News - 2025

പാപ്പയുടെ പിന്തുണ ജനങ്ങള്‍ക്കു അനുഭവിച്ചറിയുവാന്‍ കഴിയുന്നുണ്ട്: നന്ദി അറിയിച്ച് യുക്രൈന്‍ പ്രസിഡന്‍റ്

പ്രവാചകശബ്ദം 01-03-2022 - Tuesday

വത്തിക്കാന്‍ സിറ്റി: കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ യുക്രൈന്റെ മേലുള്ള റഷ്യന്‍ കടന്നുകയറ്റത്തേത്തുടര്‍ന്നുള്ള അങ്ങേയറ്റം ആശങ്കാജനകമായ സ്ഥിതിഗതികളില്‍ ഫ്രാന്‍സിസ് പാപ്പ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇക്കഴിഞ്ഞ ശനിയാഴ്ച യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കിയെ ഫോണില്‍ വിളിച്ചാണ് പാപ്പ വിഷയത്തിലുള്ള തന്റെ ദുഃഖവും ആത്മീയ പിന്തുണയും അറിയിച്ചതെന്നു വത്തിക്കാനിലെ യുക്രൈന്‍ എംബസി ട്വിറ്ററില്‍ കുറിച്ചു. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം കനത്തതോടെ രാജ്യത്തെ സ്ഥിതിഗതികള്‍ അത്യന്തം സ്ഫോടനാത്മകമാണെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതിനിടെ യുക്രൈന്‍ ജനതയുടെ സമാധാനത്തിനും വെടിനിറുത്തലിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ പരിശുദ്ധ പിതാവിന് പ്രസിഡന്റ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ നന്ദി അറിയിച്ചു.

പാപ്പയുടെ ആത്മീയ പിന്തുണ യുക്രൈന്‍ ജനതക്ക് അനുഭവിച്ചറിയുവാന്‍ കഴിയുന്നുണ്ടെന്നു സെലെന്‍സ്കിയുടെ ട്വീറ്റില്‍ പറയുന്നു. ഫ്രാന്‍സിസ് പാപ്പയും വോളോഡിമിര്‍ സെലെന്‍സ്കിയും ഫോണില്‍ സംസാരിച്ച വിവരം വത്തിക്കാനും സ്ഥിരീകരിച്ചിട്ടുണ്ട്. യുക്രൈനില്‍ നിന്നും രക്ഷപ്പെടുവാന്‍ സഹായിക്കാമെന്ന അമേരിക്കയുടെ വാഗ്ദാനം സെലെന്‍സ്കി നിഷേധിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 24 പുലര്‍ച്ചെ റഷ്യന്‍ സൈന്യം യുക്രൈനില്‍ പ്രവേശിച്ചതു മുതല്‍ ആരംഭിച്ച യുദ്ധത്തില്‍ കൊല്ലപ്പെടുന്ന പട്ടാളക്കാരുടേയും, സാധാരണക്കാരുടേയും എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. നിരവധി യുക്രൈന്‍കാരാണ് രാജ്യത്തിന്റെ പടിഞ്ഞാറു ഭാഗത്തേക്കും, അയല്‍ രാജ്യമായ പോളണ്ടിലേക്കും അഭയം തേടികൊണ്ടിരിക്കുന്നത്. കീവ്, ലിവിവ് തുടങ്ങിയ നഗരങ്ങളില്‍ ജനങ്ങള്‍ സുരക്ഷ കേന്ദ്രങ്ങളിലും, അണ്ടര്‍ഗ്രൗണ്ട് റെയില്‍വേ സ്റ്റേഷനുകളിലുമാണ് അഭയം തേടിയിരിക്കുന്നത്.


Related Articles »