Youth Zone
9 വര്‍ഷം, 10000 പേജ്: സമ്പൂര്‍ണ്ണ ബൈബിള്‍ സ്വന്തം കൈപ്പടയില്‍ എഴുതി ഡൗൺ സിൻഡ്രോമുള്ള അമേരിക്കന്‍ യുവതി
പ്രവാചകശബ്ദം 05-08-2021 - Thursday
സൗത്ത് കരോളിന: ഒന്‍പതു വര്‍ഷം കൊണ്ട് സമ്പൂര്‍ണ്ണ ബൈബിള്‍ സ്വന്തം കൈപ്പടയില്‍ എഴുതി തീര്‍ത്ത ഡൗൺ സിൻഡ്രോമുള്ള അമേരിക്കന്‍ യുവതി വാര്‍ത്തകളില്‍ ഇടംനേടുന്നു. സൗത്ത് കരോളിനയിലെ കരോളിന്‍ കാംപെല്‍ എന്ന ഇരുപത്തിയെട്ടുകാരിയായ യുവതിയാണ് 9 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വന്തം കൈപ്പടയില്‍ എഴുതിത്തുടങ്ങിയ ബൈബിള്‍ ഒടുവില്‍ പൂര്‍ത്തികരിച്ചിരിക്കുന്നത്. 2012-ല്‍ ആരംഭിച്ച ഉദ്യമം ഇക്കഴിഞ്ഞ ജൂണിലാണ് പൂര്‍ത്തിയാക്കിയത്. അമേരിക്കന്‍ സ്റ്റാന്‍ഡേര്‍ഡ് ബൈബിളിലെ 7,82,815 വാക്കുകളും കരോളിന്‍ സ്വന്തം കൈപ്പടയില്‍ എഴുതിക്കഴിഞ്ഞു. 43 ബൈന്‍ഡിംഗുകളിലായി പതിനായിരത്തിലധികം പേജുകള്‍ കരോളിന്‍ എഴുതിയിട്ടുണ്ടെന്നു അമ്മ ജെന്നിഫര്‍ ‘ക്രിസ്റ്റ്യന്‍ ടുഡേ’യോട് വെളിപ്പെടുത്തി.
തന്റെ ഉദ്യമം ആരംഭിച്ച ശേഷം കരോളിന്‍ ഒരുദിവസം പോലും മുടക്കിയിട്ടില്ലെന്നും, ഏത് സാഹചര്യമായാലും ദിവസവും രണ്ടു മണിക്കൂര്‍ വീതം കരോളിന്‍ ഇതിനായി ചെലവഴിച്ചിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കരോളിന്റെ കയ്യെഴുത്ത് ബൈബിള്‍ ഇതിനോടകം തന്നെ മാധ്യമങ്ങളില്‍ വാര്‍ത്തയായിക്കഴിഞ്ഞിരിക്കുകയാണ്. ബൈബിള്‍ പഠിക്കുവാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യവും തന്റെ ഈ പദ്ധതിക്ക് പിന്നിലുണ്ടെന്നാണ് കരോളിന്‍ പറയുന്നത്. വീട് വൃത്തിയാക്കുന്നതിനിടയില്‍ കരോളിന്റെ പിതാവായ കെന്നി കൈകൊണ്ടെഴുതിയ പേപ്പറുകള്‍ കാണുവാനിടയായതാണ് സമ്പൂര്‍ണ്ണ ബൈബിള്‍ എഴുത്തിന് പ്രേരകമായി മാറിയത്. അത് തന്റെ മകളുടെ കൈപ്പടയാണെന്നും എഴുതിയിരിക്കുന്നത് ബൈബിളിലെ വാക്യങ്ങളാണെന്നും മനസ്സിലാക്കിയ കെന്നി ബൈബിള്‍ പൂര്‍ണ്ണമായി എഴുതുവാന്‍ മകള്‍ക്ക് ആത്മ വിശ്വാസം പകരുകയായിരിന്നു.
ബുദ്ധിമാന്ദ്യമുള്ള ഒരു കുട്ടിയുടെ മാതാപിതാക്കളായ തങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു പ്രധാനപ്പെട്ട കാര്യമാണെന്നാണ് കെന്നിയും ജെന്നിഫറും പറയുന്നത്. കരോളിനെ കുറിച്ച് തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും കര്‍ത്താവിന്റേയും, തങ്ങളുടെ ദേവാലയത്തിന്റേയും ഒരു വലിയ സാക്ഷ്യമാണ് കരോളിനെന്നും ബ്യൂഫോര്‍ട്ട് ബൈബിള്‍ ചര്‍ച്ചിലെ പാസ്റ്റര്‍ കാള്‍ ബ്രോഗ്ഗി വെളിപ്പെടുത്തി. ആളുകള്‍ക്ക് ദൈവവുമായി ബന്ധപ്പെടുന്നതിന് വിവിധ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്നതിന്റെ ഉദാഹരണമാണ് കരോളിന്റെ ബൈബിളെന്നാണ് ലോസ് ഏഞ്ചലസിലെ ബിലൗഡ് എവരിബഡി ചര്‍ച്ച് പാസ്റ്ററും, ‘വൈകല്യവും, യേശുവിന്റെ മാര്‍ഗ്ഗവും’ എന്ന പുസ്തകത്തിന്റെ രചയിതാവുമായ ബെഥനി മക്കിന്നി ഫോക്സ് പറയുന്നത്. “ആളുകള്‍ പലപ്പോഴും കഴിവുകള്‍ കാണാതെ കുറവുകളില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. ദൈവം തങ്ങള്‍ക്കൊരു കഴിവ് നല്‍കിയിട്ടുള്ള വിവരം അവര്‍ക്കറിയില്ല”- കരോളിന്റെ പിതാവ് കെന്നി പറയുന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക