News - 2025

ചൈനീസ് അധികൃതര്‍ കാരണം കൂടാതെ തടങ്കലില്‍വെച്ച ബിഷപ്പ് പീറ്റര്‍ ഷാവോയെ വിട്ടയച്ചു

പ്രവാചകശബ്ദം 12-11-2021 - Friday

ബെയ്ജിംഗ്: യാതൊരു കാരണവും കൂടാതെ ചൈനീസ് പോലീസ് അറസ്റ്റ് ചെയ്ത കിഴക്കന്‍ ചൈനയിലെ വെന്‍ചു രൂപതാധ്യക്ഷന്‍ ബിഷപ്പ് പീറ്റര്‍ ഷാവോയെ വിട്ടയച്ചു. മോചനവാര്‍ത്ത പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ചുക്കൊണ്ട് ഏഷ്യാന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒക്ടോബര്‍ 25നാണ് യാതൊരു കാരണവും കൂടാതെ പോലീസ് അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോയത്. ഈ അടുത്ത ദിവസങ്ങളില്‍ അദ്ദേഹം മോചിതനായെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ചൈനയിലെ അണ്ടര്‍ഗ്രൗണ്ട് കത്തോലിക്കാസഭയില്‍നിന്നുള്ള ബിഷപ്പ് ചുമിന്‍ ഇത് ആറാം തവണയാണ് അറസ്റ്റിലാകുന്നത്. തന്റെ കപ്പേളയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിന് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അദ്ദേഹത്തിന് 27,000 യൂറോ പിഴയിട്ടിരുന്നു.

ചൈനയിലെ വത്തിക്കാന്‍ അംഗീകൃത ഭൂഗര്‍ഭ സഭയോടുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ എതിര്‍പ്പാണ് ബിഷപ്പിനെയും വൈദികരെയും തടങ്കലിലാക്കുന്ന ഇത്തരം പ്രവണതകളില്‍ നിന്ന് വ്യക്തമാകുന്നത്. രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനും, വത്തിക്കാനെ അംഗീകരിക്കുന്ന സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഭൂഗര്‍ഭ സഭയുമായി ദശാബ്ദങ്ങളായി ചൈനീസ് സഭ വിഭജിക്കപ്പെട്ടിരിക്കുകയാണ്. വത്തിക്കാനുമായി ചൈന മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉടന്പടി ഉണ്ടാക്കുകയും അത് 2020ല്‍ വീണ്ടും നീട്ടുകയും ചെയ്‌തെങ്കിലും രാജ്യത്തെ ക്രൈസ്തവ മതപീഡനത്തിന് കുറവുണ്ടായിട്ടില്ല. ഓപ്പണ്‍ ഡോഴ്സിന്റെ കണക്കുകള്‍ പ്രകാരം ലോകത്ത് ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളില്‍ പതിനഞ്ചാം സ്ഥാനത്താണ് ചൈന.


Related Articles »