Faith And Reason - 2025
വിയറ്റ്നാമിലെ സഭയ്ക്ക് ക്രിസ്തുമസ് സമ്മാനം: ഫ്രാൻസിസ് സേവ്യറിന്റെ തിരുനാൾ ദിനത്തില്‍ 38 പേർ തിരുപ്പട്ടം സ്വീകരിച്ചു
പ്രവാചകശബ്ദം 07-12-2021 - Tuesday
ഹനോയ്: ക്രിസ്തുമസ് ഒരുക്കങ്ങളിലേക്കു ആഗോള ക്രൈസ്തവ സമൂഹം പ്രവേശിക്കുമ്പോൾ വിയറ്റ്നാമിലെ സഭയ്ക്കു വലിയ ആഹ്ലാദം പകര്‍ന്നുക്കൊണ്ട് തിരുപ്പട്ട സ്വീകരണം. വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാൾ ദിനമായ ഡിസംബർ മൂന്നാം തീയതി വിവിധ സ്ഥലങ്ങളിലായി 38 നവവൈദികരാണ് തിരുപ്പട്ടം സ്വീകരിച്ച് അഭിഷിക്തരായിരിക്കുന്നത്. ദക്ഷിണ വിയറ്റ്നാമിലെ ബാ റിയ രൂപതാധ്യക്ഷന്‍ ബിഷപ്പ് ഇമ്മാനുവൽ ന്യൂജൻ സെന്റ് ജോസഫ് അക്കാദമിയുടെ ചാപ്പലിൽ നടന്ന ചടങ്ങിൽ 6 ജസ്യൂട്ട് വൈദികർക്കു പൗരോഹിത്യ പട്ടം നൽകിയിരിന്നു. വിശ്വാസി സമൂഹത്തിന് വചനം പകർന്നുനൽകാൻ വേണ്ടിയുള്ള പ്രവാചക ദൗത്യം നിർവഹിക്കാൻ നവവൈദികർക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഹനോയി അതിരൂപതയിൽ 15 പേരാണ് വൈദികരായി അഭിഷേകം ചെയ്യപ്പെട്ടത്. അതിരൂപതാധ്യക്ഷന്‍ ബിഷപ്പ് ജോസഫ് വു വാൻ തീൻ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി. മിഷ്ണറി ദൗത്യത്തിനു വേണ്ടിയാണ് വൈദികർ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം തന്റെ സന്ദേശത്തിൽ നവവൈദികരെ ഓർമിപ്പിച്ചു. ബിഷപ്പ് ജോസഫ് ചാവു എൻജോക്ക് ട്രിയാണ് ലാങ് സൺ രൂപത്തിൽ നടന്ന 9 പേരുടെ പൗരോഹിത്യ സ്വീകരണത്തിന്റെ മുഖ്യ കാർമ്മികത്വം വഹിച്ചു. രാജ്യത്ത് ഏറ്റവും കുറച്ച് കത്തോലിക്ക വിശ്വാസികളുള്ള രൂപതയാണ് ലാങ് സൺ. രൂപതയിൽ 24 ഇടവകകളിലായി ഏഴായിരത്തോളം വിശ്വാസികളാണുള്ളത്.
കുൻറ്റും രൂപതയിൽ ഡിസംബർ മൂന്നാം തീയതി നടന്ന പൗരോഹിത്യ സ്വീകരണ ചടങ്ങിൽ എട്ടുപേർ വൈദികരായും, ഒമ്പത് പേർ ഡീക്കൻമാരായും പട്ടം സ്വീകരിച്ചു. ചടങ്ങുകൾക്ക് ബിഷപ്പ് അലോസിയോ ന്യൂജൻ ഹുങ് നേതൃത്വം നൽകി. കോവിഡ് മഹാമാരിയുടെ കാലയളവില്‍ വിയറ്റ്നാമിൽ 78 പേര്‍ തിരുപ്പട്ടം സ്വീകരിക്കുകയും ഇരുന്നൂറ്റിഅന്‍പതോളം സന്യസ്തര്‍ നിത്യവ്രതവാഗ്ദാനം നടത്തുകയും ചെയ്തെന്ന് അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരിന്നു. വിയറ്റ്നാമിലെ ആകെ ജനസംഖ്യയുടെ ഏഴു ശതമാനമാണ് രാജ്യത്തെ കത്തോലിക്ക വിശ്വാസികള്‍. എഴുപതു ലക്ഷത്തോളം വരുന്ന വിശ്വാസികളാണ് കത്തോലിക്ക വിശ്വാസം പിന്തുടരുന്നത്.