News

രക്തസാക്ഷ്യത്തിന്റെ നൂറാം വാർഷികത്തിൽ സിറിയൻ ബിഷപ്പ് വാഴ്ത്തപ്പെട്ടവൻ.

ജേക്കബ് സാമുവേൽ 13-08-2015 - Thursday

1915-ൽ ക്രിസ്ത്യൻ ന്യൂന പക്ഷത്തിനെതിരായി നടമാടിയ ഓട്ടോമൻ സാമ്രാജ്യ കൂട്ടക്കൊലയിൽ ഉൾപെട്ട സിറിയൻ കത്തോലിക്കാ ബിഷപ്പ്, ഫ്ലേവിയൻ മൈക്കൽ മാല്കെയുടെ വധം, രക്തസാക്ഷിത്വമായി അംഗീകരിച്ച് കൊണ്ട് ഫ്രാൻസിസ് മാർപാപ്പ ഉത്തരവിറക്കി. പുണ്യവാള ത്യാഗചരിത്ര-പഠനസംഘത്തിന്റെ പ്രസിഡന്റ് ആയ കർദ്ദിനാൾ ആഞ്ഞലോ അമോത്തയും പോപ്പ് ഫ്രാൻസിസും, ഓഗസ്റ്റ് 8-ന്‌ നടത്തിയ കൂടിക്കാഴ്ചയിലാണ്‌ ഈ തീരുമാനം കൈകൊണ്ടത്.

മൈക്കൽ മാല്കെയുടെ രക്തസാക്ഷിത്വത്തിന്റെ നൂറാം വാർഷിക ദിനമായ ഓഗസ്റ്റ് 29-നായിരിക്കും വാഴ്ത്തപ്പെടൽ ചടങ്ങ് നടക്കുക. അന്തോക്യൻപാത്രിയാർക്കീസ്, ഇഗ്നേഷ്യസ് യൂസെഫ് യൂനാൻ മൂന്നാമനായിരിക്കും, ലബനോനിലെ വിമോചക മാതാവിന്റെ മഠത്തിൽ വച്ച് ഇതിലേക്കുള്ള പ്രത്യേക തിരുക്കർമ്മങ്ങൾ നടത്തുക.സിറിയയിൽ നിന്നും ഇറാക്കിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റിനാൽ നാടുകടത്തപ്പെട്ട ആയിരങ്ങൾ ചടങ്ങിൽ സംബന്ധിക്കുന്നതാണ്‌.

“ഭീകരമായ പരീക്ഷണങ്ങൾ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന സിറിയായിലും ഇറാക്കിലുമുള്ള ക്രിസ്ത്യാനികൾക്ക്, തങ്ങളുടെ സ്വന്തം ഒരു രക്തസാക്ഷിയെ വാഴ്ത്തപ്പെട്ടവനാക്കുന്നു എന്ന വാർത്ത തികച്ചും ആശ്വാസകരവും പ്രോൽസാഹനജനകവുമാണ്‌“. അന്ത്യോക്യയിലെ പാത്രയാർക്കീസ് ആസ്ഥാനത്ത് നിന്നും ഓഗസ്റ്റ് 9-നിറങ്ങിയ പ്രസ്താവന ചൂണ്ടിക്കാണിക്കുന്നു.

ഓട്ടോമൻ സാമ്രാജ്യത്തിലെ, അതായത് ഇപ്പോഴത്തെ ടർക്കിയിലെ, കലാത്ത്മാറാ എന്ന ഗ്രാമത്തിലെ ഒരു സിറിയൻ ഓർത്തഡോക്സ് കുടുംബത്തിലാണ്‌ 1958-ൽ മാല്ക്കെ ജനിച്ചത്. സിറിയൻ ഓർത്തഡോക്സ് സഭയുടെ സന്യാസാശ്രമത്തിൽ ഒരു ശെമ്മാശ്ശനായി ചേർന്ന അദ്ദേഹം, താമസിയാതെ സിറിയൻ കത്തോലിക്കാ സഭയിലേക്ക് മാറി. (സിറിയൻ ഓർത്തഡോക്സ് സഭയും സിറിയൻ കത്തോലിക്കാ സഭയും ഒരേപോലെ പടിഞ്ഞാറൻ സിറിയറീത്തുകാരാണ്‌.)

