Seasonal Reflections - 2024
ജോസഫ്: ദൈവപിതാവ് എന്ന കലാകാരന്റെ പ്രിയപ്പെട്ട സൃഷ്ടി
ഫാ. ജെയ്സണ്‍ കുന്നേല്‍/ പ്രവാചകശബ്ദം 28-06-2021 - Monday
ജൂൺ 28 സഭാപിതാവായ വിശുദ്ധ ഇരണേവൂസിന്റെ തിരുനാൾ ആണ്. യോഹന്നാൻ അപ്പസ്തോലന്റെ ശിഷ്യനായിരുന്ന സ്മിർനയിലെ പോളികാർപ്പിന്റെ വിദ്യാർത്ഥിയായിരുന്നു ഇരണേവൂസ്.പിന്നീട് റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഗാളിലെ മെത്രാനായി തീർന്നു. വിശുദ്ധ ഇരണേവൂസിന്റെ ഒരു ഉദ്ധരണിയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം.
"മനുഷ്യാ, നീ ദൈവത്തിന്റെ കര വേലയാണ്. അതിനാൽ ഏതു സമയത്തും നിന്റെ കലാകാരന്റെ കൈ പ്രതീക്ഷിക്കുക. മൃദുവും സന്നദ്ധവുമായ ഒരു ഹൃദയം അവനിലേക്ക് കൊണ്ടുവരിക, കലാകാരൻ നിനക്കു നൽകിയ രൂപം നിലനിർത്തുക.... അവന്റെ വിരലുകളുടെ മുദ്ര നീ സൂക്ഷിച്ചാൽ നീ പൂർണതയിലേക്ക് ഉയരും."
ദൈവപിതാവ് എന്ന കലാകാരന്റെ പ്രിയപ്പെട്ട സൃഷ്ടിയായിരുന്ന യൗസേപ്പിതാവ് കലാകാരൻ തനിക്കു നൽകിയ രൂപം ഏതു സാഹചര്യത്തിലും അതിന്റെ തനിമയിൽ നിലനിർത്തി. അവന്റെ വിരലുകളുടെ മുദ്ര യൗസേപ്പിതാവ് നിരന്തരം സൂക്ഷിച്ചതിനാൽ അവൻ പൂർണ്ണതയിലേക്കു വളർന്നു. നമ്മളും ദൈവത്തിന്റെ പ്രിയപ്പെട്ട കലാരൂപങ്ങളാണ്, സ്രഷ്ടാവിന്റെ നമ്മുടെ മേലുള്ള മുദ്രയെപ്പറ്റി നിരന്തരം ബോധവാന്മാരായി യൗസേപ്പിതാവിനെപ്പോലെ പൂർണ്ണതയിലേക്കു നമുക്കു വളരാം.