News - 2025
പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുവാന്‍ ശ്രമിച്ചതിന് തടവിലായ പ്രതിക്ക് ജാമ്യം
പ്രവാചകശബ്ദം 22-04-2022 - Friday
ഫൈസലാബാദ്: പാക്കിസ്ഥാനിലെ ഫൈസലാബാദില്‍ പ്രായപൂര്‍ത്തിയാവാത്ത ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുവാന്‍ ശ്രമിച്ചയാള്‍ക്ക് ഫൈസലാബാദ് കോടതി ജാമ്യം അനുവദിച്ചു. 7 വയസ്സുകാരിയായ ജെസ്സിക്കാ പെര്‍വേസ് എന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുവാന്‍ ശ്രമിച്ച മുഹമ്മദ് ഷരീഫിനെയാണ് കോടതി ജാമ്യത്തില്‍ വിട്ടത്. ഇക്കഴിഞ്ഞ ഫെബ്രുവരി 7ന് മാതാപിതാക്കളുടെ കൂടെ ഒരു മൃതസംസ്കാര ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയതായിരുന്നു ജെസ്സീക്ക. മാതാപിതാക്കളില്‍ നിന്നും വേര്‍പെട്ടുപോയ ജെസ്സീക്കയെ മുഹമ്മദ് ഷരീഫ് തട്ടിക്കൊണ്ടുപോവുകയായിരുന്നു. മാനഭംഗപ്പെടുത്തുവാനുള്ള ശ്രമത്തിനിടയില്‍ പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് പിതാവായ പെര്‍വേസ് എത്തിയതാണ് കുട്ടിക്ക് രക്ഷയായത്.
പെര്‍വേസ് അറിയിച്ചതനുസരിച്ച് പോലീസ് എത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. തൊട്ടടുത്ത ദിവസം അറസ്റ്റിലായ മുഹമ്മദ് ഷരീഫ് പോലീസിനോട് കുറ്റം സമ്മതിക്കുകയും ചെയ്തതാണ്. എന്നാല്‍ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പെണ്‍കുട്ടിയുടെ പിതാവിന് ഭീഷണി ലഭിച്ച സാഹചര്യത്തിലാണ് ഈ കേസ് വീണ്ടും ശ്രദ്ധയാകര്‍ഷിക്കുന്നത്. തനിക്കും കുടുംബത്തിനുമെതിരെ ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന്‍ പെര്‍വേസ് മതന്യൂനപക്ഷങ്ങള്‍ക്ക് വേണ്ട നിയമസഹായങ്ങള്‍ നല്‍കുന്ന മനുഷ്യാവകാശ സംഘടനയായ ‘ഹ്യൂമന്‍ റൈറ്റ്സ് ഫോക്കസ് പാക്കിസ്ഥാന്‍’ (എച്ച്.ആര്‍.എഫ്.പി) സമീപിച്ചു.
സംഘടനയുടെ ഇടപെടലിനെ തുടര്‍ന്ന്‍ ഫൈസലാബാദ് ജില്ലാ ജയിലില്‍ അടക്കപ്പെട്ടുവെങ്കിലും മുഹമ്മദ് ഷരീഫിന് കഴിഞ്ഞ ആഴ്ച കോടതി ജാമ്യം അനുവദിക്കുകയായിരിന്നു. പെര്‍വേസിനും കുടുംബത്തിനുമെതിരെ വധഭീഷണി ഉണ്ടെന്നു ഏഷ്യാ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. . മതന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും തട്ടിക്കൊണ്ടുപോകുന്ന പെണ്‍കുട്ടികളില്‍ ഭൂരിഭാഗവും 7-നും 15-നും ഇടയില്‍ പ്രായമുള്ളവരാണെന്നു എച്ച്.ആര്‍.എഫ്.പി യുടെ പ്രസിഡന്റായ നവീദ് വാള്‍ട്ടര്‍ പറഞ്ഞു. ഈ സംഭവത്തോടെ മതന്യൂനപക്ഷങ്ങള്‍ക്കനുകൂലമായ നിയമനിര്‍മ്മാണം നടത്തേണ്ട സമയം അതിക്രമിച്ചു എന്ന അഭിപ്രായം പാക്കിസ്ഥാനില്‍ ശക്തിപ്പെടുകയാണ്. ഓരോ മാസവും ക്രൈസ്തവ പെണ്‍കുട്ടികള്‍കെകെ നേരെ കനത്ത അതിക്രമമാണ് രാജ്യത്തു അരങ്ങേറുന്നത്. ന്യൂനപക്ഷമായതിനാല്‍ പലപ്പോഴും കേസ് തേച്ച്മായ്ക്കപ്പെടുകയാണ് ചെയ്യുന്നത്.