സഭ മാറിയ ശേഷം, 1883-ൽ അദ്ദേഹം അലപ്പോയിലെ വികാരിയായി അഭിഷിക്തനായി. ‘വിശുദ്ധ എഫ്രേം കൂട്ടായ്മ’യിലെ ഒരംഗമായി, തെക്ക് കിഴക്കൻ തുർക്കിയിലെ തന്റെ വീടിന്‌ സമീപത്തുള്ള പല ഇടവകകളിലും അദ്ദേഹം സേവനം അനുഷ്ഠിച്ചു.

ക്രൂരമായ ഓട്ടോമൻ പീഡനം ആരഭിച്ചത് 1894-നും 1897-നുമിടക്കാണ്‌. 1895-ൽ മൽക്കെയുടെ പള്ളിയും കുടുംബവും കൊള്ളയടിക്കപ്പെട്ട ശേഷം തീവച്ച് നശിപ്പിച്ചു. സ്വന്തം മാതാവുൾപ്പടെ അദ്ദേഹത്തിന്റെ ധാരാളം ഇടവകാംഗങ്ങൾ വധിക്കപ്പെട്ടു. ആകെ, 80,000-നും 3 ലക്ഷത്തിനുമിടയിൽ ജനങ്ങൾ ഈ കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടു.

ഒരു സ്ഥാനിക മെത്രാൻ ആയി ക്രിസ്ത്യൻ ഗ്രാമങ്ങൾ പുന:നിർമ്മിച്ചു കൊണ്ടിരുന്ന വേളയിൽ , 1913-ൽ അദ്ദേഹത്തെ ബിഷപ്പായി വാഴിച്ചു-ജസീറാ രൂപതയുടെ തലവനായുള്ള ചുമതലയിൽ (ദിയാർ ബക്കീറിൽ നിന്നും 150 മൈൽ തെക്ക് കിഴക്കായുള്ള ഇപ്പോഴത്തെ സിസ്റ്റേയിൽ)

ഓട്ടോമെൻ സാമ്രാജ്യത്തിന്റെ രണ്ടാം പീഢനം ആരംഭിച്ചത് 1915-ഏപ്രിലിലാണ്‌. ‘അർമേനിയൻ കൂട്ടക്കൊല’ എന്നാണ്‌ ഇതറിയപ്പെടുന്നത്. സാമ്രാജ്യത്തിലുള്ള അർമേനിയക്കാർ, അസ്സീറിയക്കാർ, ഗ്രീക്ക്കാർ അടങ്ങിയ ക്രിസ്ത്യൻ നൂനപക്ഷങ്ങളെയാണ്‌ അപ്പോൾ ലക്ഷ്യം വച്ചത്. സിറിയൻ കൽദീനിയൻ ക്രിസ്ത്യാനികളെ കൊന്നൊടുക്കിയ ‘അസ്സീറിയൻ കൂട്ടക്കൊല’, ‘സെയ്ഫോ കൂട്ടക്കൊല’യെന്നും അറിയപ്പെടുന്നു. (സിറിയക്കിൽ ‘സെയ്ഫോ എന്ന വാക്കിന്റെ അർത്ഥം, ’വാൾ‘-എന്നാണ്‌.) ഇതിൽ 15 ലക്ഷം ക്രിസ്ത്യാനികൾ കൊല്ലപ്പെടുകയും അതിലേറെപേർ നാടുവിട്ടുപോകുകയും ചെയ്തിട്ടുണ്ട്.

1915-ലെ വസന്തകാലത്ത് ജസീറക്കടുത്തുള്ള ഇദിൽ ജില്ലയിലായിരുന്ന ബിഷപ്പ് മാൽക്കെ, ഓട്ടോമെൻ സൈന്യം ജസ്സീറക്ക് നേരെ തിരിഞ്ഞിരിക്കുന്നു എന്നറിഞ്ഞപ്പോൾ, ജസ്സീറയിലേക്ക് മടങ്ങുകയായിരുന്നു.

ജസ്സീറയിൽ നിന്നും രക്ഷപെട്ട് ഏതെങ്കിലും ഒളിത്താവളത്തിലേക്ക് ഓടിപ്പോകാൻ, തന്റെ സുഹൃത്തുക്കൾ നിർബന്ധിച്ചപ്പോൾ “എന്റെ ആടുകൾക്ക് വേണ്ടി, എന്റെ രക്തം പോലും ഞാൻ ചീന്തും” എന്ന് അദ്ദേഹം പറഞ്ഞതായിട്ടാണ്‌ പാത്രിയാർക്കീസ് ആസ്ഥാനത്തുള്ള രേഖകൾ സൂചിപ്പിക്കുന്നത്.

രൂപതയിലെ നാല്‌ വികാരിയച്ചന്മാർക്കും, ജസ്സീറയിലെ കൽദായ പിതാവ്‌, ഫിലിപ്പ്-ജാക്കസ് എബ്രഹാമിനൊപ്പം, അദ്ദേഹം പിടിക്കപ്പെടുകയും രണ്ട് മാസം ജയിലിലടക്കപ്പെടുകയും ചെയ്തു.

ഇസ്ലാമിലേക്ക് മത:പരിവർത്തനം ചെയ്യാൻ വിസമ്മതിച്ച ബിഷപ്പ് മാല്ക്കെ 1915 ആഗസ്റ്റ് 29-ന്‌ വധിക്കപ്പെട്ടു.

ജസ്സീറയിലെ അവസാനത്തെ ബിഷപ്പാണ്‌ മാല്ക്കെ!-അദ്ദേഹത്തിന്റെ മരണ ശേഷം രൂപത അടിച്ചമർത്തപ്പെട്ടു; ഇന്ന് ടർക്കിയിൽ സിറിയൻ കത്തോലിക്കാ സഭയുടെ യാതൊരു സാന്നിദ്ധ്യവും ഇല്ല.

ആഗസ്റ്റ് 8-ന്‌ വത്തിക്കാൻ റേഡിയോയുമായുള്ള ഒരു അഭിമുഖത്തിൽ, ഫാ: റാമി അൽ കബലാൻ, (ബിഷപ്പ് മാല്ക്കെയുടെ ത്യാഗ ചരിത്രപഠനത്തിന്റെ പ്രസിഡന്റ്) അദ്ദേഹത്തിന്റെ ആഴമേറിയ ആത്മീയ ജീവിതത്തെക്കുറിച്ചും അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന്‌ ഇന്നുള്ള പ്രസക്തിയേയും കുറിച്ച് ദീർഘമായി സംസാരിച്ചു. “ബിഷപ്പ് മാല്ക്കെ ഒരു സ്വയം പ്രേരിത ദാരിദ്ര ജീവിതം നയിച്ചു; തന്റെ അപ്പോസ്തോലിക ശുശ്രൂഷയിൽ തീക്ഷ്ണതയുള്ളവനായിരുന്ന അദ്ദേഹം തന്റെ രൂപതയിലെ മുഴുവൻ ഇടവകകളും സന്ദർശിച്ച് എന്നും സാധുക്കളുടെ ഉറ്റ തോഴനായി ജീവിച്ചു. തന്റെ ക്രിസ്തീയ വിശ്വാസം വെടിഞ്ഞ് ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിതനായപ്പോൾ അദ്ദേഹം ഉരുവിട്ട വാചകം കുറിക്ക് കൊള്ളുന്നതാണ്‌. ‘രക്തം ചൊരിഞ്ഞും ഞാനെന്റെ വിശ്വാസം കാക്കും“.

ഫാ. കബലാൻ തുടർന്നു: "ഇന്ന്‌ അദ്ദേഹത്തിന്റെ മരണം കഴിഞ്ഞ്‌ കൃത്യം 100 വർഷം (1915-2015) തികയുന്ന ഈ അവസരത്തിൽ, അദ്ദേഹത്തിന്റെ വാക്കുകൾ ഒരു പ്രവചന ശബ്ദമായി മുഴങ്ങുന്നു; കാരണം പൗരസ്ത്യ കൃസ്ത്യാനികളായ നാം ഇന്നും പീഢനങ്ങൾക്ക് വിധേയരയായിക്കൊണ്ടിരിക്കുന്നു; ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ. വിശ്വാസം സംരക്ഷിക്കുന്നതിനും വിശ്വാസത്തിൽ ജീവിക്കുന്നതിനും അദ്ദേഹത്തിന്റെ രക്തസാക്ഷിത ചിത്രം നമ്മെ ഉത്തേജിപ്പിക്കുന്നു. എന്റെ അഭിപ്രായത്തിൽ, ഇന്നത്തെ സാഹചര്യത്തിൽ ഈ വാഴ്ത്തപ്പെട്ടവല്ക്കരണ പ്രഖ്യാപനത്തിനു സഭാപരമായ അധിക പ്രാധാന്യമുണ്ട്. അവശേഷിപ്പു പോലുമില്ലാത്തവണ്ണം കൃസ്ത്യൻ സമൂഹം ഇറാക്കിലും മൊസൂളിലും ആക്രമിക്കപ്പെട്ടിരിക്കുന്നു; അലപ്പോയിലേയും അൾകൊരിയാത്തേയിനിലെ ഇപ്പോഴത്തെ അവസ്ഥയും ഒട്ടും വ്യത്യസ്തമല്ല".

ഭാവിയിൽ പ്രത്യാശ ദർശിച്ചുകൊണ്ട് ഫാ.കബലാൻ ഉപസംഹരിച്ചു: "സമാധാനം പുന:സ്ഥാപിക്കാൻ ലോക നേതാക്കളുടെയും അധികാരം കൈകാര്യം ചെയ്യുന്നവരുടെയും മനസ്സുകളെ പ്രകാശിതമാക്കാൻ ദൈവത്തോട് ഞാൻ അപേക്ഷിക്കുന്നു”.

നിരന്തരമായ ഉപവാസത്തിലും അപ്പം മുറിക്കലിലും പ്രാർത്ഥനയിലും മുഴുകിയ ജീവിത രീതിയിൽ കഴിഞ്ഞിരുന്ന ക്രിസ്തു ശിഷ്യരെ ‘ക്രിസ്ത്യാനികൾ’ എന്ന് ആദ്യമായി വിളിക്കപ്പെട്ട സ്ഥലമാണ്‌ അന്തിയോക്യ. യോഹന്നാന്റെ സഹോദരനായ യാക്കോബിനെ വാൾകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയതും ഇതേ സിറിയാ രാജ്യത്താണ്‌. പിന്നീട് പത്രോസിനെ തുരങ്കിലടച്ചു. ദൈവ ദൂതനാൽ ശാക്തീകരിക്കപ്പെട്ടു. ജയിലിലൂടെ നടന്നു നീങ്ങിയപ്പോൾ വെളിയിലെ ഗേറ്റിന്റെ വാതിലുകൾ താനേ തുറക്കപ്പെട്ടതും ( ലോകത്തിലെ ആദ്യത്തെ Remote-Controlled Gate) ‘പത്രോസിന്റെ സിംഹാസനം’ ആദ്യം സ്ഥാപിതമായതും വിശുദ്ധനാടായ അന്തോക്യയിലാണ്‌.

കേരളത്തിലെ യാക്കോബായ സഭയുടെ (സിറിയൻ ഓർത്തഡൊക്സ് സഭ) ആസ്ഥാനവും സിറിയയുടെ തലസ്ഥാനമായ ഡമസ്ക്കസ്സിലാണ്‌.