News - 2025

ദേവാലയ പുനര്‍നിര്‍മ്മാണം: തടങ്കലിലായ ഈജിപ്ഷ്യന്‍ ക്രൈസ്തവര്‍ക്കു മോചനം

പ്രവാചകശബ്ദം 26-04-2022 - Tuesday

കെയ്റോ: ഈജിപ്തില്‍ അഗ്നിബാധയെ തുടര്‍ന്ന്‍ തകര്‍ന്ന ദേവാലയം പുനര്‍നിര്‍മ്മിക്കുന്നതിന് അനുവാദം നല്‍കാത്തതിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ തടവിലാക്കപ്പെട്ട 9 കോപ്റ്റിക് ക്രൈസ്തവര്‍ക്ക് ഒടുവില്‍ മോചനം. മിന്യാ പ്രവിശ്യയിലെ എസ്ബെറ്റ് ഫറഗാല ഗ്രാമത്തില്‍ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരില്‍ ജനുവരി 30 മുതൽ തടവിലായിരുന്ന ക്രൈസ്തവര്‍ക്കു ഇക്കഴിഞ്ഞ ഏപ്രിൽ 23 ശനിയാഴ്ചയാണ് മോചനം ലഭിച്ചത്. 2016-ലാണ് എസ്ബെറ്റ് ഫറഗാല ഗ്രാമത്തിലെ സെന്റ്‌ ജോസഫ് ആന്‍ഡ്‌ അബു സെഫെയിന്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ അവിചാരിതമായുണ്ടായ തീപിടുത്തത്തില്‍ തകരുന്നത്. അന്ന് മുതല്‍ തന്നെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആക്ഷേപമുണ്ടായിരിന്നു. മേഖലയിലെ എണ്ണൂറോളം ക്രൈസ്തവരുടെ ആശ്രയമായിരുന്നു ദേവാലയം.

ഇതിനിടെ ദേവാലയ കെട്ടിടം പൊളിച്ചു കളയുവാന്‍ അനുവാദം നല്‍കിയ സര്‍ക്കാര്‍ അധികാരികള്‍ ദേവാലയം പുനര്‍നിര്‍മ്മിക്കുന്നതിനുള്ള അനുമതി നിഷേധിക്കുകയും ചെയ്തു. ഇതിനെതിരെയാണ് ക്രൈസ്തവര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. നിയമവിരുദ്ധമായ യോഗങ്ങളിൽ പങ്കെടുത്ത് പൊതുസുരക്ഷയ്‌ക്കെതിരായി പ്രവര്‍ത്തിച്ചു, തകർന്ന പള്ളിയുടെ പുനർനിർമ്മാണത്തിലെ കാലതാമസത്തിന് അധികൃതരെ വിമർശിക്കുന്ന വീഡിയോ പ്രചരിപ്പിച്ചു തുടങ്ങീ നിരവധി ആരോപണങ്ങള്‍ ചാര്‍ത്തിയാണ് ക്രൈസ്തവരെ തടങ്കലിലാക്കിയത്. മോചനം ലഭിച്ച ഒമ്പത് പേർക്കും തങ്ങളുടെ പ്രിയപ്പെട്ടവരുമായി വീണ്ടും ഒന്നിക്കാനും ഏപ്രിൽ 24 ഞായറാഴ്ച കോപ്റ്റിക് സഭകൾ ആഘോഷിച്ച ഈസ്റ്റർ ചടങ്ങുകളിൽ പങ്കുചേരാനും കഴിഞ്ഞുവെന്ന്‍ ഏജന്‍സിയ ഫിഡെസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇക്കഴിഞ്ഞ മാർച്ച് 30ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ ഈജിപ്ഷ്യൻ സർക്കാരിനോട് തടവിലാക്കിയ ക്രിസ്ത്യാനികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിന്നു. കാലാകാലങ്ങളായി ദേവാലയനിര്‍മ്മാണവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഒരുപാട് നിയന്ത്രണങ്ങളുള്ള രാജ്യമാണ് ഈജിപ്ത്. 2016-ല്‍ ദേവാലയനിര്‍മ്മാണവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ അയവുവരുത്തിയെങ്കിലും, ദേവാലയ നിര്‍മ്മാണ, പുനര്‍നിര്‍മ്മാണ അപേക്ഷകളില്‍ ഭൂരിഭാഗവും തള്ളപ്പെടുകയാണ് പതിവ്. ഗ്രാമപ്രദേശങ്ങളിലാണ് ഈജിപ്ഷ്യന്‍ ക്രൈസ്തവര്‍ക്ക് പലപ്പോഴും മതസ്വാതന്ത്ര്യം പൂര്‍ണ്ണമായും നിഷേധിക്കപ്പെടുന്നത്. ചോദ്യം ചെയ്താല്‍ തടവിലാക്കപ്പെടുന്ന സ്ഥിതിയും രാജ്യത്തു നിലനില്‍ക്കുന്നുണ്ട്. ഇസ്ളാമിക ഭൂരിപക്ഷരാജ്യമായ ഈജിപ്തിലെ മൊത്തം ജനസംഖ്യയുടെ പത്തു ശതമാനം മാത്രമാണ് കോപ്റ്റിക് ക്രൈസ്തവര്‍.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »