News

ഒരു പതിറ്റാണ്ടിനിടെ തെക്കുകിഴക്കൻ നൈജീരിയയിൽ 20,300 ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

പ്രവാചകശബ്ദം 07-04-2025 - Monday

അബൂജ: കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ തെക്കുകിഴക്കൻ നൈജീരിയയിൽ 20,300-ലധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്റർനാഷ്ണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടി ആൻഡ് റൂൾ ഓഫ് ലോ ഇന്റർ സൊസൈറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്. നൈജീരിയയുടെ അബിയ, അനമ്പ്ര, എബോണി, എനുഗു, ഇമോ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന തെക്കുകിഴക്കൻ മേഖലയില്‍ നിന്നു മാത്രമുള്ള കണക്കാണിത്. ഫുലാനി ഹെർഡ്‌സ്മാൻ, നൈജർ ഡെൽറ്റ ജിഹാദിസ്റ്റ് തീവ്രവാദികൾ, ഫുലാനി കൊള്ളക്കാർ, മേഖലയിൽ വിന്യസിച്ചിരിക്കുന്ന നൈജീരിയൻ സൈന്യം എന്നിവയുൾപ്പെടുന്ന സംഘങ്ങളാണ് കൊലപാതകങ്ങൾ നടത്തിയത്.

മുഹമ്മദ് ബുഹാരിയുടെ ഭരണകാലത്ത് നൈജീരിയയില്‍ പ്രത്യേകിച്ച് തെക്ക് - കിഴക്കൻ മേഖലയിലേക്ക് നുഴഞ്ഞുകയറിയ തീവ്ര ഇസ്ളാമിക ഗ്രൂപ്പുകൾ 2015 ജൂൺ മുതൽ ഏകദേശം 9,800 മരണങ്ങൾക്ക് ഉത്തരവാദികളാണെന്ന് ഇന്റർ സൊസൈറ്റി ബോർഡ് ചെയർമാന്‍ എമേക ഉമേഗ്ബലാസി ഒപ്പിട്ട റിപ്പോർട്ടിൽ പറയുന്നു. നൈജീരിയൻ സായുധ സേനയിലെ ഉദ്യോഗസ്ഥരും മറ്റും ചേർന്ന് ഏകദേശം 10,500 നിരായുധരായ പൗരന്മാരെ കൊലപ്പെടുത്തി. പൗരന്മാരുടെ മതവും വംശവും നോക്കിയാണ് കൊലപാതകം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കപ്പെടുന്നു.

കൊലപാതകങ്ങൾക്ക് പുറമേ, തെക്കുകിഴക്കൻ നൈജീരിയന്‍ ജനതയെ അവരുടെ വംശത്തിന്റെയും മതത്തിന്റെയും പേരിൽ ദുരാരോപണങ്ങള്‍ നിരത്തി കുറ്റവാളികളാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു. അനമ്പ്ര സംസ്ഥാനത്തെ നാല്‍പ്പതിലധികം പരമ്പരാഗത ക്രൈസ്തവരെ മൂന്ന് മാസത്തിലേറെയായി നിയമവിരുദ്ധ തടങ്കൽ കേന്ദ്രത്തിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ക്രൈസ്തവര്‍ വിശ്വാസത്തിന്റെ പേരില്‍ നേരിടുന്ന വിവിധങ്ങളായ വിവേചനങ്ങളും ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട്. അതേസമയം കടുന, ജിഗാവ, കാനോ, കറ്റ്‌സിന, കെബി, സോകോടോ, സാംഫറ തുടങ്ങീയ വടക്ക് തെക്ക് മേഖലയില്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണവും കണക്കിലെടുക്കുമ്പോള്‍ നൈജീരിയയില്‍ ഒരു പതിറ്റാണ്ടിനിടെ കൊല്ലപ്പെട്ട ക്രൈസ്തവരുടെ മരണസംഖ്യ വളരെ വലുതായിരിക്കുമെന്നാണ് സൂചന.


Related Articles »