News - 2025

'ഓര്‍ഡര്‍ ഓഫ് മാള്‍ട്ട'യെ നയിച്ച മുന്‍ ഗ്രാന്‍ഡ്‌ മാസ്റ്റര്‍ മാത്യു ഫെസ്റ്റിങ്ങ് വിടവാങ്ങി

പ്രവാചകശബ്ദം 16-11-2021 - Tuesday

വലെറ്റാ: കത്തോലിക്ക അല്‍മായ സംഘടനയായ 'ഓര്‍ഡര്‍ ഓഫ് മാള്‍ട്ട'യെ എട്ടു വര്‍ഷത്തിലധികം നയിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച മുന്‍ ഗ്രാന്‍ഡ്‌ മാസ്റ്റര്‍ ഫ്രാ' മാത്യു ഫെസ്റ്റിങ്ങ് (71) അന്തരിച്ചു. മാള്‍ട്ടായിലെ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. വലെറ്റായിലെ സെന്റ്‌ ജോണ്‍സ് കോ കത്തീഡ്രലില്‍വെച്ച് നടന്ന ചടങ്ങിന് ശേഷം രോഗബാധിതനായ മാത്യുവിനെ നവംബര്‍ 4ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 2008-ല്‍ ഓര്‍ഡര്‍ ഓഫ് മാള്‍ട്ടായുടെ ഗ്രാന്‍ഡ്‌ മാസ്റ്ററായി തിരഞ്ഞെടുക്കപ്പെട്ട ഫ്രാ' മാത്യു ഒന്‍പതു വര്‍ഷത്തെ സേവനത്തിന് ശേഷം 2017-ല്‍ രാജിവെച്ചു. ഗ്രാന്‍ഡ്‌ മാസ്റ്ററായിരുന്ന കാലത്ത് ഓര്‍ഡര്‍ ഓഫ് മാള്‍ട്ടായുടെ ആഗോള തലത്തിലുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും, നൂറിലലധികം രാഷ്ട്രങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത് മാത്യു ആയിരുന്നു.

1949 നവംബര്‍ 30ന് ഒരു മുതിര്‍ന്ന ബ്രിട്ടീഷ് ആര്‍മി ഓഫീസറുടെ ഇളയ മകനായി വടക്കന്‍ ഇംഗ്ലണ്ടിലാണ് മാത്യു ഫെസ്റ്റിങ്ങ് ജനിക്കുന്നത്. വടക്കന്‍ യോര്‍ക്ക്ഷയറിലെ ആംപിള്‍ഫോര്‍ത്ത് കോളേജിലും, കേംബ്രിജിലെ സെന്റ്‌ ജോണ്‍സ് കൊളേജിലുമായി പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ബ്രിട്ടീഷ് സൈന്യത്തില്‍ ഇന്‍ഫന്ററി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഗ്രനേഡിയര്‍ ഗാര്‍ഡ്സിലും, ടെറിട്ടോറിയല്‍ ആര്‍മിയില്‍ കേണലായും സേവനം ചെയ്തിട്ടുണ്ട്. 1977-ല്‍ ‘ക്നൈറ്റ് ഓഫ് ദി ഓര്‍ഡര്‍’ ആയി പ്രതിജ്ഞ ചെയ്തു. 1993-ല്‍ ഗ്രാന്‍ഡ്‌ മാസ്റ്ററായിരുന്ന ഫ്രാ’ ആന്‍ഡ്ര്യൂ ബെറ്റി ‘ഗ്രാന്‍ഡ്‌ പ്രിയോര്‍ ഓഫ് ഇംഗ്ലണ്ട്’ പദവി തിരികെ കൊണ്ടുവന്നപ്പോള്‍ ആ ചുമതല ഫ്രാ’ മാത്യുവിലാണ് നിക്ഷിപ്തമായത്.

2008 വരെ അദ്ദേഹം ആ പദവിയില്‍ ഉണ്ടായിരുന്നു. യൂഗോസ്ലാവിയായുടെ വിഭജനത്തിന് ശേഷം കൊസോവോ, സെര്‍ബിയ, ക്രോയേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഫ്രാ’ മാത്യു ദൗത്യ സംഘങ്ങളെ നയിച്ചിരിന്നു. 1998-ല്‍ രാജ്ഞി എലിസബത്ത് II ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഓര്‍ഡര്‍ ഓഫീസറായി ഫ്രാ’ മാത്യുവിനെ നിയമിച്ചു. 2008 മാര്‍ച്ച് 11-നാണ് ഫ്രാ’ മാത്യു ഓര്‍ഡര്‍ ഓഫ് മാള്‍ട്ടായുടെ 79-മത് ഗ്രാന്‍ഡ്‌ മാസ്റ്ററായി തിരഞ്ഞെടുക്കപ്പെടുന്നത്. ഗ്രാന്‍ഡ്‌ മാസ്റ്ററായിരുന്ന കാലത്ത് അദ്ദേഹം സഭയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന നിരവധി രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍ക്കും, കൂടിക്കാഴ്ചകള്‍ക്കും നേതൃത്വം നല്‍കിയിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 714