News - 2025
റഷ്യ- യുക്രൈന്‍ വിമലഹൃദയ പ്രതിഷ്ഠയിലെ മാര്‍പാപ്പയുടെ പ്രാര്‍ത്ഥന: മലയാള പരിഭാഷയുടെ പൂര്‍ണ്ണരൂപം
പ്രവാചകശബ്ദം 24-03-2022 - Thursday
റോം: റഷ്യ- യുക്രൈന്‍ രാജ്യങ്ങളെ ഫ്രാന്‍സിസ് പാപ്പ നാളെ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കാനിരിക്കെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അംഗീകാരത്തോടെ വത്തിക്കാന്‍ പുറത്തിറക്കിയ പ്രാര്‍ത്ഥനയുടെ പൂര്‍ണ്ണ പരിഭാഷ ചുവടെ നല്‍കുന്നു. കെസിബിസിയാണ് മലയാള പരിഭാഷയുടെ പൂര്‍ണ്ണരൂപം പുറത്തിറക്കിയിരിക്കുന്നത്.
പ്രാര്‍ത്ഥനയുടെ പൂര്‍ണ്ണരൂപം:
ദൈവമാതാവും ഞങ്ങളുടെ മാതാവുമായ മറിയമേ, പരീക്ഷണത്തിന്റെ ഈ സമയത്ത് ഞങ്ങള്‍ നിന്നിലേക്കു തിരിയുന്നു. ഞങ്ങളുടെ മാതാവായ നീ ഞങ്ങളെ സ്‌നേഹിക്കുകയും അറിയുകയും ചെയ്യുന്നു; ഞങ്ങളെ ഹൃദയങ്ങളുടെ ഒരാവശ്യവും നിന്നില്‍നിന്നു മറഞ്ഞിരിക്കുന്നില്ല. കരുണയുടെ മാതാവേ, എത്രയോ പ്രാവശ്യം നിന്റെ കരുതലുള്ള സംരക്ഷണവും ശാന്തമായ സാന്നിദ്ധ്യവും ഞങ്ങള്‍ അനുഭവിച്ചിട്ടുണ്ട്! സമാധാന രാജനായ യേശുവിന്റെ പക്കലേക്ക് ഞങ്ങളെ നയിക്കുന്നതില്‍ നിന്നു നീ ഒരിക്കലും പിന്മാറുന്നില്ല. എന്നാലും ഞങ്ങള്‍ സമധാനത്തിന്റെ പാതയില്‍ നിന്നു വ്യതിചലിച്ചിരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായ ദുരന്തങ്ങളില്‍ നിന്നു ലഭിച്ച പാഠങ്ങള്‍ ഞങ്ങള്‍ വിസ്മരിച്ചിരിക്കുന്നു; അതായത,് രണ്ട് ലോകമഹായുദ്ധങ്ങളിലുണ്ടായ ദശലക്ഷക്കണക്കിനു മനുഷ്യരുടെ ബലി. രാഷ്ട്രങ്ങളുടെ കൂട്ടായ്മ എന്ന നിലയില്‍ ഞങ്ങള്‍ എടുത്ത തീരുമാനങ്ങള്‍ ഞങ്ങള്‍ അവഗണിച്ചിരിക്കുന്നു. ജനതകളുടെ സമാധാന സ്വപ്നങ്ങളും യുവജനങ്ങളുടെ പ്രത്യാശയും ഞങ്ങള്‍ തകിടം മറിച്ചിരിക്കുന്നു.
ദുരാഗ്രഹംമൂലം ഞങ്ങള്‍ രോഗാകുലരായിരിക്കുന്നു; ഞങ്ങള്‍ ഞങ്ങളുടെ രാഷ്ട്രത്തെക്കുറിച്ചും ഞങ്ങളുടെ താത്പര്യത്തെക്കുറിച്ചും മാത്രം ചിന്തിച്ചു; ഞങ്ങള്‍ നിസ്സംഗതരായി; ഞങ്ങളുടെ സ്വാര്‍ഥ ആവശ്യങ്ങളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും മാത്രം ഞങ്ങള്‍ ബദ്ധശ്രദ്ധരായി. ഞങ്ങള്‍ ദൈവത്തെ മറന്നു; ഞങ്ങളുടെ വ്യാമോഹങ്ങളില്‍ സംതൃപ്തരായി; അങ്ങനെ ഞങ്ങള്‍ ഗര്‍വ്വിഷ്ഠരും അക്രമകാരികളുമായി; അതുവഴിയായി നിഷ്‌കളങ്ക ജീവനുകളെ അമര്‍ച്ചചെയ്യാനും യുദ്ധോപകരണങ്ങള്‍ വാരിക്കൂട്ടാനും ശ്രദ്ധിച്ചു. ഞങ്ങളുടെ സഹോദരന്റെ കാവല്‍ക്കാരാകുന്നതിലും ഞങ്ങളുടെ പൊതുഭവനത്തിന്റെ മേല്‍നോട്ടക്കാരാക്കുന്നതിലും ഞങ്ങള്‍ പിന്നാക്കം പോയി. ഭൂമിയാകുന്ന ഈ ഉദ്യാനത്തെ യുദ്ധംമൂലം തകര്‍ത്തുതരിപ്പണമാക്കി; ഞങ്ങളെല്ലാവരും സഹോദരന്മാരും സഹോദരിമാരും ആയിരിക്കണം എന്ന് ആഗ്രഹിക്കുന്ന സ്വര്‍ഗീയ പിതാവിന്റെ ഹൃദയം പാപംമൂലം ഞങ്ങള്‍ തകര്‍ത്തുകളഞ്ഞു. ഞങ്ങളോട് മാത്രമല്ലാതെ മറ്റെല്ലാവരോടും എല്ലാറ്റിനോടും ഞങ്ങള്‍ നിസ്സംഗത പുലര്‍ത്തി. ഇപ്പോള്‍ ഞങ്ങള്‍ ലജ്ജാകുലരായി നിലവിളിക്കുന്നു; കര്‍ത്താവേ, ഞങ്ങളോട് ക്ഷമിക്കണമേ!
പരിശുദ്ധ അമ്മേ, ഞങ്ങളുടെ പാപത്തിന്റെ പടുകുഴിയില്‍, ഞങ്ങളുടെ സംഘര്‍ഷങ്ങളിലും ബലഹീനതകളിലും, തിന്മയുടെയും യുദ്ധത്തിന്റെതുമായ അധര്‍മത്തിന്റെ രഹസ്യത്തിന്റെ മുമ്പില്‍ ദൈവം ഞങ്ങളെ ഒരിക്കലും ഉപേക്ഷിക്കുകയില്ല എന്നു നീ ഞങ്ങളെ ഓര്‍മിപ്പിക്കുന്നു; അവിടന്നു ഞങ്ങളെ സ്‌നേഹപൂര്‍വം കടാക്ഷിക്കുന്നുവെന്നും, എപ്പോഴും ഞങ്ങള്‍ക്കു മാപ്പു നല്കാനും ഞങ്ങളെ പുതുജീവിതത്തിലേക്കു ഉയര്‍ത്താനും താത്പര്യപ്പെടുന്നെന്നു നീ ഞങ്ങളെ അനുസ്മരിപ്പിക്കുന്നു. അവിടന്നു നിന്നെ ഞങ്ങള്‍ക്ക് നല്കിയിരിക്കുന്നു; നിന്റെ വിമലഹൃദയം സഭയ്ക്കും മനുഷ്യരാശി മുഴുവനും അഭയസ്ഥാനമാക്കിയിരിക്കുന്നു; ദൈവത്തിന്റെ സ്‌നേഹാര്‍ദ്ര താത്പര്യത്താല്‍ നീ ഞങ്ങളോടുകൂടെ എപ്പോഴും ഉണ്ട്; ഞങ്ങളുടെ ചരിത്രത്തിന്റെ ഏറ്റവും അസ്വസ്ഥജനകായ വേളകളില്‍പ്പോലും ഞങ്ങളെ നയിക്കാന്‍ സ്‌നേഹാര്‍ദ്രഭാവത്തോടെ നീ ഞങ്ങളുടെ കൂടെയുണ്ട്.
ഞങ്ങള്‍ നിന്നിലേക്കു തിരിഞ്ഞ് നിന്റെ ഹൃദയവാതിലില്‍ മുട്ടുന്നു. ഞങ്ങള്‍ നിന്റെ വത്സലമക്കളാണ്. ഞങ്ങളെ അനുതാപത്തിലേക്കു ക്ഷണിച്ചുകൊണ്ട്, എല്ലാ കാലങ്ങളിലും നീ ഞങ്ങള്‍ക്കു നിന്നെത്തന്നെ വെളിപ്പെടുത്തുന്നു. ഈ ഇരുണ്ട മണിക്കൂറില്‍ ഞങ്ങളെ സഹായിക്കുകയും ഞങ്ങള്‍ക്കു സ്വാന്തനമരുളുകയും ചെയ്യണമേ. ''നിങ്ങളുടെ മാതാവായ ഞാന്‍, ഇവിടെ നിങ്ങളുടെ കൂടെ ഇല്ലേ'' എന്ന് നീ ഒരിക്കല്‍കൂടെ ഞങ്ങളോടു പറയുക. ഞങ്ങളുടെ ഹൃദയത്തിന്റെയും ഞങ്ങളുടെ കാലഘട്ടത്തിന്റെയും കുരുക്കുകള്‍ അഴിക്കാന്‍ നീ പ്രാപ്തയാണ്. ഞങ്ങള്‍ നിന്നില്‍ വിശ്വാസമര്‍പ്പിക്കുന്നു. പ്രത്യേകിച്ച് പരീക്ഷണകാലത്ത് നീ ഞങ്ങളുടെ അപേക്ഷകളെ നിരസിക്കുയില്ലെന്നും നീ ഞങ്ങളുടെ സഹായത്തിനായെത്തുമെന്നും ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.
ഗലീലയിലെ കാനായില്‍ നീ അതാണല്ലോ ചെയ്തത്; അന്നു നീ യേശുവിനോട് അപേക്ഷിക്കുകയും അവിടന്നു തന്റെ ആദ്യത്തെ അടയാളം പ്രവര്‍ത്തിക്കയും ചെയ്തു. വിവാഹഘോഷത്തിന്റെ സന്തോഷം നിലനിറുത്താന്‍ നീ അവിടത്തോടു പറഞ്ഞു: ''അവര്‍ക്കു വീഞ്ഞില്ല'' (യോഹ 2:3). അമ്മേ, ഇപ്പോള്‍ ആ വാക്കുകളും ആ പ്രാര്‍ത്ഥനയും ആവര്‍ത്തിക്കണമേ; എന്തെന്നാല്‍ പ്രത്യാശയുടെ വീഞ്ഞ് ഞങ്ങളുടെ ദിനങ്ങളില്‍ വറ്റിപ്പോയിരിക്കുന്നു; സന്തോഷം ഇല്ലാതായിരിക്കുന്നു; സാഹോദര്യം മങ്ങിപ്പോയിരിക്കുന്നു. ഞങ്ങളുടെ മനുഷ്യത്വത്തെ ഞങ്ങള്‍ വിസ്മരിക്കുകയും സമാധാനം ദുര്‍വ്യയം ചെയ്യുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ ഹൃദയങ്ങള്‍ ഞങ്ങള്‍ അക്രമത്തിനും വിനാശത്തിനുമായി തുറന്നിരിക്കുന്നു. നിന്റെ മാതൃസഹായം ഞങ്ങള്‍ക്കു എത്രമാത്രം അനിവാര്യമായിരിക്കുന്നു!
ആകയാല്‍, അമ്മേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
സമുദ്ര താരമേ, യുദ്ധത്തിന്റെ കൊടുങ്കാറ്റിന്‍ ഞങ്ങള്‍ കപ്പലപകടത്തില്‍ പൊടാതിരിക്കട്ട.
പുതിയ ഉടമ്പടിയുടെ പേടകമേ, അനുരഞ്ജനത്തിന്റെ പദ്ധതികളും പാതകളും ഞങ്ങളില്‍ ഉണര്‍ത്തണമേ.
സ്വര്‍ഗത്തിന്റെ രാജ്ഞീ, ദൈവിക സമാധാനം ലോകത്തില്‍ പുനഃസ്ഥാപിക്കണമേ.
വിദ്വേഷവും, പ്രതികാരേഛയും ഇല്ലാതാക്കണമേ,
ക്ഷമ ഞങ്ങളെ അഭ്യസിപ്പിക്കണമേ.
യുദ്ധത്തില്‍നിന്നു ഞങ്ങളെ മോചിപ്പിക്കണമേ; അണു ആയുദ്ധങ്ങളുടെ ഉപദ്രവത്തില്‍ നിന്നു ഞങ്ങളുടെ ലോകത്തെ സംരക്ഷിക്കണമേ.
ജപമാലരാജ്ഞീ, പ്രാര്‍ത്ഥിക്കുന്നതിന്റെയും സ്‌നേഹത്തിന്റെയും ആവശ്യം ഞങ്ങള്‍ മനസ്സിലാക്കാന്‍ ഇടയാക്കണമേ.
മനുഷ്യകുടുംബത്തിന്റെ രാജ്ഞീ, ജനങ്ങള്‍ക്കു സാഹോദര്യത്തിന്റെ വഴി കാണിച്ചു കൊടുക്കണമേ.
സമാധാനത്തിന്റെ രാജ്ഞീ, ഞങ്ങളുടെ ലോകത്തിനു സമാധാനം നേടിത്തരണമേ.
അമ്മേ, അങ്ങയുടെ ദുഃഖപൂര്‍ണ്ണമായ യാചന ഞങ്ങളുടെ കഠിന ഹൃദയങ്ങളെ ചലിപ്പിക്കട്ടെ. ഞങ്ങളുടെ വിദ്വേഷത്താല്‍ ഉണങ്ങിവരണ്ട ഈ താഴ്‌വര നീ ഒഴുക്കുന്ന കണ്ണുനീരിനാല്‍ പുതുതായി പുഷ്പിക്കട്ടെ. യുദ്ധോപകരണങ്ങളുടെ ഇടിമുഴക്കത്തിനിടയില്‍ നിന്റെ പ്രാര്‍ത്ഥന ഞങ്ങളുടെ ചിന്തകളെ സമാധാനത്തിലേക്കു തിരിക്കട്ടെ. ബോംബുവര്‍ഷത്തിനിടയില്‍ സഹിക്കുകയും പലായനം ചെയ്യുകയും ചെയ്യുന്നവരെ നിന്റെ മാതൃസ്പര്‍ശം ആശ്വസിപ്പിക്കട്ടെ. തങ്ങളുടെ ഭവനങ്ങളും സ്വന്തം നാടും വിട്ടോടാന്‍ നിര്‍ബന്ധിതരാക്കുന്നവരെ നിന്റെ മാതൃത്താലിംഗനം സാന്ത്വനപ്പെടുത്തട്ടെ. നിന്റെ ദുഃഖപൂര്‍ണഹൃദയം ഞങ്ങളെ അനുകമ്പാര്‍ദ്രരാക്കുകയും പരുക്കേറ്റവും തള്ളിക്കളയപ്പെട്ടവരുമായ ഞങ്ങളുടെ സഹോദരിസഹോദരന്മാര്‍ക്കുവേണ്ടി ഞങ്ങളുടെ വാതിലുകള്‍ തുറക്കാനും അവരെ പരിചരിക്കാനും ഞങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുമാറാകട്ടെ.
പരിശുദ്ധ ദൈവമാതാവേ, നീ കുരിശിനു കീഴേ നിന്നപ്പോള്‍, തന്റെ ശിഷ്യനെ നിന്റെ അടുത്തുകണ്ടപ്പോള്‍, യേശു പറഞ്ഞു; ''ഇതാ, നിന്റെ മകന്‍'' (യോഹ 19:26). അങ്ങനെ അവിടന്നു ഞങ്ങളെ ഓരോരുത്തരെയും നിന്നെ ഭരമേല്‍പ്പിച്ചു. തന്റെ ശിഷ്യനോടും, ഞങ്ങള്‍ ഓരോരുത്തരോടും അവിടന്നു പറഞ്ഞു: ''ഇതാ, നിന്റെ അമ്മ'' (വാ. 27). മാതാവേ, നിന്നെ ഞങ്ങളുടെ ജീവിതങ്ങളിലേക്കും ഞങ്ങളുടെ ചരിത്രത്തിലേക്കും ക്ഷണിക്കാന്‍ ഞങ്ങള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നു. വളരെ സ്‌നേഹപൂര്‍വം നിന്നെ വണങ്ങുന്ന ഉക്രെയിനിലെയും റഷ്യയിലെയും ജനങ്ങള്‍ നിന്റെ നേര്‍ക്കു തിരിയുന്നു; എന്തെന്നാല്‍ നിന്റെ ഹൃദയം അവര്‍ക്കുവേണ്ടിയും യുദ്ധത്താലും, വിശപ്പിനാലും, അനീതിയാലും, ദാരിദ്രത്താലും തുടച്ചുനീക്കപ്പെടുന്നവര്‍ക്കുവേണ്ടിയും അനുകമ്പയാല്‍ ത്രസിക്കുന്നല്ലോ.
ആകയാല്‍ ദൈവമാതാവും ഞങ്ങളുടെ മാതാവുമായവളേ, ഞങ്ങള്‍ ഞങ്ങളെത്തന്നെയും സഭയെയും, മനുഷ്യരാശി മുഴുവനെയും, പ്രത്യേകിച്ച് റഷ്യയെയും ഉക്രെയിനെയും നിന്റെ വിമലഹൃദയത്തിനു ഭരമേല്‍പ്പിക്കുകയും പ്രിതിഷ്ഠിക്കുകയും ചെയ്യുന്നു. ഞങ്ങള്‍ ധൈര്യപൂര്‍വവും സ്‌നേഹപൂര്‍വവുമായി നടത്തുന്ന ഈ പ്രവൃത്തി സ്വീകരിക്കണമേ. യുദ്ധം അവസാനിക്കാനും ലോകം മുഴുവന്‍ സമാധാനം സ്ഥാപിക്കാനും ഇടയാക്കണമേ. നിന്റെ ഹൃദയത്തില്‍നിന്നു ഉയര്‍ന്നുവന്ന ''സമ്മതം'' സമാധാനരാജനു ചരിത്രത്തിന്റെ വാതിലുകള്‍ തുറന്നുകൊടുത്തു. നിന്റെ ഹൃദയത്തിലൂടെ സമാധാനം ഉദയം ചെയ്യുമെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. മനുഷ്യകുടുംബത്തിന്റെ മുഴുവന്‍ ഭാവിയും ഒരോ ജനതയുടെയും ആവശ്യങ്ങളും പ്രതീക്ഷകളും, ലോകത്തിന്റെ ഉല്‍ക്കണ്ഠകളും പ്രത്യാശകളും നിന്റെ മുമ്പില്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
നിന്റെ മാധ്യസ്ഥത്താല്‍ ദൈവിക കരുണ ഭൂമിയുടെമേല്‍ ചൊരിയപ്പെടുകയും സമാധാനത്തിന്റെ മൃദുലസ്വരലയം ഞങ്ങളുടെ ദിനങ്ങളെ അടയാളപ്പെടുത്തുകയും ചെയ്യട്ടെ.
''നീ സമ്മതം'' പറഞ്ഞതുവഴി പരിശുദ്ധാത്മാവിന്റെ ആവാസമുണ്ടായ ഞങ്ങളുടെ നാഥേ, ദൈവത്തില്‍നിന്നുവരുന്ന താളലയം ഞങ്ങളുടെ ഇടയില്‍ പുനഃസ്ഥാപിക്കപ്പെടട്ടെ. ഞങ്ങളുടെ ഹൃദയങ്ങളുടെ വരള്‍ച്ച ''പ്രത്യാശയുടെ സജീവ ശ്രോതസ്സാകുന്ന'' നിന്നാല്‍ നനയ്ക്കപ്പെടട്ടെ. നിന്റെ ഉദരത്തിലാണ് യേശു മാംസമെടുത്തത്; കൂട്ടായ്മ വളര്‍ത്താന്‍ ഞങ്ങളെ സഹായിക്കണമേ. നീ ഒരിക്കല്‍ ഞങ്ങളുടെ ലോകത്തിന്റെ വഴികള്‍ താണ്ടി; ഇന്നു ഞങ്ങളെ സമാധാനത്തിന്റെ പാതയിലുടെ നയിക്കണമേ. ആമേന്‍.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക