News - 2024

പരിസ്ഥിതിക്ക് നാശം വരുത്തുന്ന കമ്പനികളുടെ സംഭാവനകള്‍ വേണ്ട: തീരുമാനവുമായി ഫിലിപ്പീന്‍സ് സഭ

പ്രവാചകശബ്ദം 02-02-2022 - Wednesday

മനില: ഖനനം പോലെ പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന വ്യവസായിക മേഖലകളില്‍ നിന്നുള്ള സംഭാവനകള്‍ വേണ്ടെന്നും, സൃഷ്ടാവിനോടും, സൃഷ്ടിയോടും നന്മപുലര്‍ത്തുന്ന സാമ്പത്തിക ഉറവിടങ്ങളില്‍ നിന്നുള്ള സംഭാവനകള്‍ മാത്രം സ്വീകരിച്ചാല്‍ മതിയെന്നുമുള്ള നിര്‍ണ്ണായക തീരുമാനവുമായി ഫിലിപ്പീന്‍സിലെ കത്തോലിക്ക മെത്രാന്മാര്‍. രണ്ടു ദിവസം നീണ്ട സമ്പൂര്‍ണ്ണ യോഗത്തിന് ശേഷം പാരിസ്ഥിതിയെ സംബന്ധിച്ച് ഫിലിപ്പീനോ മെത്രാന്‍സമിതി (സി.ബി.സി.പി) ഇക്കഴിഞ്ഞ ശനിയാഴ്ച അവതരിപ്പിച്ച അജപാലക നയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

രാജ്യത്തെ എല്ലാ രൂപതകളിലും ഈ നയം പ്രാബല്യത്തില്‍ വരുത്തുമെന്നും, അജപാലകപരമായി പല കാര്യങ്ങള്‍ ചെയ്യുവാനുണ്ടെങ്കില്‍ പോലും പരിസ്ഥിതിയുടെ ക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും ദേശീയ മെത്രാന്‍ സമിതി പ്രസിഡന്റ് ബിഷപ്പ് പാബ്ലോ വര്‍ജീലിയോ ഡേവിഡ് ഒരു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിനാശകരമായ ഊര്‍ജ്ജോല്‍പ്പാദന മേഖലകളില്‍ നിക്ഷേപം നടത്തുന്ന കമ്പനികളില്‍ നിന്നും വിട്ടുനില്‍ക്കുവാനും മെത്രാന്‍ സമിതി തീരുമാനിച്ചിട്ടുണ്ട്. ‘ലൗദാത്തോ സി’ എന്ന തന്റെ ചാക്രിക ലേഖനത്തിലൂടെ പാരിസ്ഥിതിക സംരക്ഷണത്തേക്കുറിച്ച് ഫ്രാന്‍സിസ് പാപ്പ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഉള്‍കൊണ്ടാണ് ഈ തീരുമാനമെന്നു സി.ബി.സി.പി വൈസ് പ്രസിഡന്റ് മൈലോ ഹ്യൂബര്‍ട്ട് വെര്‍ഗാര പറഞ്ഞു. 2013-2021 കാലയളവിനിടയില്‍ ലോകത്തുണ്ടായ ഏറ്റവും വിനാശകരമായ ചില ട്രോപ്പിക്കല്‍ കൊടുങ്കാറ്റുകളുടെ ദുരിതമനുഭവിക്കുന്ന ഫിലിപ്പീന്‍സ് പോലെയുള്ള കാലാവസ്ഥാപരമായി ദുര്‍ബ്ബലമായ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും ബിഷപ്പ് വെര്‍ഗാര ചൂണ്ടിക്കാട്ടി. ഖനന പദ്ധതികളില്‍ നിക്ഷേപം നടത്തിയിരിക്കുന്ന കത്തോലിക്ക കമ്പനികളില്‍ നിന്നും യാതൊരു സംഭാവനകളും സ്വീകരിക്കേണ്ടതില്ലെന്ന് രണ്ടുവര്‍ഷം മുന്‍പ് തന്നെ ഫിലിപ്പീനോ മെത്രാന്‍ സമിതി തീരുമാനിച്ചതാണ്.

വ്യാവസായികവും, സാമ്പത്തികവുമായ പ്രവര്‍ത്തനങ്ങളില്‍ കൊറോണ പകര്‍ച്ച വ്യാധി വരുത്തിയ തടസ്സം, ദശാബ്ദങ്ങളായുള്ള മലിനീകരണ പ്രവര്‍ത്തനങ്ങളിലൂടെ മനുഷ്യവംശം തങ്ങളുടെ ജന്മഗൃഹമായ ഭൂമിക്ക് വരുത്തിയ ദോഷങ്ങളെകുറിച്ച് ചിന്തിക്കുവാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. കല്‍ക്കരി, ഫോസില്‍ ഗ്യാസ് തുടങ്ങിയ ഊര്‍ജ്ജ്വോല്‍പ്പാദന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കുള്ള ഫണ്ട് പരിമിതപ്പെടുത്തണമെന്ന് ബാംങ്കിംഗ് സ്ഥാപനങ്ങളോട് മെത്രാന്‍മാര്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. പരിസ്ഥിതിക്ക് ഹാനികരമായ മേഖലകളില്‍ നിക്ഷേപം നടത്തിയിരിക്കുന്ന സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നും, കോര്‍പ്പറേഷനുകളില്‍ നിന്നും 2025-ഓടെ തങ്ങളുടെ മൂലധനവും, നിക്ഷേപങ്ങളും പൂര്‍ണ്ണമായും പിന്‍വലിക്കുവാനാണ് മെത്രാന്‍ സമിതിയുടെ തീരുമാനം.


Related Articles »