Youth Zone - 2024

സ്വാതന്ത്ര്യസമര പോരാട്ടത്തിന് പ്രചോദനമേകി: ജോൺ പോൾ രണ്ടാമൻ പാപ്പയുടെ പേരിൽ സർവ്വകലാശാലയുമായി കിഴക്കൻ ടിമോർ

പ്രവാചകശബ്ദം 11-12-2021 - Saturday

ഏഷ്യൻ രാജ്യമായ കിഴക്കൻ ടിമോറിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പേരിൽ ആദ്യത്തെ കത്തോലിക്കാ സർവ്വകലാശാല പ്രവർത്തനമാരംഭിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടത്തിന് പ്രചോദനമായ വ്യക്തി എന്ന നിലയിലാണ് സർവ്വകലാശാലയ്ക്കു വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ പേര് നൽകിയത്. ഡിസംബർ എട്ടാം തീയതി പ്രധാനമന്ത്രി താവുർ മത്തൻ റൂക്കും, ഡിലി ആർച്ച് ബിഷപ്പ് ഡോം വിർജിലിയോ ഡോ കാർമോ ഡ സിൽവയും ചേർന്ന് സംയുക്തമായാണ് സർവ്വകലാശാല ഉദ്ഘാടനം ചെയ്തത്.

പതിനാറാം നൂറ്റാണ്ട് മുതൽ പോർച്ചുഗീസ് കോളനിയായിരുന്ന രാജ്യം, 1975 നവംബർ 28-ന് പോർച്ചുഗീസുകാർ വിട്ടൊഴിഞ്ഞപ്പോൾ തിമോർ-ലെസ്റ്റെയെ അയൽരാജ്യമായ ഇന്തോനേഷ്യ ആക്രമിച്ച് കീഴടക്കി. ചെറുത്തു നിൽപ്പിന് ശേഷം 2002 മെയ് 20ന് തിമോർ-ലെസ്റ്റെയ്ക്കു സ്വാതന്ത്ര്യം ലഭിച്ചു. ഇക്കാലയളവിൽ രാജ്യത്തെ സമൂഹത്തിന് വലിയ പ്രതീക്ഷ പകരുവാൻ അന്നത്തെ പാപ്പയായിരുന്ന വിശുദ്ധ ജോൺ പോൾ രണ്ടാമനു കഴിഞ്ഞിരുന്നു.

സ്വാതന്ത്ര്യ പ്രാപ്തി നേടിയ ശേഷം ഏതാണ്ട് 20 വർഷങ്ങൾക്ക് ശേഷം ജോൺ പോൾ മാർപാപ്പയുടെ പേരിൽ സർവ്വകലാശാല തുറക്കുന്നത് ആനന്ദത്തോടെ ആഘോഷിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സഹിഷ്ണുത, നീതിബോധം ജനാധിപത്യം, സമാധാനം തുടങ്ങിയവ യുവജനങ്ങളിൽ വളർത്താൻ വേണ്ടി കത്തോലിക്കാസഭയ്ക്ക് രാജ്യത്തെ സർക്കാർ നൽകുന്ന പിന്തുണയാണ് സർവ്വകലാശാലയായി രൂപം എടുത്തിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സർവ്വകലാശാല സ്ഥാപിക്കുക എന്നത് അതിരൂപത ദീർഘനാളായി ലക്ഷ്യംവെച്ചിരുന്ന കാര്യമായിരുന്നുവെന്ന് ആർച്ച് ബിഷപ്പ് ഡോം വിർജിലിയോ പറഞ്ഞു. കത്തോലിക്ക വിജ്ഞാനത്തിലും, മൂല്യങ്ങളിലും, ആത്മീയതയിലും പ്രചോദനം ഉൾക്കൊണ്ടുള്ള ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസമായിരിക്കണം സർവ്വകലാശാല നൽകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സർവ്വകലാശാലയുടെ പ്രവർത്തനങ്ങൾ കത്തോലിക്ക വിശ്വാസത്തിൽ അധിഷ്ഠിതമായിരിക്കുമെങ്കിലും മറ്റ് ഇതര മത വിശ്വാസങ്ങളിൽ പെട്ട ആളുകൾക്കും വിദ്യാഭ്യാസം നൽകാൻ വേണ്ടി സർവ്വകലാശാല വാതിൽ തുറന്നിടുമെന്നും ആർച്ച് ബിഷപ്പ് കൂട്ടിചേർത്തു. ഡിലി അതിരൂപതയ്ക്ക് സർക്കാർ എല്ലാവർഷവും നൽകിവരുന്ന സബ്സിഡി ഉപയോഗിച്ചായിരിക്കും സർവ്വകലാശാല പ്രവർത്തിക്കുക. കിഴക്കൻ ടിമോറിലെ ജനസംഖ്യയുടെ ഭൂരിപക്ഷവും കത്തോലിക്ക വിശ്വാസികളാണ്.


Related Articles »