News - 2025

മുറിവേറ്റ മൊസാംബിക്കിലെ ജനങ്ങളെ ചേര്‍ത്ത് പിടിച്ച കർദ്ദിനാൾ അലെസാന്ത്രെ മരിയ വിടവാങ്ങി

പ്രവാചകശബ്ദം 01-10-2021 - Friday

മാപുടോ: ആഭ്യന്തര കലാപം മുറിവേല്‍പ്പിച്ച മൊസാംബിക്കിലെ ജനങ്ങളെ ചേര്‍ത്ത് പിടിച്ച കർദ്ദിനാൾ അലെസാന്ത്രെ മരിയ ദൊസ് സാന്തൊസ് വിടവാങ്ങി. 97 വയസ്സായിരുന്നു. നീണ്ടകാല ആഭ്യന്തര കലാപം സൃഷ്ട്ടിച്ച പ്രതിസന്ധികള്‍ക്ക് ഇടയില്‍ ജനങ്ങളെ ചേർത്തുപിടിച്ചുകൊണ്ട് പ്രാദേശികസഭയുടെ വളർച്ചയ്ക്കായും 1992-ൽ കലാപം അവസാനിച്ചതിനെ തുടർന്ന് ദേശീയ അനുരഞ്ജനത്തിനായും പരിശ്രമിച്ച തീക്ഷ്ണതയുള്ള ഇടയനായിരുന്ന കർദ്ദിനാൾ അലെസാന്ത്രെ ജൊസെ മരിയ ദൊസ് സാന്തൊസ്. കര്‍ദ്ദിനാളിന്റെ മരണത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി, സുവിശേഷത്തിൻറെയും സഭയുടെയും അക്ഷീണ ശുശ്രൂഷകനായിരുന്നു കർദ്ദിനാൾ അലെസാന്ത്രെയെന്ന് ഫ്രാൻസിസ് പാപ്പ അനുസ്മരിച്ചു. അതിരൂപതയുടെ ആർച്ച്ബിഷപ്പ് ഫ്രാൻസിസ്കൊ ചിമോയിയൊയ്ക്കയച്ച അനുശോചന സന്ദേശത്തിൽ .കര്‍ദ്ദിനാളിന്റെ ആത്മശാന്തിക്കായി ഫ്രാന്‍സിസ് പാപ്പ പ്രാര്‍ത്ഥനകള്‍ വാഗ്ദാനം ചെയ്തു.

1924 മാർച്ച് 18നു ത്സവാല എന്ന സ്ഥലത്താണ് കര്‍ദ്ദിനാളിന്റെ ജനനം. 1947-ൽ ഫ്രാൻസിസ്ക്കൻ സമൂഹത്തിൽ ചേർന്ന അദ്ദേഹം 1953-ൽ പൗരോഹിത്യം സ്വീകരിക്കുകയും 1975 മാർച്ച് 9ന് മാപുടോ അതിരൂപതയുടെ ആർച്ച്ബിഷപ്പായി അഭിഷിക്തനാകുകയും 1988 ജൂൺ 28-ന് കർദ്ദിനാളായി ഉയർത്തപ്പെടുകയും ചെയ്തു. മൈനർ സെമിനാരിയുടെ റെക്ടർ, മൊസാംബിക്കിലെ കാരിത്താസിൻറെ കീഴിൽ അഭയാർത്ഥികൾക്കും വരൾച്ചയ്ക്കിരകളായവർക്കും വേണ്ടിയുള്ള സ്ഥാപനത്തിൻറെ പ്രസിഡൻറ് തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുള്ള കർദ്ദിനാൾ അലെസാന്ത്രെ ജൊസെ ആഫ്രിക്കയുടെ മാതാവായ നമ്മുടെ നാഥയുടെ ഫ്രാൻസിസ്കൻ സഹോദരികളുടെ സന്ന്യാസിനി സമൂഹത്തിൻറെ സ്ഥാപകനുമാണ്. കർദ്ദിനാൾ അലെസാന്ത്രെ ജൊസെ മരിയ ദൊസ് സാന്തൊസിൻറെ നിര്യാണത്തോടെ കത്തോലിക്കാസഭയിലെ കർദ്ദിനാളന്മാരുടെ അംഗസംഖ്യ 216 ആയി താണു. ഇവരിൽ 121 പേർ മാർപാപ്പായെ തിരഞ്ഞെടുക്കുന്നതിന് 80 വയസിന് താഴെ സമ്മതിദാനാവകാശം ഉള്ളവരാണ്.


Related Articles »