Seasonal Reflections - 2024

ജോസഫ്: എല്ലാം അറിയുന്ന ദൈവത്തിൽ ജീവിത മൂല്യം കണ്ടെത്തിയവൻ

ഫാ. ജെയ്സണ്‍ കുന്നേല്‍/ പ്രവാചകശബ്ദം 13-08-2021 - Friday

അൾത്താര ബാലന്മാരുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ ജോൺ ബർക്കുമൻസിൻ്റെ (1599-1621) തിരുനാൾ ദിനമാണ് ആഗസ്റ്റു മാസം പതിമൂന്നാം തീയതി. കേവലം ഇരുപത്തു രണ്ടു വർഷം മാത്രം ഭൂമിയിൽ ജീവിച്ച് സ്വർഗ്ഗീയ ഭവനത്തിലേക്കു യാത്രയായ ബർക്കുമൻസ് മരണക്കിടയിൽ തൻ്റെ കുരിശു രൂപവും, ജപമാലയും ജീവിത നിയമവും ഹൃദയത്തോടു ചേർത്തുപിടിച്ചുകൊണ്ടു പറഞ്ഞു :ഇവ മൂന്നും എൻ്റെ മൂന്നു നിധികളാണ്, ഇവ പിടിച്ചു കൊണ്ട് സന്തോഷമായി എനിക്കു മരിക്കണം." സ്വർഗ്ഗം കണ്ടു ജീവിച്ച ഈ യുവ വിശുദ്ധൻ മറ്റൊരിക്കൽ പറഞ്ഞു: "മനുഷ്യർ നമ്മളെക്കുറിച്ച് എന്തു ചിന്തിക്കുന്നു എന്നതിലല്ല നമ്മുടെ യഥാർത്ഥ മൂല്യം. ദൈവത്തിനു നമ്മളെക്കുറിച്ച് എന്തറിയാം എന്നതിലാണ് നമ്മുടെ യഥാർത്ഥ മൂല്യം."

മറ്റുള്ളവർ എന്നെപ്പറ്റി എന്തും വിചാരിക്കും എന്ന മാനദണ്ഡത്തിൽ ജീവിതം ക്രമപ്പെടുത്തുന്നവരാണ് ഭൂരിഭാഗം മനുഷ്യരും. ദൈവം എന്തു വിചാരിക്കും എന്ന ചിന്ത പലപ്പോഴും അവർക്കില്ല. യൗസേപ്പിതാവിൻ്റെ ജീവിതത്തിലേക്കു നോക്കുമ്പോൾ മറ്റു മനുഷ്യർ തന്നെക്കുറിച്ച് എന്തു വിചാരിക്കും എന്ന ചിന്ത അദ്ദേഹത്തെ ഒട്ടും അലട്ടിയിരുന്നില്ല എന്നു കാണാം. തന്റെ ഉള്ളറിയുന്ന ദൈവത്തെ അറിഞ്ഞിരുന്ന യൗസേപ്പിതാവ് ദൈവഹിതമനുസരിച്ച് അനുദിനം മുന്നോട്ടു നീങ്ങി.

മറിയത്തെ രഹസ്യമായി ഉപേക്ഷിക്കാൻ തീരുമാനിക്കുന്നത് മനുഷ്യർ എന്തു ചിന്തിക്കും എന്ന മാനദണ്ഡത്തിലല്ല."അവളുടെ ഭര്‍ത്താവായ ജോസഫ്‌ നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്‌ടപ്പെടായ്‌കയാലും അവളെ രഹസ്യമായി ഉപേക്‌ഷിക്കാന്‍ തീരുമാനിച്ചു. " (മത്തായി 1 : 19 ) ഞാൻ അങ്ങനെ ചെയ്താൽ മറ്റുള്ളവർ എന്തു വിചാരിക്കും എന്ന മാനദണ്ഡത്തിൽ ദൈവത്തോടും സത്യവിശ്വാസത്തോടും കൂറു പുലർത്താൻ വൈമനസ്യം കാണിക്കുന്നവർക്കുള്ള തുറന്ന വെല്ലുവിളിയാണ് ദൈവത്തിനു നമ്മളെക്കുറിച്ച് എല്ലാം അറിയാം എന്ന മാനദണ്ഡത്തിൽ ജീവിതം ചിട്ടപ്പെടുത്തിയ യൗസേപ്പിതാവ്.

More Archives >>

Page 1 of 25