News - 2024

ഫ്രാന്‍സില്‍ കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത് എണ്ണൂറിലധികം ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍

പ്രവാചകശബ്ദം 13-02-2022 - Sunday

പാരീസ്: ക്രൈസ്തവ ഭൂരിപക്ഷ രാഷ്ട്രമായ ഫ്രാന്‍സില്‍ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എണ്ണൂറിലധികം ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍. 6.7 കോടി ജനസംഖ്യയുള്ള ഫ്രാന്‍സിലെ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ സംബന്ധിച്ച് നടന്നു കൊണ്ടിരിക്കുന്ന ഒരു അന്വേഷണത്തിന്റെ ഭാഗമായി ഫ്രഞ്ച് ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡര്‍മാനിന്‍ കഴിഞ്ഞ ഡിസംബറില്‍ നടത്തിയ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ ഫ്രഞ്ച് കത്തോലിക്കാ വാര്‍ത്ത മാധ്യമമായ ‘ലാ ക്രോയിക്സ്’ ആണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന 1,659 മതവിരുദ്ധ ആക്രമണങ്ങളില്‍ 857 എണ്ണത്തിലെയും ഇരകള്‍ ക്രിസ്ത്യാനികളായിരുന്നു.

യഹൂദര്‍ക്കെതിരെ 589 ആക്രമണങ്ങളും, മുസ്ലീങ്ങള്‍ക്കെതിരെ 213 ആക്രമണങ്ങളുമാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. പാര്‍ലമെന്റംഗങ്ങളായ ഇസബെല്ലെ ഫ്ലോറന്നെസിനോടും, ലുഡോവിക് മെന്‍ഡെസിനോടും രാജ്യത്ത് നടക്കുന്ന മതവിരുദ്ധ ആക്രമങ്ങളെകുറിച്ച് അന്വേഷിക്കുവാന്‍ ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്ടെക്സ്‌ ആവശ്യപ്പെട്ടിരുന്നു. പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന് മുന്‍പായി ഈ വരുന്ന മാര്‍ച്ചില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനാണ് നിര്‍ദ്ദേശം. ഫ്രാന്‍സിലെ കത്തോലിക്ക ദേവാലയങ്ങള്‍ നിരന്തരം ആക്രമിക്കപ്പെടുന്നുണ്ടെന്നു പാരീസ് ആസ്ഥാനമായുള്ള നിരീക്ഷക സംഘടനയായ 'ഒബ്സര്‍വേട്ടോയിറെ ഡെ ലാ ക്രിസ്റ്റ്യാനോഫോബി' (ഒബ്സര്‍വേറ്ററി ഓഫ് ക്രിസ്റ്റ്യാനോഫോബിയ) പറയുന്നത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കത്തോലിക്ക വൈദികനായ ഫാ. ഒളീവിയര്‍ മൈരേ കൊല്ലപ്പെട്ടതും, ഡിസംബറില്‍ മാതാവിന്റെ പ്രദിക്ഷിണത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന കത്തോലിക്കര്‍ക്കെതിരെ ഉണ്ടായ ആക്രമണവും കഴിഞ്ഞ വര്‍ഷം ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. സമീപ വര്‍ഷങ്ങളില്‍ നിരവധി തീവ്രവാദി ആക്രമണങ്ങള്‍ക്കാണ് ഫ്രാന്‍സ് സാക്ഷ്യം വഹിച്ചത്. ഇതില്‍ പലതും ക്രൈസ്തവരെ ലക്ഷ്യംവെച്ചുള്ളതായിരുന്നു. 2016-ല്‍ വടക്കന്‍ ഫ്രാന്‍സിലെ സെയിന്റ്-എറ്റിയന്നെ-ഡു-റൌറേയില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളായ തീവ്രവാദി ഫാ. ജാക്വസ് ഹാമലിനെ കൊലപ്പെടുത്തിയതും, ചിലതുമാത്രം.

പ്രതിദിനം ശരാശരി 2.7 എന്ന തോതില്‍ 996 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാണ് 2019-ല്‍ ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം രേഖപ്പെടുത്തിയിട്ടുള്ളത്‌. ഈ കണക്ക് വെച്ചു നോക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ മതവിരുദ്ധ ആക്രമണങ്ങളില്‍ 17.2% ത്തിന്റെ കുറവാണ്. കത്തോലിക്ക ദേവാലയങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ 20%ത്തോളം കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. 2019-ലെ സര്‍വ്വേ അനുസരിച്ച് ഫ്രാന്‍സില്‍ 48% കത്തോലിക്കരും, 34% ഒരു മതത്തിലും വിശ്വസിക്കാത്തവരും, 4% മുസ്ലീങ്ങളും, 1% യഹൂദരുമാണ് ഉള്ളത്.


Related Articles »