News
ഫിലിപ്പീന്‍സിലെ നിത്യസഹായ മാതാവിന്റെ ദേവാലയം; മരിയ ഭക്തരുടെ ആശ്രയ കേന്ദ്രം
സ്വന്തം ലേഖകന്‍ 04-07-2016 - Monday
മനില: കത്തോലിക്ക സഭാ വിശ്വാസികള്‍ തിങ്ങി പാര്‍ക്കുന്ന രാജ്യമാണ് ഫിലിപ്പീന്‍സ്. ഫിലിപ്പീന്‍സ് ജനതയെ കുറിച്ച് ആഗോള ക്രൈസ്തവരുടെ ഇടയില്‍ ഒരു പ്രയോഗം തന്നെ നിലനില്‍ക്കുന്നുണ്ട്. 'ദൈവമാതാവുമായി സദാസമയം സ്‌നേഹ ബന്ധത്തിലുള്ള ജനം.' ഈ പ്രയോഗത്തെ ശരിവയ്ക്കുന്ന നിരവധി ദേവാലയങ്ങള്‍ ഫിലിപ്പിയന്‍സില്‍ കാണാം. മാതാവിന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ഫിലിപ്പിയന്‍സിലെ ഏറ്റവും വലിയ ദേവാലയമാണ് ബക്ലാരനിലെ നിത്യസഹായ മാതാവിന്റെ പള്ളി. മെട്രോ മനിലയുടെ ഭാഗമായ പ്രദേശത്താണ് ഈ പള്ളി നിലകൊള്ളുന്നത്.
എല്ലാ ബുധനാഴ്ച ദിവസവും ഒരു ലക്ഷത്തോളം വരുന്ന തീര്‍ത്ഥാടകരാണ് ബക്ലാരനിലെ നിത്യസഹായ മാതാവിന്റെ പള്ളിയിലേക്ക് എത്തുന്നത്. ഞായറാഴ്ചകളില്‍ മുക്കാല്‍ ലക്ഷത്തില്‍ അധികം ആളുകള്‍ പള്ളിയില്‍ എത്തിചേരുന്നു. നൂറു വര്‍ഷത്തില്‍ അധികം പഴക്കമുള്ള നിത്യസഹായമാതാവിന്റെ രൂപമാണ് ദേവാലയത്തില്‍ സ്ഥിതി ചെയ്യുന്നത്. 1886-ല്‍ വാഴ്ത്തപ്പെട്ട പയസ് ഒന്‍പതാമന്‍ മാര്‍പാപ്പയാണ് നിത്യസഹായ മാതാവിന്റെ രൂപം റിഡംപ്റ്ററിസ്റ്റ് സന്യാസ സമൂഹത്തിലെ വൈദികര്‍ക്ക് നല്‍കിയത്. പരിശുദ്ധ അമ്മയെ കുറിച്ചുള്ള അറിവ് ലോകത്ത് എല്ലാ സ്ഥലങ്ങളിലും എത്തിക്കുക എന്നതായിരുന്നു പാപ്പ ഇതുകൊണ്ട് ലക്ഷ്യമാക്കിയത്.
1906-ല്‍ ഫിലിപ്പീന്‍സില്‍ എത്തിയ റിഡംപ്റ്ററിസ്റ്റ് വൈദികര്‍ പോപ് നല്‍കിയ നിത്യസഹായ മാതാവിന്റെ സാദൃശ്യത്തിലുള്ള ഒരു രൂപവും ഫിലിപ്പിന്‍സില്‍ എത്തിച്ചു. മത്സ്യതൊഴിലാളികള്‍ തിങ്ങി പാര്‍ത്തിരുന്ന ഒരു പ്രദേശത്ത് തടികൊണ്ടു നിര്‍മ്മിച്ച ചെറു ദേവാലയത്തില്‍ പ്രസ്തുത രൂപം വൈദികര്‍ സ്ഥാപിച്ചു. 70 പേരടങ്ങുന്ന ഒരു ചെറു സമൂഹം മാത്രമായിരുന്നു ആദ്യമായി ഇവിടെ നൊവേനകള്‍ അര്‍പ്പിക്കുവാന്‍ എത്തിയിരുന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാന്റെ ആക്രമണത്തില്‍ പ്രദേശത്തെ പല കെട്ടിടങ്ങളും ദേവാലയങ്ങളും തകര്‍ന്നു. എന്നാല്‍ മാതാവിന്റെ രൂപത്തിനു മാത്രം ഒരു കേടും സംഭവിച്ചില്ല. 1958-ല്‍ പുതിയതായി പണിത ദേവാലയത്തിലേക്ക് മാതാവിന്റെ രൂപം മാറ്റി സ്ഥാപിച്ചു.
പുതിയ ദേവാലയം പണിത ശേഷം ഇന്നു വരെയും അതിന്റെ വാതിലുകള്‍ അടച്ചിട്ടില്ല എന്ന പ്രത്യേകതയും ഈ പള്ളിക്ക് ഉണ്ട്. ഫിലിപ്പിയന്‍സ് പ്രസിഡന്റ് ഫെര്‍ഡിനാഡ് മാര്‍ക്ക്‌സ് പ്രഖ്യാപിച്ച കര്‍ഫ്യൂവിന്റെ സമയത്തു പോലും ദേവാലയത്തിന്റെ വാതിലുകള്‍ തുറന്നു കിടന്നു. മൂന്നു ഷിഫ്റ്റുകളിലായി സുരക്ഷാ ഉദ്യോഗസ്ഥര്‍ ദേവാലയത്തിന്റെ വാതിലില്‍ കാവല്‍ നിന്ന് വാതില്‍ അടക്കാതെ തന്നെ നിലനിര്‍ത്തി.
വൈദികനായ ജോസഫ് എച്ചാനോയാണ് ദേവാലയത്തിന്റെ ഇപ്പോഴത്തെ റെക്ടര്‍. "ദൈവത്തിന്റെ സ്‌നേഹവും മാതാവിന്റെ മധ്യസ്ഥതയും ഇവിടെ വരുന്ന വിശ്വാസികള്‍ക്ക് തെളിവായി ദര്‍ശിക്കുവാന്‍ കഴിയുന്നുണ്ട്. ഇവിടെ എത്തുന്നവര്‍ അവരുടെ ജീവിതത്തിലെ സങ്കടങ്ങളും ഭാരങ്ങളും ഇറക്കി വച്ച് സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങുന്നു. മനോഹരമായ ദൈവമാതാവിന്റെ രൂപത്തില്‍ നിന്നു തന്നെ ആത്മീയ ചൈതന്യം ഒഴുകുന്നതായി ഇവിടെ വരുന്ന വിശ്വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു" ഫാദര്‍ ജോസഫ് എച്ചാനോ പറയുന്നു.
1981-ല്‍ തന്റെ ഫിലിപ്പിന്‍സിലേക്കുള്ള അപ്പോസ്‌തോലിക സന്ദര്‍ശനത്തിനിടെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഈ ദേവാലയം സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ 27-നു വാര്‍ഷിക തിരുനാള്‍ ആഘോഷിച്ച ബക്ലാരനിലെ നിത്യസഹായ മാതാവിന്റെ ദേവാലയം, നിത്യസഹായ മാതാവിന്റെ രൂപം നല്‍ക്കപ്പെട്ടതിന്റെ 150-ാം വാര്‍ഷികവും ആചരിച്ചു. ഭാവനാപൂര്‍ണ്ണമായ നിരവധി പദ്ധതികളും ലക്ഷക്കണക്കിനാളുകള്‍ തീര്‍ത്ഥാടകരായി എത്തുന്ന ഈ ദേവാലയത്തില്‍ നടത്തിവരുന്നു.
രണ്ടു ലക്ഷത്തോളം ഡോളര്‍ ചെലവഴിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനായി സോളാര്‍ പാനലുകള്‍ ദേവാലയത്തില്‍ സ്ഥാപിച്ചുവരികയാണ്. ദേവാലയത്തിലെ ആവശ്യത്തിനു ശേഷം അധികം വരുന്ന വൈദ്യുതി പൊതുവിതരണത്തിനായി നല്‍കുവാനും പദ്ധതിയുണ്ട്. തീര്‍ത്ഥാടകര്‍ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്ക് കുപ്പികള്‍ ശേഖരിച്ച് അതില്‍ മണ്ണ് നിറച്ച് പൂന്തോട്ടവും പച്ചക്കറി കൃഷിയും നടത്തപ്പെടുന്നു. വിശ്വാസികള്‍ക്ക് ആശ്രയമായിരിക്കുന്ന ഒരു വലിയ തീര്‍ത്ഥാടന കേന്ദ്രം, സമൂഹിക പ്രതിബന്ധതയോടെ പ്രവര്‍ത്തിക്കുന്നതിന്റെ ഉത്തമ മാതൃക കൂടിയായി മാറുകയാണ് ഫിലിപ്പിന്‍സിലെ ബക്ലാരനിലെ നിത്യസഹായ മാതാവിന്റെ പള്ളി.