News - 2025

വിലക്ക് കാലഹരണപ്പെട്ടതെന്ന് തവദ്രോസ് രണ്ടാമന്‍: കോപ്റ്റിക് ക്രൈസ്തവര്‍ക്ക് ഇനി വിശുദ്ധ നാട്ടിലേക്ക് തീര്‍ത്ഥാടനം നടത്താം

പ്രവാചകശബ്ദം 15-01-2022 - Saturday

കെയ്റോ, ഈജിപ്ത്: അറബ് - ഇസ്രായേല്‍ സംഘര്‍ഷ കാലത്ത് ഈജിപ്തിലെ കോപ്റ്റിക് ക്രൈസ്തവരുടെ വിശുദ്ധ നാട്ടിലേക്കുള്ള തീര്‍ത്ഥാടനത്തിന് അന്നത്തെ കോപ്റ്റിക് ഓര്‍ത്തഡോക്സ് തലവന്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഇപ്പോള്‍ കാലഹരണപ്പെട്ടതാണെന്നും, കോപ്റ്റിക് ഓര്‍ത്തഡോക്സ് ക്രൈസ്തവര്‍ക്ക് വിശുദ്ധ നാട്ടിലേക്ക് തീര്‍ത്ഥാടനം നടത്താമെന്നും കോപ്റ്റിക് പാത്രിയാര്‍ക്കീസ് തവദ്രോസ് രണ്ടാമന്‍. കോപ്റ്റിക് ക്രിസ്തുമസ്സിനോടനുബന്ധിച്ച് ജനുവരി 7-ന് നല്‍കിയ ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കോപ്റ്റിക് ഓര്‍ത്തഡോക്സ് ക്രൈസ്തവരുടെ വിശുദ്ധ നാട്ടിലേക്കുള്ള തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് അറുതി വരുത്തുവാനും, വിശ്വാസികളുടെ സംശയങ്ങള്‍ക്ക് വ്യക്തത വരുത്തുവാനും വേണ്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞതെന്ന് നിരീക്ഷിക്കപ്പെടുന്നു.

1979-ല്‍ അന്നത്തെ കോപ്റ്റിക് സഭാതലവന്‍ ഷെനുഡ മൂന്നാമനാണ് (1923-2012) വിശുദ്ധ നാട്ടിലേക്കുള്ള കോപ്റ്റിക് തീര്‍ത്ഥാടനത്തിന് വിലക്കേര്‍പ്പെടുത്തിയത്. ഈജിപ്തും ഇസ്രായേലും തമ്മിലുള്ള ചില ഉടമ്പടികളെ തുടര്‍ന്നായിരിന്നു വിലക്ക് പ്രഖ്യാപനം. തീര്‍ത്ഥാടനം കുറഞ്ഞതു കാരണം വിശുദ്ധ നാട്ടിലെ കോപ്റ്റിക് ഓര്‍ത്തഡോക്സ് സാന്നിധ്യത്തില്‍ കുറവുണ്ടായിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് തന്റെ ഈജിപ്ത് സന്ദര്‍ശനത്തിനിടയില്‍ പലസ്തീന്‍ പ്രസിഡന്റ് അബു മേസന്‍ ഈജിപ്തിലെ കോപ്റ്റിക് ഓര്‍ത്തഡോക്സ് വിശ്വാസികളെ ജെറുസലേം സന്ദര്‍ശിക്കുവാന്‍ ക്ഷണിച്ചിട്ടുള്ള കാര്യവും പാത്രിയാര്‍ക്കീസ് ഓര്‍മ്മിപ്പിച്ചു.

“വിശുദ്ധ നാട്ടിലേക്കുള്ള കോപ്റ്റിക് തീര്‍ത്ഥാടനത്തിനുള്ള വിലക്ക് നീതീകരിക്കുവാന്‍ കഴിയാത്തതാണെന്നും വിശ്വാസികള്‍ അതൊരു നിര്‍ബന്ധിത വ്യവസ്ഥയായി കണക്കാക്കുന്നില്ലെന്നതു 2016 മുതല്‍ വ്യക്തമായതാണ്. ആ വര്‍ഷം ജെറുസലേമില്‍ ക്രിസ്തുമസ്സ് ആഘോഷിച്ച കോപ്റ്റിക് ക്രൈസ്തവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിരുന്നു". ഇത് വിലക്കിന്റെ പ്രസക്തിയില്‍ കുറവുണ്ടായിട്ടുണ്ടെന്നാണ് സൂചിപ്പിക്കുന്നതെന്ന് കോപ്റ്റിക് പാത്രിയാര്‍ക്കീസ് പറഞ്ഞു. ഈജിപ്തും, ഇസ്രായേലും തമ്മിലുള്ള ബന്ധം സാധാരണഗതിയിലായിട്ടും വിലക്കില്‍ യാതൊരു മാറ്റവും വന്നിരിന്നില്ല.

ഔദ്യോഗികമായി ഈ വിലക്ക് ഒരിക്കലും നീക്കിയിട്ടില്ലെങ്കിലും 2014-ല്‍ ഏതാണ്ട് 90 കോപ്റ്റിക് ക്രിസ്ത്യാനികള്‍ വിശുദ്ധ നാട്ടിലേക്ക് തീര്‍ത്ഥാടനം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലും, ഇരു രാജ്യങ്ങളും തമ്മിലുള്ള ഇപ്പോഴത്തെ ബന്ധവും കണക്കിലെടുക്കുമ്പോള്‍ വിലക്ക് കാലഹരണപ്പെട്ടുവെന്ന് തന്നെയാണ് നിരീക്ഷകരും അഭിപ്രായപ്പെടുന്നത്. 2015-ല്‍ പ്രാദേശിക കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭാ തലവനായിരുന്ന അബ്രാഹം മെത്രാപ്പോലീത്തയുടെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ പോപ്‌ തവദ്രോസ് രണ്ടാമന്‍ വിശുദ്ധ നാട്ടില്‍ പോയതും തീര്‍ത്ഥാടനം പുനരാരംഭിക്കുന്നതിന് ഗുണകരമായെന്ന് നിരീക്ഷിക്കപ്പെടുന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »