News - 2025

യുക്രൈനിലെ യുദ്ധത്തെപ്പറ്റി പരാമർശം നടത്തി: കത്തോലിക്ക വൈദികനോട് രാജ്യം വിടണമെന്ന് റഷ്യ

പ്രവാചകശബ്ദം 29-04-2022 - Friday

മോസ്കോ : റഷ്യയുടെ തലസ്ഥാനമായ മോസ്കോയിൽ സേവനം ചെയ്തിരുന്ന മെക്സിക്കൻ സ്വദേശിയായ ഫാ. ഫെർണാണ്ടോ വെര എന്ന കത്തോലിക്കാ വൈദികനോട് രാജ്യം വിടാൻ റഷ്യ ആവശ്യപ്പെട്ടു. യുക്രൈനിൽ നടക്കുന്ന യുദ്ധത്തെപ്പറ്റി പരാമർശം നടത്തിയെന്ന കാരണമാണ് സർക്കാർ ഇങ്ങനെയൊരു നിർദേശം നൽകിയതിന് പിന്നിലെ കാരണമായി നിരീക്ഷിക്കുന്നത്. സെന്റസ് പീറ്റർ ആൻഡ് പോൾ ദേവാലയത്തിന്റെ ചുമതലയായിരുന്നു അദ്ദേഹം വഹിച്ചിരിന്നത്. ഒപ്പൂസ് ദേയി വൈദികനായ ഫെർണാണ്ടോ കഴിഞ്ഞ ഏഴ് വർഷമായി റഷ്യയിൽ സേവനം ചെയ്തു വരികയായിരിന്നു.

കാലിക പ്രസക്തിയുള്ള വിഷയങ്ങളെ പറ്റി തുറന്ന് സംസാരിക്കുന്ന ശൈലി വൈദികന്‍ പിന്തുടര്‍ന്നിരിന്നുവെന്ന് ഇടവകാംഗങ്ങൾ വെളിപ്പെടുത്തിയതായി ഏഷ്യാ ന്യൂസ് റിപ്പോർട്ട് ചെയ്തു. 15 ദിവസത്തിനുള്ളിൽ റഷ്യ വിടണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും വൈദികന് കത്ത് ലഭിച്ചതെന്ന് മോസ്കോയിലെ മദർ ഓഫ് ഗോഡ് അതിരൂപതയുടെ വികാരി ജനറാൾ ഫാ. കിറിൾ ഗുർബുനോവ് പറഞ്ഞു. രാജ്യം വിടാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടതിൽ അതിരൂപത ദുഃഖം രേഖപ്പെടുത്തി.

എന്നാൽ രാജ്യത്തേക്ക് തിരികെ മടങ്ങാനുള്ള സാധ്യതയും, അപ്പീൽ സാധ്യതയും തുറന്നു കിടക്കുന്നതിനാൽ പ്രശ്നപരിഹാരം സാധ്യമാകുമെന്ന പ്രതീക്ഷയും പുറത്തുവിട്ട പത്രക്കുറിപ്പിൽ അതിരൂപത പ്രകടിപ്പിച്ചു. പ്രസംഗത്തിൽ ഫെർണാണ്ടോ യുക്രൈൻ യുദ്ധത്തെപ്പറ്റി എന്തെങ്കിലും പരാമർശം നടത്തിയോയെന്ന് അറിയില്ലെന്നും, അതേക്കുറിച്ച് ആഭ്യന്തരമന്ത്രാലയം വിശദീകരണം നൽകിയിട്ടില്ലെന്നും ഫാ. കിറിൾ ഗുർബുനോവ് പറഞ്ഞു. യുക്രൈന് -റഷ്യ യുദ്ധം തുടങ്ങിയതിന്റെ അതേ ദിവസം തന്നെ സംഘർഷം അവസാനിപ്പിക്കാൻ രാഷ്ട്രീയനേതാക്കൾ ഇടപെടൽ നടത്തണമെന്ന് റഷ്യയിലെ കത്തോലിക്ക സഭാനേതൃത്വം സംയുക്തമായി ആവശ്യപ്പെട്ടിരുന്നു.


Related Articles »