News

ക്രിസ്തീയ ധാര്‍മ്മികതയ്ക്ക് വേണ്ടി സ്വരമുയര്‍ത്തിയതിന്റെ പേരില്‍ കോടതി വിചാരണ നേരിട്ട് ഫിന്‍ലന്‍ഡിലെ നേതാക്കള്‍

പ്രവാചകശബ്ദം 31-01-2022 - Monday

ഹെല്‍സിങ്കി: ലൈംഗീകത, വിവാഹം എന്നിവയെക്കുറിച്ചുള്ള ബൈബിള്‍ വചനങ്ങള്‍ പരാമര്‍ശിച്ചതിന് യൂറോപ്പ്യന്‍ രാജ്യമായ ഫിന്‍ലന്‍ഡില്‍ ക്രിസ്ത്യന്‍ നേതാക്കള്‍ കോടതി വിചാരണക്കിരയായതിനെ തുടര്‍ന്നു വിവാദം കനക്കുന്നു. ക്രിസ്ത്യന്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ പാര്‍ലമെന്റംഗവും, മുന്‍ ആഭ്യന്തര മന്ത്രിയുമായ പൈവി റസാനെനും, ലൂഥറന്‍ ബിഷപ്പ് ജഹാന പൊഹ്ജോളയുമാണ്‌ ജനുവരി 24-ന് ഹെല്‍സിങ്കിയിലെ കോടതിയില്‍ വിചാരണ നേരിട്ടത്. അടിസ്ഥാനപരമായി ഫിന്നിഷ് കോടതി ബൈബിളിനെയാണ് വിചാരണ ചെയ്തതെന്നു ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ അലയന്‍സ് ഡിഫെന്‍ഡിംഗ് ഫ്രീഡം ഇന്റര്‍നാഷണലുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനായ പോള്‍ കോള്‍മാന്‍ പറഞ്ഞു.

ബൈബിള്‍ വാക്യങ്ങളെ ‘വിദ്വേഷ പ്രസംഗം’ എന്നാണ് വാദിഭാഗം കോടതിയില്‍ വിശേഷിപ്പിച്ചത്. 2004-ല്‍ റസാനെന്‍ എഴുതി പൊഹ്ജോള പ്രസിദ്ധീകരിച്ച ‘ദൈവം സൃഷ്ടിച്ച പുരുഷനും സ്ത്രീയും’ എന്ന ലഘുലേഖയാണ് കേസിന് ആധാരം. ഇതിനുമുന്‍പ് ഫിന്‍ലന്‍ഡിലെ ഒരു കോടതിയും ബൈബിള്‍ പരാമര്‍ശം നടത്തുന്നത് കുറ്റകരമാണെന്നു പറഞ്ഞിട്ടില്ല. എന്നാല്‍ കോടതി മുറിയില്‍ വെച്ച് തന്നെ വചന പ്രഘോഷണം നടത്തുന്നതിനുള്ള അവസരമാക്കി വിചാരണയെ ഇരു ക്രിസ്ത്യന്‍ നേതാക്കളും മാറ്റുകയായിരുന്നുവെന്നു ‘ദി ഫെഡറലിസ്റ്റ്’ എന്ന അമേരിക്കന്‍ ഓണ്‍ലൈന്‍ മാഗസിനോട് കോള്‍മാന്‍ പറഞ്ഞു. വിചാരണക്കിടയില്‍ ഇത്ര ഉച്ചത്തില്‍ കോടതിയില്‍ ബൈബിള്‍ വായിച്ച് കേട്ടിട്ടില്ലെന്ന്‍ അറ്റോര്‍ണികള്‍ പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിചാരണയുടെ ഒരവസരത്തില്‍ ഫിന്നിഷ് നിയമങ്ങളെ അനുസരിക്കണമോ? അതോ ബൈബിളിനെ അനുസരിക്കണമോ? എന്നുവരെ വാദിഭാഗം ചോദിച്ചതായും, ആധുനികകാലത്തെ മതവിരുദ്ധ വിചാരണയായിരുന്നു ഫിന്നിഷ് കോടതിയില്‍ കണ്ടതെന്നും കോള്‍മാന്‍ പറഞ്ഞു. ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഐക്യത്തെയാണ് ക്രിസ്ത്യാനികള്‍ വിവാഹമായി പരിഗണിക്കുന്നതെന്നും ഈ പരിധിക്കകത്തുള്ള ലൈംഗീക ബന്ധങ്ങളെയാണ് ധാര്‍മ്മികമായി ശരിയായി കണക്കാക്കുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. യേശുവിന്റെ രക്ഷാകരമായ സുവിശേഷമാണ് ബൈബിളിലൂടെ നമുക്ക് നല്കപ്പെട്ടിരിക്കുന്നതെന്നു കോടതി മുറിക്ക് പുറത്തുവെച്ച് റസാനെന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ലോകമെമ്പാടുമുള്ള വിവിധ ക്രൈസ്തവ സമൂഹങ്ങളും, അമേരിക്കന്‍ നിയമസാമാജികരും, അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനകളും ഫിന്നിഷ് കോടതിനടപടിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തുവന്നിട്ടുണ്ട്. മതസ്വാതന്ത്ര്യം സംബന്ധിച്ച ഫിന്‍ലന്‍ഡിന്റെ പ്രതിജ്ഞാബദ്ധതയെ ചോദ്യം ചെയ്തുകൊണ്ട് യു.എസ് ഹൗസ് പ്രതിനിധികള്‍ ഫിന്നിഷ് സര്‍ക്കാരിന് കത്തയച്ചിരിന്നു. വിശുദ്ധ ബൈബിളിന്റെ അടിസ്ഥാനത്തില്‍ സ്വവർഗാനുരാഗം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി നിരവധി തവണ രംഗത്തു വന്ന നേതാവാണ് പൈവി. ഇവരുടെ വിചാരണ ഫെബ്രുവരി 14നു പുനഃരാരംഭിക്കും.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 733