News - 2025
ഒരു ദശാബ്ദത്തിന് ശേഷം പെന്തക്കുസ്ത അനുഭവം സമ്മാനിച്ച് ഡമാസ്കസിലെ ത്രിദ്വിന കോണ്‍ഫറന്‍സ്
പ്രവാചകശബ്ദം 19-03-2022 - Saturday
ഡമാസ്കസ്: പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘം പശ്ചിമേഷ്യന്‍ രാഷ്ട്രമായ സിറിയയില്‍ സംഘടിപ്പിച്ച ത്രിദ്വിന കോണ്‍ഫറന്‍സിന് വിജയകരമായ സമാപനം. സിറിയയുടെ തലസ്ഥാനമായ ഡമാസ്കസില്‍ നടന്ന കോണ്‍ഫറന്‍സ് മാര്‍ച്ച് 17-നാണ് അവസാനിച്ചത്. കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ ഇതാദ്യമായാണ് ഡമാസ്കസ് ഇത്തരമൊരു കോണ്‍ഫറന്‍സിന് വേദിയാകുന്നത്. സിറിയന്‍ ആഭ്യന്തരയുദ്ധം അടിച്ചേല്‍പ്പിച്ച ഗുരുതരമായ മാനുഷിക അടിയന്തിരാവസ്ഥയെ കുറിച്ച് ചര്‍ച്ച ചെയ്യുവാനായി സിറിയയിലെ അപ്പസ്തോലിക കാര്യാലയവും, മെത്രാന്‍ സമിതിയും, പാത്രിയാര്‍ക്കീസുമാരും സംയുക്തമായാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.
ആലപ്പോയിലെ കല്‍ദായ കത്തോലിക്ക മെത്രാനായ അന്റോയിനെ ഓഡോ ആയിരുന്നു കോണ്‍ഫറന്‍സിന്റെ സെക്രട്ടറി. 2011-ല്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചതിന് ശേഷം പാത്രിയാര്‍ക്കീസുമാരും, മെത്രാന്മാരും, പുരോഹിതരും, അത്മായരും ഉള്‍പ്പെടെയുള്ള മുഴുവന്‍ സഭയേയും ഇതാദ്യമായി ഒരുമിച്ച് കൊണ്ടുവരുവാന്‍ കഴിഞ്ഞതിനാല്‍ ഇത് പ്രധാനപ്പെട്ട സംഭവമാണെന്നും ശരിക്കും പെന്തക്കുസ്ത അനുഭവത്തില്‍ ജീവിക്കുന്ന പ്രതീതിയാണ് ഈ കോണ്‍ഫറന്‍സ് സമ്മാനിച്ചതെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. 10 വര്‍ഷങ്ങളിലെ കഠിന പ്രയത്നത്തിന്റേയും, ക്ഷമയുടേയും, വിശ്വാസത്തിന്റേയും ഫലങ്ങള്‍ ഇന്നു നമ്മള്‍ കൊയ്യുകയാണെന്നും, ബിഷപ്പ് ഓഡോ പറഞ്ഞു. സിറിയയുടേയും പുതുതലമുറയുടേയും ഭാവിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് ബിഷപ്പ് തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.
അപ്പസ്തോലിക ന്യൂണ്‍ഷോ കര്‍ദ്ദിനാള്‍ മാരിയോ സെനാരി, പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ ലിയോണാര്‍ഡോ സാന്ദ്രി എന്നിവര്‍ക്ക് പുറമേ, മെല്‍ക്കൈറ്റ്, കാരിത്താസ് ഇന്റര്‍നാഷണല്‍, ജെസ്യൂട്ട് റെഫ്യൂജി സര്‍വീസ്, എ.വി.എസ്.ഒ പോലെയുള്ള പ്രാദേശിക ജീവകാരുണ്യ സംഘടനകളുടെ പ്രതിനിധികളും വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെ ഏതാണ്ട് ഇരുന്നൂറ്റിഅന്‍പതോളം പേര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. ആഭ്യന്തരയുദ്ധത്തിലൂടെ കടന്നുപോയ സിറിയന്‍ ജനത നേരിട്ട സമാന സംഭവങ്ങളിലൂടെയാണ് ഇപ്പോള്‍ യുക്രൈന്‍ ജനത കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നു കോണ്‍ഫറന്‍സ് വിലയിരുത്തിയിരിന്നു.