News - 2025

തീവ്രവാദി ആക്രമണത്തിന്റെ ഓര്‍മ്മയില്‍ പ്രാര്‍ത്ഥനയുമായി മൊസാംബിക്കിലെ ക്രൈസ്തവര്‍

പ്രവാചകശബ്ദം 27-01-2022 - Thursday

കാബോ ഡെകല്‍ഗാഡോ: തെക്കേ ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിനു ഇരയാവര്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയുമായി മൊസാംബിക്കിലെ കാബോ ഡെല്‍ഗാഡോയിലെ മിയസ് പട്ടണത്തിലെ നൂയസ്ട്ര സെനോര ഡെല്‍ കാര്‍മെന്‍ ഇടവകാംഗങ്ങള്‍. 2017-ലെ തീവ്രവാദി ആക്രമണത്തില്‍ തകര്‍ത്ത ക്രിസ്ത്യന്‍ ദേവാലയത്തിന്റെ അവശേഷിപ്പുകള്‍ കൊണ്ട് നിര്‍മ്മിച്ച ക്രൂശിത രൂപത്തിന്റെ മുന്നില്‍വെച്ചായിരുന്നു പ്രാര്‍ത്ഥന. ക്രൂശിത രൂപത്തിന് പുറമേ, കുരിശിന്റെ വഴിയും, ജപമാലയും പ്രാര്‍ത്ഥിക്കുവാന്‍ വേണ്ടിയുള്ള സ്ഥലങ്ങളും വിശ്വാസികള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

നിഷ്ടൂരമായ ആക്രമണത്തില്‍ അംഗഭംഗം വന്ന പുരുഷന്‍മാരും, സ്ത്രീകളും, കുട്ടികളും ഉള്‍പ്പെടെയുള്ള നിരവധി ആളുകളുടെ സാഹചര്യത്തെ കുറിച്ച് ഓര്‍മ്മപ്പെടുത്തുവാനാണ് പ്രത്യേകമായി പ്രാര്‍ത്ഥന നടത്തിയതെന്നു കാബോ ഡെല്‍ഗാഡോയിലെ ബ്രസീല്‍ സ്വദേശിയായ സലേഷ്യന്‍ മിഷ്ണറി ഫാ. എഡെഗാര്‍ഡ് സില്‍വ പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡിന് (എ.സി.എന്‍) നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇസ്ലാമിക തീവ്രവാദികളുടെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ കാരണം മിയസെ പട്ടണത്തിലെ ക്രൈസ്തവര്‍ പലായനം ചെയ്യുവാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

കുരിശിന്റെ വഴിക്കും, ജപമാലക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനാ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് മുന്‍കൈ എടുത്ത വ്യക്തി കൂടിയാണ് ഫാ. എഡെഗാര്‍ഡ് സില്‍വ. കുരിശിന്റെ വഴിയിലെ മുഖ്യ ഘടകമാണ് അഗ്നിക്കിരയായ ക്രിസ്ത്യന്‍ ദേവാലയത്തിലെ മരംകൊണ്ട് നിര്‍മ്മിച്ച ക്രൂശിത രൂപമെന്ന്‍ പറഞ്ഞ ഫാ. സില്‍വ കുരിശിന്റെ വഴിയിലെ ഓരോ സ്ഥലത്തും പ്രാര്‍ത്ഥിക്കുമ്പോഴും കാബോ ഡെല്‍ഗാഡോയിലെ കൂട്ടക്കൊല ഓര്‍മ്മവരുമെന്നും കൂട്ടിച്ചേര്‍ത്തു. “കാബോ ഡെല്‍ഗാഡോയിലെ ക്രിസ്തുവിന്റെ മുഖമാണിത്” എന്നെഴുതിയ ഒരു ബോര്‍ഡും കുരിശിന്റെ വഴിക്കായി തയ്യാറാക്കിയ സ്ഥലത്തിന്റെ പ്രവേശന കവാടത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. തീവ്രവാദം, മതപരമായ അസഹിഷ്ണുത തുടങ്ങിയവക്ക് ഇരയായ നിരവധി ക്രൈസ്തവര്‍ കൊല്ലപ്പെട്ട രാജ്യമാണ് മൊസാംബിക്ക്.

More Archives >>

Page 1 of 732