News - 2025

കന്ധമാൽ കലാപം; നീതി ലഭിക്കാതെ മുണ്ട ബഡമാജി വിടവാങ്ങി

പ്രവാചകശബ്ദം 16-03-2025 - Sunday

കന്ധമാല്‍: ഒഡീഷയില്‍ കന്ധമാല്‍ കലാപവുമായി ബന്ധപ്പെട്ട് പ്രതിചേർക്കപ്പെട്ട മുണ്ട ബഡമാജി നീതി ലഭിക്കാതെ വിടവാങ്ങി. 2008ൽ ഹൈന്ദവ നേതാവ് സ്വാമി ലക്ഷ്‌മണാനന്ദ സരസ്വതിയെയും നാല് സഹപ്രവർത്തകരെയും മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് നിരക്ഷരനും ഭിന്നശേഷിക്കാരനുമായ മുണ്ട ബഡമാജി ഉൾപ്പെടെ പ്രദേശത്തെ ക്രൈസ്തവരായ ഏഴുപേരെ പ്രതിചേർത്തത്.

കൊലപാതകത്തിന്റെ ഉത്തരവാദിത്വം മാവോയിസ്റ്റുകൾ ഏറ്റെടുത്തെങ്കിലും മുണ്ട ബഡമാജി ഉൾപ്പെടെ ഏഴു ക്രൈസ്‌തവരെ രാത്രിയിൽ പോലീസ് വീടു വളഞ്ഞ് ഉറക്കത്തിൽനിന്ന് വിളിച്ചുണർത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. 11 വർഷത്തെ ജയിൽവാസത്തിനുശേഷം 2019ൽ ഇവർക്കു സുപ്രീംകോടതി ജാമ്യം നൽകിയെങ്കിലും ഇവരുടെ അപ്പീലിന്മേൽ 12 വർഷം കഴിഞ്ഞിട്ടും ഒഡീഷ ഹൈക്കോടതി തീരുമാനമെടുത്തിട്ടില്ല. ഇതിനിടെയാണ് പക്ഷാഘാതം പിടിപെട്ടു കിടപ്പിലായിരുന്ന മുണ്ട ബഡമാജിയുടെ അന്ത്യം.

ഫെബ്രുവരി 7ന് കന്ധമാലിൽവെച്ച് മുണ്ട ബഡമാജിയെ കണ്ടിരുന്നുവെന്ന് കന്ധമാലിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ തുറന്നുക്കാട്ടിയ പ്രമുഖ മാധ്യമ പ്രവർത്തകൻ ആന്റോ അക്കര പറഞ്ഞു. പക്ഷാഘാതം ബാധിക്കുകയും ചിരിക്കാൻ പോലും കഴിയാതാകുകയും ചെയ്ത അദ്ദേഹത്തെക്കുറിച്ച് വളരെ ദുഃഖമുണ്ടായിരിന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുണ്ട ബഡമാജിയുടെ വിടവാങ്ങലോടെ അന്യായമായി കേസില്‍ അകപ്പെട്ട് നീതി ലഭിക്കാത്ത ആറു പേരാണ് ഇനി അവശേഷിക്കുന്നത്.

⧪ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്നുള്ള വിവിധ ഭാഗങ്ങള്‍ പ്രവാചകശബ്ദത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്: അത് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »