India - 2025

എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന ഡിസംബർ 25 മുതലെന്ന് മാർ ആന്റണി കരിയില്‍

പ്രവാചകശബ്ദം 07-04-2022 - Thursday

കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന 2022 ഡിസംബർ 25 മുതൽ നടപ്പാക്കണമെന്നു നിർദേശിച്ച് അതിരൂപതയിലെ വൈദികർക്ക് മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ആന്റണി കരിയിലിന്റെ സർക്കുലർ. ഫ്രാൻസീസ് മാർപാപ്പയുടെ ആഹ്വാനം കണക്കിലെടുത്ത്, സീനഡ് തീരുമാനമനുസരിച്ചുള്ള വിശുദ്ധ കുർബാനയർപ്പണരീതിയിൽ നിന്ന് മുമ്പ് അതിരൂപതയ്ക്ക് നൽകിയ ഒഴിവ് ഇതിനാൽ ഭേദഗതി ചെയ്തതായും സർക്കുലറിൽ വ്യക്തമാക്കി.

അന്നുമുതൽ എറണാകുളം-അങ്കമാലി അതിരൂപതയിലെ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും സിനഡ് തീരുമാനപ്രകാരമുള്ള കുർബാനയർപ്പണരീതി നടപ്പിലാക്കേണ്ടതാണ്.അതിനുമുമ്പായി ഏകീകൃത കുർബാനയർപ്പണ രീതി സംബന്ധിച്ച എല്ലാ ക്രമീകരണ ങ്ങളും ചെയ്യണം. പുതിയ സാഹചര്യത്തിൽ, അതിരൂപതയിലെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളി ലും ഏകീകൃത അർപ്പണരീതി സംബന്ധിച്ച് ബോധനപ്രക്രിയ നടത്തേണ്ടതുള്ളതിനാലും, അതിരൂപതയിൽ എല്ലായിടങ്ങളിലും ഒരേദിവസംതന്നെ ഈ അർപ്പണരീതി ആരംഭിക്കുന്നതിലുള്ള നന്മ കണക്കിലെടുത്തും മറിച്ചായാൽ സംഭവിക്കാനിടയുള്ള അജപാലന പ്രശ്നങ്ങൾ പരിഗണിച്ചുമാണ് ഈ സമയക്രമീകരണം നിശ്ചയിച്ചിരിക്കുന്നതെന്നും സർക്കുലറിൽ പറയുന്നു.

സീറോ മലബാർ സഭാസിനഡ് നിശ്ചയിച്ച ഏകീകൃത കുർബാനക്രമം നടപ്പിലാക്കാത്ത എറണാകുളം-അങ്കമാലി അതിരൂപതയുടെ നടപടിയില്‍ ഖേദം പ്രകടിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ മേജർ ആർച്ച്ബിഷപ്പ്, മേജർ ആർച്ച്ബിഷപ്പിന്റെ വികാരി, എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികർ, സന്യസ്തർ, അൽമായ വിശ്വാസികൾ എന്നിവർക്കായി കത്തെഴുതിയിരിന്നു. വിശുദ്ധ കുർബാനയാഘോഷത്തിന്റെ ഏകീകൃത രൂപം എങ്ങനെയാകണമെന്ന സിനഡിന്റെ തീരുമാനം 2022 ഈസ്റ്ററിനു മുന്പായി താമസംവിനാ നടപ്പാക്കാൻ പാപ്പ നിര്‍ദ്ദേശിച്ചിരിന്നു.


Related Articles »