News - 2025

ലോകത്തെ ഏറ്റവും പ്രായമേറിയ സലേഷ്യന്‍ വൈദികന്‍ ഫാ. ലാഡിസ്ലാവ് വിടവാങ്ങി

പ്രവാചകശബ്ദം 16-04-2022 - Saturday

സാവോപോളോ: ലോകത്തെ ഏറ്റവും പ്രായമേറിയ സലേഷ്യന്‍ വൈദികന്‍ എന്ന പേരില്‍ അറിയപ്പെട്ടിരിന്ന ഫാ. ലാഡിസ്ലാവ് ക്ലിനിക്കി അന്തരിച്ചു. ഏപ്രില്‍ 12-ന് തന്റെ 107-മത്തെ വയസ്സില്‍ ബ്രസീലിലെ സാവോ പോളയില്‍വെച്ചായിരുന്നു അന്ത്യം. സാവോപോളോയിലെ സാന്താ ടെരെസിന്‍ഹാ ഇടവകയിലെ ബ്ലസ്സഡ് സാക്രമെന്റ് സെമിത്തേരിയില്‍ ഭൗതീകശരീരം അടക്കം ചെയ്തു. സാവോപോളോ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ഒഡിലോ പെഡ്രോ ഷെറെരിന്റെ മുഖ്യ കാര്‍മ്മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച അന്ത്യശുശ്രൂഷക്കിടയില്‍ സലേഷ്യന്‍ പ്രൊവിന്‍ഷ്യല്‍ ഫാ. ജസ്റ്റോ ഏര്‍ണസ്റ്റോ പിസ്സിനിനി അനുസ്മരണ പ്രഭാഷണം നടത്തി. 1914-ല്‍ മുന്‍ സോവിയറ്റ് യൂണിയനിലെ കുര്‍സ്കില്‍ ജനിച്ച ഫാ. ക്ലിനിക്കി നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ 5 വര്‍ഷത്തോളം തടവില്‍ കഴിഞ്ഞിട്ടുണ്ട്. 1934-ല്‍ വ്രതവാഗ്ദാനം സ്വീകരിച്ച അദ്ദേഹം 1943-ല്‍ പോളണ്ടിലെ വാര്‍സോയില്‍വെച്ചാണ് തിരുപ്പട്ടം സ്വീകരിച്ചത്.

1968-ല്‍ ബ്രസീലില്‍ എത്തി. സാവോപോളോ സംസ്ഥാനത്തിലെ നിരവധി സ്ഥലങ്ങളില്‍ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ നടത്തി. 1942-ലാണ് അദ്ദേഹം നാസികളുടെ പിടിയിലാവുന്നത്. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ തടവില്‍ കഴിയവേ “മരണത്തില്‍ നിന്നും ഒരു ചുവടകലെ” എന്ന പേരില്‍ അദ്ദേഹം എഴുതിയ ഓര്‍മ്മക്കുറിപ്പ് ശ്രദ്ധനേടിയിരിന്നു. ദൈവത്തിലുള്ള വിശ്വാസവും, പ്രാര്‍ത്ഥനയുമായിരുന്നു തടവുകാലത്തെ തങ്ങളുടെ ഏറ്റവും വലിയ ആത്മീയ സഹായമെന്ന് ഓര്‍മ്മക്കുറിപ്പുകളില്‍ അദ്ദേഹം എഴുതി. 2018-ല്‍ സാവോപോളോ അതിരൂപത ‘അപ്പോസ്തല്‍ ഓഫ് സാവോപോളോ’ മെഡല്‍ നല്‍കി അദ്ദേഹത്തെ ആദരിക്കുകയുണ്ടായി.

More Archives >>

Page 1 of 752