News - 2025

"ഒപ്പമുണ്ട്": ലെസ്ബോസില്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി സ്വരം ഉയര്‍ത്തി പാപ്പ

പ്രവാചകശബ്ദം 06-12-2021 - Monday

വത്തിക്കാന്‍ സിറ്റി: ഗ്രീസ് സന്ദര്‍ശനത്തിന്റെ ഭാഗമായി ലെസ്ബോസിൽ എത്തിയ ഫ്രാന്‍സിസ് പാപ്പ അഭയാര്‍ത്ഥികളുടെ ഇടയില്‍ സമയം ചെലവഴിച്ചു. താൻ വീണ്ടും ഇവിടെ വന്നത്, നിങ്ങളെ കാണാനും, നിങ്ങളോടൊപ്പമുണ്ട് എന്ന് പറയാനുമാണെന്ന് പാപ്പ ആമുഖത്തില്‍ പറഞ്ഞു. നിങ്ങളെ ഭയപ്പെടുന്നവർ, നിങ്ങളുടെ കണ്ണുകളോ, നിങ്ങളുടെ മുഖമോ, നിങ്ങളുടെ മക്കളെയോ കണ്ടിട്ടില്ലെന്നും, കുടിയേറ്റം മധ്യപൂർവ്വദേശങ്ങളുടെയോ വടക്കേ ആഫ്രിക്കയുടെയോ, ഗ്രീസിന്റെയോ യൂറോപിന്റെയോ മാത്രം പ്രശ്നമല്ലായെന്നും ഇത് ലോകത്തിന്റെ പ്രശ്നമാണെന്നുമുള്ള എക്യുമെനിക്കൽ പാത്രിയർക്കീസ് ബർത്തലോമിയോ അഞ്ചു വർഷങ്ങൾക്ക് മുൻപ് പറഞ്ഞ വാക്കുകൾ പാപ്പ ആവര്‍ത്തിച്ചു.

കുടിയേറ്റം ലോകത്തിന്റെ മുഴുവൻ പ്രശ്നമാണ്. ഇപ്പോൾ എല്ലാവരെയും പ്രതിസന്ധിയിലാക്കിയ മഹാമാരിക്ക് മുന്നിൽ, നാമെല്ലാവരും ഒരേ തോണിയിലാണ് യാത്ര ചെയ്യുന്നതെന്ന് നമുക്ക് മനസ്സിലായിട്ടുണ്ട്. ഇതുപോലെയുള്ള വലിയ പ്രശ്നങ്ങൾ ഒന്നിച്ചാണ് നേരിടേണ്ടതെന്ന് എല്ലാവർക്കും മനസ്സിലായിട്ടുണ്ട്. എന്നാൽ കുടിയേറ്റമെന്ന യാഥാർത്ഥ്യത്തിനുനേരെ പലപ്പോഴും ആളുകൾ കണ്ണടയ്ക്കുന്നതു പോലെയാണ് തോന്നുന്നത്. പക്ഷേ അവിടെയും മനുഷ്യജീവനും, ആളുകളുമാണുള്ളത്. പാവങ്ങളെ തിരസ്കരിക്കുമ്പോൾ സമാധാനമാണ് തിരസ്കരിക്കപ്പെടുന്നത്. ദുർബലരും, ദരിദ്രരുമായ മനുഷ്യരിൽനിന്ന് തങ്ങളെത്തന്നെ രക്ഷിച്ചെടുക്കാൻ മാത്രം ശ്രമിക്കുന്നതും, കുടിയേറാൻ ശ്രമിക്കുന്നവരുടെ ഉത്തരവാദിത്വം ഓരോരുത്തരും മറ്റുള്ളവരിലേക്ക് നല്കാൻ ശ്രമിക്കുന്നതും ശരിയായ നടപടിയല്ലെന്നും പാപ്പ സന്ദേശത്തില്‍ ഓർമ്മിപ്പിച്ചു.

പ്രത്യയ ശാസ്ത്രപരമായി കുടിയേറ്റത്തെയും മറ്റു കാര്യങ്ങളെയും എതിർക്കുന്നതിനു പകരം യാഥാർത്ഥ്യങ്ങളിൽനിന്ന് ആരംഭിച്ച്, ഇപ്പോഴും ചൂഷണങ്ങൾക്ക് വിധേയരായിക്കൊണ്ടിരിക്കുന്ന ആളുകളുടെ പ്രശ്നങ്ങളിൽ ഇടപെടുകയാണ് ആവശ്യം. പുതിയൊരു തുടക്കത്തിന് ആഗ്രഹമുണ്ടെങ്കിൽ കുട്ടികളുടെ മുഖത്തേക്കാണ് നോക്കേണ്ടതെന്ന് ഫ്രാൻസിസ് പാപ്പ പറഞ്ഞു. നമ്മുടെ മനസാക്ഷിയോട്, ഞങ്ങൾക്കായി ഏത് രീതിയിലുള്ള ലോകമാണ് നിങ്ങൾ നൽകുവാൻ ആഗ്രഹിക്കുന്നത് എന്ന ഒരു ചോദ്യം അവരിൽനിന്നും വരുന്നുണ്ട്. കടൽത്തീരങ്ങളിൽ മരിച്ചുകിടക്കുന്ന അവരുടെ ശരീരങ്ങളുടെ ചിത്രങ്ങളിൽനിന്ന് നമുക്ക് ഓടിപ്പോകാനാകില്ലായെന്ന് പാപ്പ പറഞ്ഞു. യൂറോപ്പിലേക്ക് പ്രവേശിക്കാനുള്ള അഭയാര്‍ത്ഥികളുടെ ഇടത്താവളമാണ് ലെസ്ബോസ്. അഞ്ചുവർഷങ്ങൾക്ക് മുൻപ് ലെസ്ബോസിൽ, ബർത്തലോമിയോ ഇറോനിമോസ് പിതാക്കന്മാരോടൊപ്പം പാപ്പ സന്ദര്‍ശനം നടത്തിയിരിന്നു. അതേസമയം ഫ്രാന്‍സിസ് പാപ്പയുടെ ഗ്രീസ് സന്ദര്‍ശനത്തിന് ഇന്നു സമാപനമാകും.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »