Faith And Reason - 2025

മിഷന്‍ മാസത്തിൽ വിയറ്റ്നാമിൽ പൗരോഹിത്യ വസന്തം: രാജ്യത്തെ സഭയ്ക്ക് ലഭിച്ചത് 46 നവവൈദികരെ

പ്രവാചകശബ്ദം 29-10-2021 - Friday

ഹോ ചി മിൻ സിറ്റി: മിഷ്ണറിമാരെ പ്രത്യേകമായി അനുസ്മരിച്ച് തിരുസഭ മിഷന്‍ മാസമായി ആചരിക്കുന്ന ഒക്ടോബർ മാസത്തില്‍ വിയറ്റ്നാമിലെ സഭയില്‍ പൗരോഹിത്യ വസന്തം. ഈ മാസം വിയറ്റ്നാമിലെ വിവിധയിടങ്ങളിലായി നടന്ന തിരുപ്പട്ട സ്വീകരണങ്ങളില്‍ 46 വൈദികരാണ് അഭിഷിക്തരായത്. എട്ട് പേർ ഡീക്കൻ പട്ടം സ്വീകരിച്ചു. ഒക്ടോബർ പതിനാറാം തീയതി ഹോ ചി മിൻ നഗരത്തിൽ നടന്ന പൗരോഹിത്യ സ്വീകരണ ചടങ്ങുകൾക്ക് ആർച്ച് ബിഷപ്പ് ജോസഫ് ന്യൂവൻ നാങ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. സെന്റ് ജോസഫ് ആശ്രമത്തിൽ നടന്ന ചടങ്ങിൽ 19 പേർ പൗരോഹിത്യം സ്വീകരിച്ചു. ചുറ്റുമുള്ളവരുമായി ഒരു പ്രത്യേക ബന്ധം സ്ഥാപിക്കുന്ന വ്യക്തിയാണ് ഓരോ പുരോഹിതനുമെന്ന് ആർച്ച് ബിഷപ്പ് ജോസഫ് ന്യൂവൻ ഓര്‍മ്മിപ്പിച്ചു.

ഹോ ചി മിൻ നഗരത്തിൽ തന്നെ നടന്ന മറ്റൊരു ചടങ്ങിൽ സുവാൻ ലോക്ക് രൂപതയുടെ മുൻ മെത്രാൻ ഡിൻഹ് ഡുക്ക് ഡായോ മോസ്റ്റ് ഹോളി റെഡിമർ കോൺഗ്രിഗേഷൻ വേണ്ടി എട്ടുപേർക്ക് പട്ടം നൽകി. റിഡംറ്ററിസ്റ്റ് സഭയ്ക്കുവേണ്ടി 8 ഡീക്കൻമാരെയും മെത്രാൻ അഭിഷേകം ചെയ്തു. കോവിഡ് 19 ആശങ്ക നിലനിൽക്കുന്നതിനാൽ വളരെ കുറച്ച് ആളുകൾ മാത്രമേ ചടങ്ങിൽ പങ്കെടുത്തുള്ളൂ. ദൈവത്തെയും, ദൈവജനത്തെയും സ്നേഹിക്കാനാണ് നവവൈദികര്‍ വിളിക്കപ്പെട്ടിരുന്നതെന്ന് ഡിൻഹ് ഡുക്ക് ഡായോ സന്ദേശത്തിൽ പറഞ്ഞു.

ഉത്തര വിയറ്റ്നാമിലെ ഹുങ് ഹോയ രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റായ ബിഷപ്പ് പീറ്റർ ന്യൂവൻ വാൻ വീൻ ഒക്ടോബർ പതിമൂന്നാം തീയതി 11 ഡീക്കൻമാർക്ക് തിരുപ്പട്ടം നൽകിയിരിന്നു. ഇതു കൂടാതെ ഒക്ടോബർ 18നു ട്രാ കിയുവിലെ മരിയൻ തീർത്ഥാടന കേന്ദ്രം കൂടിയായ ഇടവകയിൽ ആറു പേരും പൗരോഹിത്യ പട്ടം സ്വീകരിച്ചിരിന്നു. വിയറ്റ്നാമിലെ ആകെ ജനസംഖ്യയുടെ ഏഴു ശതമാനമാണ് രാജ്യത്തെ കത്തോലിക്ക വിശ്വാസികള്‍. എഴുപതു ലക്ഷത്തോളം വരുന്ന വിശ്വാസികളാണ് കത്തോലിക്ക വിശ്വാസം പിന്തുടരുന്നത്.


Related Articles »