News - 2025

മാര്‍ ആന്റണി കരിയിൽ രാജി സന്നദ്ധത അറിയിച്ചതായി സൂചന

പ്രവാചകശബ്ദം 26-07-2022 - Tuesday

കൊച്ചി: സീറോ മലബാർ സഭയില്‍ വിമത വൈദികരോടൊപ്പം നിലകൊണ്ട എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തൻ വികാരി മാര്‍ ആന്റണി കരിയിൽ രാജി സന്നദ്ധത അറിയിച്ചതായി സൂചന. ഭാരതത്തിന്റെ അപ്പസ്തോലിക് ന്യൂണ്‍ഷോ ആർച്ച് ബിഷപ്പ് ലിയോപോൾദോ ജിറെല്ലി ഇന്നു കൊച്ചിയിലെത്തി മെത്രാപ്പൊലീത്തൻ വികാരി മാർ ആന്റണി കരിയിലുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാജി സന്നദ്ധത അറിയിച്ചതെന്ന് സൂചനയുണ്ട്. നേരത്തേ നൽകിയ നിർദേശമനുസരിച്ച് രാജിവെക്കണമെന്ന് ന്യൂണ്‍ഷോ ആവശ്യപ്പെട്ടതായും അതുപ്രകാരമാണ് മാർ ആന്റണി കരിയിൽ രാജി സന്നദ്ധത അറിയിച്ചതെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

സീറോ മലബാര്‍ സിനഡ് ഏകീകൃത കുർബാന വിഷയത്തിൽ വ്യക്തമായി തീരുമാനമെടുത്തിട്ടും മാര്‍പാപ്പയുടെ നിര്‍ദ്ദേശമുണ്ടായിരിന്നിട്ടും വത്തിക്കാന്റെയും സിനഡിന്റെയും നിർദേശം പാലിക്കാതിരുന്നതിനാലാണ് ന്യൂണ്‍ഷോ മാര്‍ കരിയിലിനോട് രാജി ആവശ്യപ്പെട്ടത്. സീറോ മലബാര്‍ സഭയിലെ 35 രൂപതകളിൽ എറണാകുളം അങ്കമാലി അതിരൂപതയിൽ മാത്രമാണ് ഏകീകൃത കുർബാന അർപ്പണം ഇനിയും നടപ്പാക്കാത്തത്. വിമത വൈദികരുടെ തീരുമാനങ്ങള്‍ക്കു ഒപ്പം മാര്‍ ആന്റണി കരിയിലും നിലകൊണ്ടിരിന്നു. രാജിക്കാര്യം സഭാപ്രതിനിധികളെ ന്യൂൺഷോ അറിയിച്ചിട്ടുണ്ടെന്നുമാണ് വിവരം. ഇതോടെ അതിരൂപതയ്ക്കു പുതിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ പ്രഖ്യാപിക്കുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യങ്ങളില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.


Related Articles »