News - 2025

ഒടുവില്‍ മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ എഫ്‌സിആര്‍എ ലൈസൻസ് കേന്ദ്രം പുതുക്കി

പ്രവാചകശബ്ദം 08-01-2022 - Saturday

ന്യൂഡൽഹി: ആയിരങ്ങള്‍ക്ക് അഭയവും തുണയുമായ വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള എഫ്സിആർഎ രെജിസ്ട്രേഷന്‍ ലൈസൻസ് കേന്ദ്രം പുതുക്കി നല്‍കി. ആവശ്യമായ രേഖകൾ സമർപ്പിച്ചതിനെ തുടർന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയെന്നു വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ടു ചെയ്തു. എന്നാൽ കേന്ദ്രസർക്കാർ ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പൊന്നും നൽകിയിട്ടില്ല. എഫ്സിആർഎ വെബ്സൈറ്റില്‍ അനുമതി പുനഃസ്ഥാപിച്ചതായി നിരവധി പേര്‍ ട്വീറ്റ് ചെയ്യുന്നുമുണ്ട്.

കഴിഞ്ഞ ഡിസംബര്‍ 25നാണ് മിഷ്ണറീസ് ഓഫ് ചാരിറ്റിക്ക് ഇന്ത്യയിൽ വിദേശ സംഭാവന സ്വീകരിക്കുന്നതു പുതുക്കാനുള്ള രെജിസ്ട്രേഷന്‍ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളിയത്. സമൂഹത്തിന്റെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രസർക്കാർ മരവിപ്പിച്ചത് നടുക്കമുണർത്തുന്നതാണെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. സന്യാസ സമൂഹത്തിന്റെ പരിചരണത്തിലുള്ള 22,000 രോഗികൾക്കും മറ്റുള്ളവർക്കും ഭക്ഷണവും മരുന്നും വാങ്ങാൻ നിർവാഹമില്ലാതായെന്നും അവർ പറഞ്ഞിരിന്നു. ഇതോടെയാണ് വിഷയം ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ വലിയ ശ്രദ്ധ നേടുന്നത്. എന്നാല്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടില്ലെന്നും വിദേശത്തു നിന്നു പണം സ്വീകരിക്കാനുള്ള എഫ്സിആര്‍എ രജിസ്ട്രേഷന്‍ പുതുക്കാനുള്ള അപേക്ഷ നിരസിക്കുകയാണ് ചെയ്തെതെന്നും സന്യാസ സമൂഹം പ്രസ്താവനയിറക്കി.

കേന്ദ്രത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ഉയര്‍ന്നത്. ഇതിനിടെ സംസ്ഥാനത്ത് മിഷ്ണറീസ് ഓഫ് ചാരിറ്റി നടത്തുന്ന ഭവനങ്ങൾക്കും അനാഥാലയങ്ങൾക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. ഇതേ തുടര്‍ന്നു കഴിഞ്ഞ ദിവസം സംസ്ഥാനത്തെ മിഷ്ണറീസ് ഓഫ് ചാരിറ്റി സ്ഥാപനങ്ങള്‍ക്കു വേണ്ടി 79 ലക്ഷം രൂപ ഒഡീഷ സര്‍ക്കാര്‍ അനുവദിച്ചിരിന്നു.

ഇക്കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സന്യാസ സമൂഹം സ്ഥാപിച്ചിരിന്ന ശിശുഭവന്‍ ഒഴിപ്പിച്ചിരിന്നു. ശിശിശുഭവന്‍ സ്ഥിതി ചെയ്തിരുന്ന സ്ഥലം 90 വര്‍ഷത്തെ പാട്ടത്തിനു നല്‍കിയതാണെന്നും 2019ല്‍ പാട്ടക്കാലാവധി അവസാനിച്ചെന്നുമാണ് ഡിഫന്‍സ് എസ്‌റ്റേറ്റ് ഓഫീസിന്റെ അവകാശവാദം. ഇത്തരത്തില്‍ പ്രതിസന്ധികള്‍ ഏറുന്നതിനിടെയാണ് സന്യാസ സമൂഹത്തിന് ആശ്വാസം പകര്‍ന്ന് എഫ്‌സി‌ആര്‍‌എ പുതുക്കലിന് കേന്ദ്രം അംഗീകാരം നല്‍കിയിരിക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »