News
തീവ്രവാദി ആക്രമണത്തിന് 20 വര്‍ഷം: നീതി ലഭിക്കാതെ ബംഗ്ലാദേശിലെ ക്രൈസ്തവ കുടുംബങ്ങള്‍
പ്രവാചകശബ്ദം 24-10-2021 - Sunday
ധാക്ക: ഇരുപതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബംഗ്ലാദേശിലെ ഗോപാൽഗഞ്ച് കത്തോലിക്ക ദേവാലയത്തില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണത്തിനു ഇരകളായവരുടെ കുടുംബങ്ങള്‍ക്ക് നീതി ഇപ്പോഴും അകലെ. ജീവിതപങ്കാളിയെയും പ്രിയപ്പെട്ടവരെയും നഷ്ട്ടപ്പെട്ട നിരവധി പേരുടെ ജീവിതസാഹചര്യം വളരെ ദുസഹമാണെന്ന് യുസിഎ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങളുടെ ജീവിതം കഷ്ടപ്പാടുകളിലൂടെയാണ് കടന്നുപോകുന്നതെന്നും അവസാനമായി ഒരു സാരി വാങ്ങിയതെന്നു ഓര്‍മ്മപോലുമില്ലായെന്നും ആക്രമണത്തില്‍ കൊല്ലപ്പെട്ട സതീഷ് ബിശ്വാസിന്റെ വിധവ ലോലിത ബിശ്വാസ് പറയുന്നു. 2001 ജൂണ്‍ മൂന്നിന് നടന്ന ബോംബ് ആക്രമണത്തില്‍ നിരപരാധികളായ 10 ക്രൈസ്തവര്‍ക്കാണ് ജീവന്‍ നഷ്ട്ടമായത്. 26 പേര്‍ക്ക് പരിക്കേറ്റു.
ഇടവകയുടേയും സ്വന്തക്കാരുടേയും സഹായം കൊണ്ടാണ് തന്റെ മകന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതെന്നും ലോലിത ബിശ്വാസ് നിറകണ്ണുകളോടെ കൂട്ടിച്ചേര്‍ത്തു. തകരം കൊണ്ട് മേഞ്ഞ വീട്ടിലാണ് സതീഷിന്റെ കുടുംബം ഇപ്പോഴും കഴിയുന്നത്. കൊല്ലപ്പെട്ട സുമോണ്‍ എന്ന ഇരുപത്തിനാലുകാരന്റെ വീട് ഇപ്പോഴും മഴപെയ്യുമ്പോള്‍ ചോര്‍ന്നൊലിക്കുന്നു. എങ്കിലും കുറ്റവാളികളെ കണ്ടെത്തി അവര്‍ക്ക് ന്യായമായ ശിക്ഷ നല്‍കുന്നതും കാത്ത് കഴിയുകയാണ് സുമോണിന്റെ പ്രായമായ മാതാപിതാക്കള്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ലക്ഷം ടാകയാണ് ($ 1,169) ഓരോ കുടുംബത്തിനും സര്‍ക്കാര്‍ നല്‍കിയത്. ഇപ്പോള്‍ സര്‍ക്കാരില്‍ നിന്ന് യാതൊരു സഹായവും ലഭിക്കുന്നില്ലെങ്കിലും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായം സഭ നല്‍കിവരുന്നുണ്ട്. ഓരോ ഇരയുടേയും കുടുംബത്തിന് 700 ടാകാ വീതം മാസം തോറും ഇടവക നല്‍കുന്നുണ്ട്.
ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ 7 പേരും തങ്ങളുടെ വീടുകളിലെ ഏക വരുമാന മാര്‍ഗ്ഗമായിരുന്നു. ആക്രമണം കഴിഞ്ഞ് രണ്ടു ദശകങ്ങള്‍ പിന്നിട്ടിട്ടും പോലീസ് ഇതുവരെ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടില്ലെന്നു യു.സി.എ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുവരെ 38 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും അവരാരും തന്നെ കുറ്റം സമ്മതിച്ചിട്ടില്ല. പോലീസിന്റെ നിസംഗത അപലപനീയമാണെന്നു കൊല്ലപ്പെട്ട സതീഷിന്റെ ഇരുപത്തിയൊന്നുകാരനായ മകന്‍ അരുപ് ബിശ്വാസ് പറയുന്നത്. കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി പ്രഖ്യാപിക്കണമെന്ന് അരുപ് സഭയോട് പറയുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ വന്നുപോകുന്നുണ്ടെങ്കിലും കേസില്‍ യാതൊരു പുരോഗതിയുമില്ലെന്ന് ഇടവക വികാരിയായ ഫാ. ജെമൈന്‍ സാഞ്ചെ ഗോമസും പറയുന്നു.
ചോദ്യം ചെയ്യലിനിടയില്‍ ഹര്‍ക്കത്ത് ഉള്‍ ജിഹാദ് അല്‍ ഇസ്ലാം (എച്ച്.യു.ജെ.ഐ) എന്ന തീവ്രവാദി സംഘടനയുടെ തലവനായ മുഫ്തി അബ്ദുള്‍ ഹാനാന്‍ ആക്രമണത്തിന്റെ ബുദ്ധികേന്ദ്രം താനാണെന്ന് സമ്മതിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരെ നിരന്തരം സ്ഥലം മാറ്റുന്നതും ഈ കേസന്വേഷണത്തെ ബാധിച്ചിട്ടുണ്ടെന്നു യു.സി.എ ന്യൂസ് ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏതാണ്ട് 23 പ്രാവശ്യമാണ് ഇവര്‍ സ്ഥലം മാറ്റപ്പെട്ടത്. ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിക്കുവാന്‍ പോലും പോലീസിന് കഴിഞ്ഞിട്ടില്ലെന്നതും വിശ്വാസികളെ വേദനയിലാഴ്ത്തുന്നുണ്ട്.