Youth Zone
ടിക് ടോക്കിന്റെ പ്രഥമ ‘റൈസിംഗ് സ്റ്റാര്‍’ അവാര്‍ഡിനു അര്‍ഹരായവരില്‍ കത്തോലിക്ക വൈദികനും
പ്രവാചകശബ്ദം 10-07-2021 - Saturday
മനില: ഫിലിപ്പീന്‍സിൽ ആദ്യമായി “ഇപാകിത മോ” (ഷോ ഇറ്റ്) എന്ന പ്രമേയവുമായി സമൂഹമാധ്യമങ്ങളിലൂടെ സംഘടിപ്പിച്ച ടിക് ടോക് അവാര്‍ഡിനര്‍ഹരായവരില്‍ മനില അതിരൂപതയില്‍ സേവനം ചെയ്യുന്ന യുവ കത്തോലിക്ക വൈദികനും. 'ഫാ. ടിക് ടോക്' എന്ന വിളി പേരുള്ള ഫാ. ഫിയേല്‍ പരേജയ്ക്കാണ് ‘റൈസിംഗ് സ്റ്റാര്‍’ വിഭാഗത്തില്‍ അവാര്‍ഡിന് അര്‍ഹനായിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈ നാലിന് ടിക് ടോക്ക്, യൂട്യൂബ്, ഫേസ്ബുക്ക് എന്നീ സമൂഹമാധ്യമങ്ങളിലെ ‘ടിക് ടോക്ക് ഫിലിപ്പീന്‍സ്’ എന്ന പേജിലൂടെ സംഘടിപ്പിച്ച അവാര്‍ഡിനര്‍ഹരായവരില്‍ ഫാ. പരേജക്ക് പുറമേ യൂട്യൂബ് താരങ്ങളും, കോമേഡിയനും, ബോയ് ബാന്‍ഡും ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷമാണ് ഫാ. പരേജ തന്റെ ടിക് ടോക് അക്കൌണ്ട് ആരംഭിക്കുന്നത്. ഏതാണ്ട് 11 ലക്ഷം പേരാണ് നിലവില്‍ അദ്ദേഹത്തെ ഫോളോ ചെയ്യുന്നത്.
ബൈബിള്‍ വിചിന്തനങ്ങളും, പ്രാര്‍ത്ഥനകളും, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമാണ് അദ്ദേഹം പോസ്റ്റ് ചെയ്യുന്നതെങ്കിലും, സമൂഹ മാധ്യമ ചലഞ്ചുകളിലും അദ്ദേഹം പങ്കെടുക്കാറുണ്ട്. ‘വൈപ് ഇറ്റ് ഡൌണ്‍’ ചലഞ്ചില്‍ പോസ്റ്റ് ചെയ്ത വീഡിയോ അദ്ദേഹത്തെ അവാര്‍ഡിനര്‍ഹനാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിചെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഒരു കണ്ണാടിക്ക് മുന്നില്‍ നില്‍ക്കുന്ന ഫാ, പരേജ തുണികൊണ്ട് കണ്ണാടി തുടക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഓരോ തവണ അദ്ദേഹം കണ്ണാടി തുടക്കുമ്പോഴും ഓരോ പുതിയ വസ്ത്രത്തിലാണ് കണ്ണാടിയില്‍ അദ്ദേഹത്തെ കാണുന്നത്. ഈ വീഡിയോ പതിനായിരകണക്കിന് ആളുകളാണ് കണ്ടത്.
അതേസമയം 90 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ബൈബിള്‍ വിചിന്തനങ്ങള്‍ ലക്ഷകണക്കിന് ആളുകള്‍ കാണുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. തന്റെ സ്വന്തം ഭാഷയിലും, ഇംഗ്ലീഷിലുമായി കത്തോലിക്ക ഉള്ളടക്കമുള്ള നിരവധി വീഡിയോകളാണ് ഫാ. പരേജ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഒരു വൈദികനായതിനാല്‍ തന്നെ ജനങ്ങള്‍ തന്നെ സ്വീകരിക്കുമോ എന്ന ഭയമുണ്ടായിരുന്നതിനാല്‍ ടിക് ടോക്കില്‍ അക്കൗണ്ട് തുറക്കുന്നതിനെക്കുറിച്ച് താന്‍ ആദ്യകാലങ്ങളില്‍ ചിന്തിച്ചിരുന്നില്ലെന്നു ‘റാപ്പ്ളര്‍’ എന്ന ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ മീഡിയയും ദൈവത്തിന്റെ സമ്മാനം തന്നെയാണെന്ന്‍ പറയുന്ന ഫാ. പരേജ ഈ നേട്ടത്തിനിടയിലും തന്റെ എളിമ കൈവിടുന്നില്ല. “ഇതെല്ലാം എനിക്ക് വേണ്ടിയല്ല, ദൈവവചനം സ്വീകരിക്കുന്ന ആളുകള്‍ക്ക് വേണ്ടിയുള്ളതാണ്” എന്നാണ് തന്റെ വീഡിയോകളെക്കുറിച്ച് അദ്ദേഹത്തിന് പറയുവാനുള്ളത്. കോവിഡ് പകര്‍ച്ചവ്യാധിക്കാലത്ത് സുവിശേഷങ്ങളേയും, സങ്കീര്‍ത്തനങ്ങളേയും ആസ്പദമാക്കി അദ്ദേഹം നിര്‍മ്മിച്ച ചെറു വീഡിയോകള്‍ വന്‍ തരംഗമായിരിന്നു. പത്തുലക്ഷം ആളുകള്‍ കണ്ട വീഡിയോകളും ഇവയില്‍ ഉള്‍പ്പെടുന്നു.