെ കന്ധമാലിലേക്ക് അയച്ചു. പീഡിതർക്കുവേണ്ടി രണ്ട് കേന്ദ്രങ്ങളിൽ നിത്യാരാധന നടത്തുന്നതിനു വേണ്ടിയായിരുന്നു ഇത്. 2007 ക്രിസ്മസ് അക്രമസമയത്ത് കന്ധമാലിൽ കാലുകുത്തിയ ഫിയാത്ത് മിഷൻ പ്രവർത്തകർ 2008 ആഗസ്റ്റിൽ അക്രമം പൊട്ടിപ്പുറപ്പെ ട്ടപ്പോൾ ഒഡീഷയിലുണ്ടായിരുന്നു. അക്രമം ആരംഭിച്ച്, ആഴ്ചകൾക്കു ള്ളിൽ മൂന്ന് മലയാളികൾ ഭുവനേശ്വറിലെ കാത്തലിക്ക് ചാരിറ്റീസിന്റെ ഓഫീസിൽ നിത്യാരാധന തുടങ്ങി. “വൈകാതെ കൂടുതൽ പേരെ ഒഡീഷയിലേക്ക് അയച്ചു. ഫിയാത്ത് മീഷന്റെ സ്ഥാപകഡയറക്ടറായ സീറ്റ്ലി ജോർജ് 2017 ജൂണിൽ പറഞ്ഞു. “മൂന്നു വീടുകൾ വാടകയ്ക്കെടുത്ത് ഞങ്ങളുടെ അംഗങ്ങൾ, നിത്യാരാധന മാറിമാറി നയിക്കുകയും, കന്ധമാലിലേക്ക് യാത്രചെയ്ത് ദുരിതാശ്വാസ പ്രവർത്തനത്തിലേർപ്പെടുകയും ചെയ്തു. 2015 വരെ ശാന്തിക്കു വേണ്ടിയുള്ള ആരാധന തുടർന്നു. സീറ്റിലി എടുത്തുപറഞ്ഞു.

ഫിയാത്ത് മിഷൻ അംഗങ്ങൾ തുടർച്ചയായി കന്ധമാലിലേക്ക് യാത്രചെയ്തിരുന്ന സമയത്താണ് റാഫേൽ ചിനാത്ത് മെത്രാപ്പോലീത്ത കത്തിച്ചാമ്പലായ കൊഞ്ചമെൻടിയിലെ ദിവ്യജ്യോതി പാസ്റ്ററൽ സെന്റർ പുന രാരംഭിക്കുവാൻ സഹായിക്കാമോ എന്ന് സീറ്റിലിയോട് അഭ്യർത്ഥിച്ചത്. “ഉടൻ തന്നെ രണ്ട് അംഗങ്ങളെ പാസ്റ്ററൽ സെന്ററിലേക്ക് അയച്ചു. അവിടെ കേടുപറ്റാതിരുന്ന രണ്ടു മുറികൾ ഉപയോഗിച്ച് ഞങ്ങൾ 2009 ആദ്യത്തിൽ നിത്യാരാധന തുടങ്ങി. പിന്നീട് ആരാധനയോടൊപ്പം കാറ്റക്കിസ്റ്റുകൾക്കുള്ള പരിശീലനങ്ങളും ധ്യാനങ്ങളും വിശ്വാസപരിശീലന പരിപാടികളും നടത്തി ഞങ്ങൾ പാസ്റ്ററൽ സെന്ററിന്റെ വിശ്വാസചൈതന്യം വീണ്ടെടുത്തു. സീറ്റ്ലി അഭിമാനപൂർവം പറഞ്ഞു.

ഈ കന്ധമാൽ സേവനത്തോടെ ഒഡിഷയിലെ മറ്റ് സഭാധികാരികളുമായി കൂടുതൽ അടുത്ത് ഇടപഴകിയതോടെ ഫിയാത്ത് മിഷന്റെ രാജ്യമാ സകലം അറിയപ്പെടുന്ന ബൈബിൾ പ്രചാരണത്തിൽ അവർ തല്പരായി. അങ്ങനെ മുടങ്ങിക്കിടന്നിരുന്ന സമ്പൂർണ്ണ ഓഡിയോ ബൈബിളിന്റെ പ്രസിദ്ധീകരണത്തിന് വഴിതെളിഞ്ഞു. താരതമ്യേന അറിയപ്പെടാത്ത ഒരു ഡസൻ ഭാഷകളിൽ ബൈബിൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഫിയാത്ത് മിഷൻ 2011-ൽ സമ്പൂർണ ഒഡിയ ബൈബിൾ തങ്ങളുടെ അങ്കമാലിയിലെ പ്രസ്സിൽ പ്രിന്റ് ചെയ്ത് പുറത്തിറക്കി.

“ഒഡിയാ ബൈബിളിന്റെ 30,000 കോപ്പികൾ ഇതിനകം ഞങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. 2,040 പേജുള്ള ഈ ബൈബിളിന്റെ പ്രിന്റിംഗ് ചെലവ് 180 രൂപ വരുമെങ്കിലും 50 രൂപയ്ക്കാണ് ഞങ്ങൾ കൊടുക്കുന്നത്. തങ്ങളുടെ നിസ്തുല സേവനത്തിലേക്ക് സീറ്റ്ലി വിരൽ ചൂണ്ടി. സന്നദ്ധസേവനത്തിന് ഡസൻ കണക്കിന് മലയാളികളെ കന്ധമാലിൽ എത്തിക്കുകയും അവിടത്തെ ക്രിസ്തീയ യുവജനങ്ങളെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലെ ഫിയാത്ത് മിഷൻ സെന്ററുകളിൽ അയച്ച് വിശ്വാസപരിശീലനവും നടത്തുന്നുണ്ട്. വീഡിയോഗ്രഫി, കമ്പ്യൂട്ടർ തുട lങ്ങിയ മേഖലകളിലും ഫിയാത്ത് മിഷൻ പരിശീലനം കൊടുക്കുന്നു.

...............തുടരും...................

➤ [ 2008ൽ ഒഡിഷയിലെ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്' ഈ പരമ്പര]

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »