Youth Zone
"ഞങ്ങൾ ക്രിസ്ത്യൻ മിഷ്ണറി സ്‌കൂളിലാണ് പഠിച്ചത്, പക്ഷേ ഞങ്ങളെ അവര്‍ മതം മാറ്റിയിട്ടില്ല": സംഘപരിവാർ നുണ പ്രചരണത്തിനെതിരെ ട്വിറ്ററിൽ മറുപടി പ്രവാഹം
പ്രവാചകശബ്ദം 09-12-2021 - Thursday
മുംബൈ: ക്രിസ്ത്യൻ മിഷ്ണറി സ്കൂളിൽ നിർബന്ധിത മതപരിവർത്തനം നടത്തുകയാണെന്ന കാലാകാലങ്ങളായുള്ള സംഘപരിവാർ വ്യാജ പ്രചാരണത്തിനെതിരെ ട്വിറ്ററിൽ വ്യാപകമായ ട്വീറ്റുകൾ. "ഞങ്ങൾ ക്രിസ്ത്യൻ മിഷ്ണറി സ്‌കൂളിലാണ് പഠിച്ചത്, പക്ഷേ ഞങ്ങളെ മിഷ്ണറിമാര്‍ മതം മാറ്റിയിട്ടില്ല" എന്ന ആമുഖത്തോടെയുള്ള ട്വീറ്റുകളാണ് യുവജനങ്ങള്‍ അടക്കമുള്ള ഹൈന്ദവ സഹോദരങ്ങള്‍ ട്വീറ്ററില്‍ പങ്കുവെയ്ക്കുന്നത്. താന്‍ ഒരു ക്രിസ്ത്യൻ സ്കൂളിലാണ് പഠിച്ചതെന്നും ക്രിസ്മസ് ആഘോഷിച്ചുവെങ്കിലും പരീക്ഷയ്ക്ക് മുമ്പ് പ്രാർത്ഥിക്കാൻ പള്ളിയിൽ പോയിട്ടും തങ്ങളെ ആരും മതം മാറ്റിയിട്ടില്ലായെന്നു ഗരിമ എന്ന യുവതിയുടെ ട്വീറ്റിന് പിന്നാലെയാണ് സമാനമായ ട്വീറ്റുകള്‍ അനേകര്‍ ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. ആയിരത്തിഇരുനൂറിലധികം പേരാണ് ഇത് റീട്വീറ്റ് ചെയ്തിരിക്കുന്നത്. എണ്ണായിരത്തിലധികം പേര്‍ ഇത് ലൈക്ക് ചെയ്തു.
ഞാൻ 11 വർഷം ക്രിസ്ത്യൻ സ്കൂളുകളിലും വീണ്ടും ഒരു ക്രിസ്ത്യൻ കോളേജിലും പഠിച്ചുവെന്നും മതപരിവർത്തനത്തെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ലായെന്നും എന്നിട്ടും ഞാൻ മറ്റൊരു സ്ഥലത്തും കാണാത്ത സമാധാനം ക്രിസ്ത്യന്‍ പള്ളിയിൽ കണ്ടെത്തിയിട്ടുണ്ടെന്നും ഇന്ന് ക്രിസ്ത്യൻ സ്ഥാപനങ്ങളെ ശപിക്കുന്നവരെല്ലാം അവിടെ പോകാത്തതിൽ അസൂയയുള്ളവരാണെന്ന് വിശ്വസിക്കുന്നുവെന്നും അവിനീന്ദര്‍ എന്ന വ്യക്തി കമന്‍റ് ചെയ്തു. 1958 മുതൽ 1968 വരെ ഒരു മിഷ്ണറി സ്കൂളിലും 1969 മുതൽ 1972 വരെ ഒരു മിഷ്ണറി കോളേജിലുമാണ് താന്‍ പഠിച്ചതെന്നും തന്നെ ഒരിക്കലും മതപരിവർത്തനം ചെയ്യാൻ അവര്‍ പ്രേരിപ്പിച്ചിട്ടില്ലായെന്നും തന്റെ സ്വന്തം വിശ്വാസത്തിലാണ് ഇപ്പോഴും നിലനില്‍ക്കുന്നതെന്നും മധുസൂദൻ സിക്രി എന്നയാള്‍ കമന്‍റ് ചെയ്തു.
ഞാൻ എന്റെ ജീവിതകാലം മുഴുവൻ ഒരു കോൺവെന്റ് സ്കൂളിലാണ് പഠിച്ചത്. എന്റെ ജീവിതത്തിലെ ഏറ്റവും മതേതരമായ അനുഭവമായിരുന്നു അതെന്നും 'സിസ്റ്റര്‍' എന്ന് അഭിസംബോധന ചെയ്ത എന്റെ പ്രിൻസിപ്പലിനെ ഞാൻ ഇപ്പോഴും ഓര്‍ക്കുന്നുവെന്നും എല്ലാ മതങ്ങളിലെയും വിദ്യാർത്ഥികളെ ഒരുപോലെയാണ് സിസ്റ്റര്‍ പരിഗണിച്ചതെന്നും നിദ ഖുറേഷി എന്ന യുവതി കമന്‍റ് ചെയ്തു. തന്റെ വേദനാജനകമായ അവസ്ഥയില്‍ ഒരു സിസ്റ്ററിനോട് സംസാരിക്കാന്‍ പോയപ്പോള്‍ ഞായറാഴ്ച പ്രാര്‍ത്ഥന പോലും ഒഴിവാക്കി അവര്‍ തന്റെ ഒപ്പം നിന്നുവെന്നും ക്രിസ്തീയ വിശ്വാസത്തിന് നന്ദി അറിയിക്കുന്നുവെന്നും നിദ മറ്റൊരു കമന്റില്‍ കുറിച്ചു.
ഗരിമ പറഞ്ഞത് വളരെ ശരിയാണെന്നും തന്റെ സ്‌കൂളിൽ ക്രിസ്തീയ മതബോധനം തിരഞ്ഞെടുത്ത കുട്ടികള്‍ മാത്രമേ ക്രിസ്തുമതത്തെക്കുറിച്ച് പഠിച്ചിരുന്നുള്ളൂവെന്നും അല്ലാത്തവര്‍ക്ക് യഥാര്‍ത്ഥ മനുഷ്യരായി ജീവിക്കുവാന്‍ സന്‍മാര്‍ഗ്ഗ ക്ലാസുണ്ടായിരിന്നുവെന്നും മിക്ക മിഷനറി സ്കൂളുകളും താങ്ങാനാവുന്ന വിലയിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസമാണ് നല്‍കുന്നതെന്ന് തലച്ചോര്‍ ഉള്ളവര്‍ക്ക് അത് മനസിലാകുമെന്നും സൈലജ ഗുട്ടാല എന്ന വ്യക്തി കമന്‍റ് ചെയ്തു. മധ്യപ്രദേശിലെ സാഗര്‍ രൂപത പരിധിയില്‍പ്പെടുന്ന സെന്‍റ് ജോസഫ് സ്കൂളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് തീവ്രഹിന്ദുത്വവാദികള്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ട്വിറ്ററില്‍ മറുപടിയുമായി അനേകര്‍ രംഗത്തെത്തുന്നത്. സംഘപരിവാര്‍ കാലകാലങ്ങളായി ക്രൈസ്തവര്‍ക്ക് നേരെ പ്രയോഗിക്കുന്ന 'നിര്‍ബന്ധിത മതപരിവര്‍ത്തനം' എന്ന വിദ്വേഷപ്രചരണത്തിനു കനത്ത താക്കീതായി ഈ ട്വീറ്റുകള്‍ മാറുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക