News - 2025

തീവ്ര യഹൂദ നിലപാടും അനധികൃത കുടിയേറ്റവും വെല്ലുവിളി: ജെറുസലേമിലെ ക്രിസ്ത്യന്‍ ജനസംഖ്യ കുത്തനെ കുറയുന്നുവെന്ന് വെളിപ്പെടുത്തല്‍

പ്രവാചകശബ്ദം 27-03-2022 - Sunday

ജെറുസലേം: ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ പുണ്യകേന്ദ്രമായ ജെറുസലേമിലെ ക്രൈസ്തവ ജനസംഖ്യ കുത്തനെ കുറയുന്നതില്‍ ആശങ്കയുമായി വിശുദ്ധ നാട്ടിലെ കത്തോലിക്ക സഭാതലവന്‍മാരുടെ സമിതിയുടെ ഔദ്യോഗിക വക്താവായ വാദി അബു നാസ്സര്‍. തുര്‍ക്കി വാര്‍ത്താ ഏജന്‍സിയായ അനഡോളു ന്യൂസ് ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1992-ല്‍ വിശുദ്ധ നാട്ടിലെ മൊത്തം ജനസംഖ്യയുടെ 25 ശതമാനമുണ്ടായിരുന്ന ക്രൈസ്തവരുടെ എണ്ണം കാലക്രമേണ കുറഞ്ഞ് ഇപ്പോള്‍ വെറും ഒരു ശതമാനമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേലി അധികാരികളുടെ കണക്കനുസരിച്ച് 2019-ല്‍ ജെറുസലേമിലെ മൊത്തം ജനസംഖ്യ 9,36,000-മാണ്. ഇതില്‍ 62% യഹൂദരും ബാക്കിയുള്ള 38% പലസ്തീനികളുമാണ്. ഇതില്‍ ക്രൈസ്തവരുടെ എണ്ണം വെറും 10,000-ല്‍ താഴെ മാത്രമാണ്.

വിശുദ്ധനാട്ടിലെ ക്രൈസ്തവരുടെ എണ്ണത്തിലെ ഗണ്യമായ കുറവിന് സാമ്പത്തികം മുതല്‍ രാഷ്ട്രീയം വരെയുള്ള നിരവധി കാരണങ്ങളുണ്ടെന്നു അബു നാസ്സര്‍ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ സാമ്പത്തിക കാരണങ്ങള്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും, കൊറോണ പകര്‍ച്ചവ്യാധി കാരണം പ്രധാന വരുമാനമാര്‍ഗ്ഗമായ ടൂറിസത്തില്‍ ഉണ്ടായ ഗണ്യമായ കുറവ് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍-പലസ്തീന്‍ പ്രതിസന്ധിയാണ് രാഷ്ട്രീയ കാരണങ്ങളില്‍ പ്രധാനം. മേഖലയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അസ്ഥിരത നിരവധി കുടുംബങ്ങളെ പലായനം ചെയ്യുന്നതിന് പ്രേരിപ്പിച്ചിട്ടുണ്ടെന്നു. അദ്ദേഹം പറയുന്നു.

വിശുദ്ധ നാട്ടിലെ ക്രൈസ്തവ ജനസംഖ്യയിലെ കുറവ് ക്രൈസ്തവരെ മാത്രമല്ല, ജെറുസലേമിന്റെ ബഹുസ്വരതയെ ഇഷ്ടപ്പെടുന്ന സകലരേയും ബാധിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനികള്‍ക്കെതിരെ യഹൂദ വര്‍ഗ്ഗീയവാദികള്‍ നടത്തുന്ന ആക്രമണങ്ങളും, വര്‍ദ്ധിച്ചുവരുന്ന അനധികൃത കുടിയേറ്റങ്ങളുമാണ് മറ്റൊരു പ്രധാന കാരണമായി അബു നാസ്സര്‍ ചൂണ്ടിക്കാട്ടുന്നത്. കിഴക്കന്‍ ജെറുസലേമിലും പരിസര പ്രദേശങ്ങളിലുമായി ഒരുപാട് അനധികൃത കുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇതൊരു രഹസ്യമല്ലെന്നും, ക്രൈസ്തവ പുണ്യകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങള്‍ ഇത്തരം അനധികൃത കുടിയേറ്റ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യകേന്ദ്രങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യഹൂദ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുവാന്‍ ഇസ്രായേല്‍ അധികാരികള്‍ കാര്യമായ ശ്രമങ്ങള്‍ നടത്താത്തതിനെ അദ്ദേഹം ശക്തമായ ഭാഷയില്‍ അപലപിച്ചു. ജെറുസലേമിലെ ക്രിസ്ത്യാനികളും, ക്രിസ്ത്യന്‍ പുണ്യസ്ഥലങ്ങളും നേരിടുന്ന ഭീഷണികളില്‍ ക്രിസ്ത്യന്‍ സഭാ തലവന്‍മാര്‍ ആശങ്കാകുലരാണെന്ന്‍ പറഞ്ഞ അബു നാസ്സര്‍, കഴിഞ്ഞ ഡിസംബറില്‍ പുറത്തുവിട്ട സംയുക്ത പ്രസ്താവനയിലൂടെ ക്രിസ്ത്യാനികള്‍ക്കെതിരെ തീവ്ര യഹൂദവാദികള്‍ നടത്തുന്ന ആക്രമണങ്ങളെ കുറിച്ച് സഭാതലവന്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ള കാര്യവും ചൂണ്ടിക്കാട്ടി.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »