News - 2024
“ദൈവ നാമത്തില്‍ പറയുന്നു, ഈ കൂട്ടക്കൊല അവസാനിപ്പിക്കുക”: യുക്രൈനു നേരെയുള്ള ആക്രമണങ്ങളില്‍ പാപ്പ
പ്രവാചകശബ്ദം 14-03-2022 - Monday
വത്തിക്കാന്‍ സിറ്റി: യുക്രൈനില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ക്കെതിരെ റഷ്യ നടത്തിയ പ്രാകൃതമായ ആക്രമണത്തെ അപലപിച്ചും ഭീകര യുദ്ധം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ചും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഞായറാഴ്ചത്തെ ത്രികാല പ്രാര്‍ത്ഥനക്ക് ശേഷം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ തടിച്ചു കൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ. യുദ്ധം അവസാനിപ്പിക്കുവാന്‍ വേണ്ടിയുള്ള സാധാരണക്കാരുടെ ചിന്തയോടൊപ്പം വേദന നിറഞ്ഞ ഹൃദയത്തോടെ താനും ചേരുന്നുവെന്നും പാപ്പ പറഞ്ഞു.
ദൈവനാമത്തിൽ, ദുരിതമനുഭവിക്കുന്നവരുടെ നിലവിളി കേൾക്കണമെന്നും കൂട്ടക്കൊല നിർത്തണമെന്നും പാപ്പ അഭ്യര്‍ത്ഥിച്ചു. മാര്‍ച്ച് 9ന് മരിയുപോളിലെ മെറ്റേര്‍ണിറ്റി ആശുപത്രിക്ക് നേരെ റഷ്യ നടത്തിയ ആക്രമണത്തില്‍ 3 പേര്‍ കൊല്ലപ്പെടുകയും, 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ മൃതദേഹങ്ങള്‍ വലിയ കുഴിയെടുത്ത് കുഴിച്ച് മൂടിക്കൊണ്ടിരിക്കുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരിന്നു. ഈ സാഹചര്യത്തിലാണ് യുദ്ധം മതിയാക്കണമെന്ന തന്റെ ആവശ്യം ആവര്‍ത്തിച്ചു കൊണ്ട് പാപ്പ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
കന്യകാമാതാവിന്റെ നാമധേയത്തിലുള്ള നാലു ലക്ഷത്തോളം ആളുകള്‍ അധിവസിക്കുന്ന മരിയുപോള്‍ നഗരം ഒരു രക്തസാക്ഷി നഗരമായി മാറിക്കഴിഞ്ഞുവെന്നും, ഒരു സെമിത്തേരിയായി ചുരുങ്ങി കൊണ്ടിരിക്കുകയാണെന്നും പാപ്പ ചൂണ്ടിക്കാട്ടി. “ദൈവം സമാധാനത്തിന്റെ ദൈവം മാത്രമാണ്, അവൻ യുദ്ധത്തിന്റെ ദൈവമല്ല, അക്രമത്തെ പിന്തുണയ്ക്കുന്നവർ അവിടുത്തെ നാമത്തെ അശുദ്ധമാക്കുന്നു. കഷ്ടപ്പെടുന്നവർക്കുവേണ്ടി നമുക്ക് നിശബ്ദമായി പ്രാർത്ഥിക്കാം, സമാധാനത്തിനുവേണ്ടിയുള്ള ഉറച്ച മനസ്സിലേക്ക് ദൈവം അവരുടെ ഹൃദയങ്ങളെ പരിവർത്തനം ചെയ്യട്ടെയെന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
യുണൈറ്റഡ് റെഫ്യൂജി ഏജന്‍സിയുടെ കണക്കനുസരിച്ച് യുദ്ധം ആരംഭിച്ചതിന് ശേഷം ഇക്കഴിഞ്ഞ ഞായറാഴ്ച വരെ ഏതാണ്ട് 25 ലക്ഷത്തോളം ആളുകളാണ് യുക്രൈനില്‍ നിന്നും പലായനം ചെയ്തിരിക്കുന്നത്. കൂടുതല്‍ പേരും അയല്‍രാജ്യമായ പോളണ്ടിലേക്കാണ് ചേക്കേറിയിരിക്കുന്നത്. ഇക്കഴിഞ്ഞ വിഭൂതി തിരുനാള്‍ ദിവസം യുക്രൈന് വേണ്ടിയുള്ള പ്രാര്‍ത്ഥനദിനമായി ആചരിക്കണമെന്ന് പാപ്പ ലോകമെമ്പാടുമുള്ള കത്തോലിക്കരോട് ആഹ്വാനം ചെയ്തിരിന്നു. സമാധാന ശ്രമത്തിനും സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും രണ്ട് കര്‍ദ്ദിനാളുമാരെ പാപ്പ യുക്രൈനിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക