News - 2025
ബാലവേല വിപത്ത് തുടച്ചുനീക്കണമെങ്കിൽ, ദാരിദ്ര്യനിർമ്മാർജ്ജനം അനിവാര്യം: ഫ്രാന്‍സിസ് പാപ്പ
പ്രവാചകശബ്ദം 21-11-2021 - Sunday
വത്തിക്കാന്‍ സിറ്റി: ബാലവേല എന്ന വിപത്ത് തുടച്ചുനീക്കണമെങ്കിൽ, ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും, സമ്പത്ത് - ചുരുക്കം ചിലരുടെ കൈകളിൽ കേന്ദ്രീകരിക്കുന്ന നിലവിലെ സാമ്പത്തിക വ്യവസ്ഥയുടെ വികലതകൾ തിരുത്തുന്നതിനു നാം സംഘടിതമായി പരിശ്രമിക്കേണ്ടിയിരിക്കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പ. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച (19/11/21) ബാലവേല നിർമ്മാർജ്ജന വിഷയത്തില്‍ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവരെ വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു പാപ്പ. ബാലവേല കുട്ടികളുടെ ആരോഗ്യം, അവരുടെ മാനസിക-ശാരീരിക സുസ്ഥിതി എന്നിവയെ അപകടത്തിലാക്കുകയും വിദ്യാഭ്യാസത്തിനും ബാല്യകാലം സന്തോഷത്തോടും ശാന്തതയോടും കൂടി ജീവിക്കുന്നതിനുമുള്ള അവകാശം ഇല്ലാതാക്കുകയും ചെയ്യുന്നുവെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. കോവിഡ് മഹാമാരി ഈ സാഹചര്യം കൂടുതല്‍ ക്ലേശകരമാക്കിയെന്നും പാപ്പ പറഞ്ഞു.
നാലാം വ്യാവസായിക വിപ്ലവത്തെക്കുറിച്ചു പോലും നാം സംസാരിക്കുന്ന ഈ സമയത്ത്, ലോകത്തിൽ അത്യാധുനിക സാങ്കേതിക കണ്ടുപിടിത്തങ്ങൾ ഉപയോഗപ്പെടുത്തുന്ന സമകാലിക സമ്പദ്‌വ്യവസ്ഥകളിൽ, ബാലവേല നിലനില്‍ക്കുന്നുവെന്നത് ആശങ്കാജനകമാണ്. കുടുംബജീവിത പശ്ചാത്തലത്തിലുള്ള ജോലികൾ പൊതുവെ അവരുടെ വ്യക്തിത്വ രൂപീകരണത്തിന് സഹായകമാണെന്നും, കാരണം അവരുടെ കഴിവുകൾ പരീക്ഷിക്കാനും അവബോധത്തിലും ഉത്തരവാദിത്തത്തിലും വളരാനും അവ അവരെ പ്രാപ്തരാക്കുന്നു. എന്നാല്‍ ബാലവേലയാകട്ടെ മറ്റുള്ളവരുടെ ലാഭത്തിനും സമ്പാദ്യത്തിനും വേണ്ടിയുള്ള ആഗോളവത്കൃത സമ്പദ്‌വ്യവസ്ഥയുടെ ഉൽപാദന പ്രക്രിയകളിൽ കുട്ടികളെ ചൂഷണം ചെയ്യുന്ന നടപടിയാണെന്നും പാപ്പ കുറ്റപ്പെടുത്തി.