Thursday News - 2025

പിശാച് ബാധിതരുടെ ചേഷ്ടകളും അതിനുള്ള പ്രതിരോധവും വിവരിച്ച് സ്വിസ് മെത്രാന്‍

പ്രവാചകശബ്ദം 09-01-2025 - Thursday

ബാസല്‍: ഭൂതോച്ചാടക കര്‍മ്മത്തിനിടയില്‍ തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളെക്കുറിച്ച് സ്വിറ്റ്സര്‍ലണ്ടിലെ ബാസലിലെ മുന്‍ സഹായ മെത്രാനും എണ്‍പത്തിരണ്ടുകാരനുമായ ബിഷപ്പ് മാര്‍ട്ടിന്‍ ഗാച്ച്റ്റര്‍ നല്‍കിയ അഭിമുഖം ശ്രദ്ധേയമാകുന്നു. മെത്രാനാകുന്നതിന് മുന്‍പ് തന്റെ മുപ്പതു വര്‍ഷത്തെ കാലയളവ് ഭൂതോച്ചാടനത്തിനു വേണ്ടി അദ്ദേഹം ചിലവഴിച്ചിരിന്നു. സ്വിറ്റ്സര്‍ലന്‍ഡില്‍ നടത്തിയ ഭൂതോച്ചാടനകര്‍മ്മത്തെക്കുറിച്ച് ‘കാത്ത്.സിച്ച്’ന് നല്‍കിയ അഭിമുഖത്തിലാണ് പിശാച് ബാധിതരുടെ ചേഷ്ടകളെ കുറിച്ച് അദ്ദേഹം വിവരിച്ചത്. അരമനയില്‍ തന്നെ കാണുവാന്‍ എത്തിയ സ്ത്രീ, രാത്രികള്‍ പിശാചുക്കള്‍ തന്നെ കട്ടിലില്‍ നിന്നും താഴേക്ക് തള്ളിയിടുകയാണെന്നു പറഞ്ഞതോടെയാണ് സംഭവങ്ങളുടെ ആരംഭം.

മുന്‍ മെത്രാന്‍മാരുടെ ചിത്രങ്ങള്‍ തൂക്കിയിട്ടിരുന്ന മുറിയില്‍വെച്ചായിരുന്നു സംസാരിച്ചത്. അവരെല്ലാവരും കുരിശ് ധരിച്ചിരിക്കുന്നത് കണ്ട ആ സ്ത്രീ അസ്വസ്ഥയായെന്നും, പൈശാചിക ശക്തികള്‍ക്ക് കുരിശ് ഒരിക്കലും സഹിക്കുവാന്‍ കഴിയില്ലെന്നും ബിഷപ്പ് മാര്‍ട്ടിന്‍ ഗാച്ച്റ്റര്‍ പറയുന്നു. തങ്ങള്‍ പിന്നെ മറ്റൊരു മുറിയിലേക്ക് പോയി, അവിടെ പരിശുദ്ധ കന്യകാമാതാവിന്റെ ചിത്രം കണ്ടതോടെ ആ സ്ത്രീ മുന്‍പത്തേതിനേക്കാളും കൂടുതല്‍ അസ്വസ്ഥയായി, അതില്‍ നിന്നും അവള്‍ക്ക് ശരിക്കും പിശാച് ബാധയുണ്ടെന്ന് തനിക്ക് മനസ്സിലായതായും അദ്ദേഹം വിവരിച്ചു.

അന്നത്തെ ബിഷപ്പ് കുര്‍ട്ട് കോച്ചിനെ ഇക്കാര്യം അറിയിച്ച ശേഷം അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഗാച്ച്റ്റര്‍ ഭൂതോച്ചാടനം ആരംഭിക്കുന്നത്. ഏതാണ്ട് 15 സെഷനുകള്‍ നീണ്ട ഭൂതോച്ചാടനമായിരുന്നു അത്. ഒരു സെഷനിടയില്‍ പെട്ടെന്ന് നിലത്തുവീണ ആ സ്ത്രീ തങ്ങളോട് ദേഷ്യപ്പെടുകയും തങ്ങളെ അപമാനിക്കുകയും ചെയ്തതായും അദ്ദേഹം പറയുന്നു. ‘എക്സോര്‍സിസ്റ്റ്’ സിനിമയില്‍ കാണുന്നതുപോലെ തന്നെ അവളുടെ ശരീരം വിറക്കുകയായിരുന്നു. അവളുടെ മുഖം ഭയാനകമായി മാറി. അവളെകണ്ടാല്‍ തിരിച്ചറിയുവാന്‍ പോലും കഴിയില്ലായിരുന്നെന്നും, ശബ്ദം പൂര്‍ണ്ണമായും മാറിയെന്നും അദ്ദേഹം പറയുന്നു.

ഈ സ്ത്രീയെ വിശുദ്ധ ജലം കൊണ്ടും കുരിശുകൊണ്ടും ആശീര്‍വദിച്ചപ്പോള്‍ ആ സ്ത്രീ “ഇത് തീയാണ്” എന്ന് പറഞ്ഞുകൊണ്ട് അലറുകയായിരുന്നു. സാധാരണ ജലം ഒഴിക്കുമ്പോള്‍ അവളില്‍ പ്രതികരണം ഇല്ലാതിരിക്കുന്നതും, വിശുദ്ധ ജലം തളിക്കുമ്പോള്‍ “പൊള്ളുന്നു” എന്ന് പറഞ്ഞുകൊണ്ട് അവള്‍ അലറുന്നതും ശ്രദ്ധിച്ചതായും അദ്ദേഹം പറയുന്നു. വിശുദ്ധ ജലം മാമ്മോദീസയുടെ ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമല്ല എന്ന് പറഞ്ഞ ബിഷപ്പ് ഗാച്ച്റ്റര്‍ വിശുദ്ധ ജലത്തെ പിശാച് ഭയക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ആശീര്‍വാദത്തിന് ശേഷം ആ സ്ത്രീ പഴയപടിയായിത്തുടങ്ങി.

ഭൂതോച്ചാടനത്തിന് ദൈവശാസ്ത്രത്തിലും, അജപാലനത്തിലും നല്ല ബോധ്യമുള്ള വൈദികനായിരിക്കേണ്ടതുണ്ടെന്നും ഇതിനുപുറമേ, വിവിധ തരത്തിലുള്ള മാനസിക രോഗങ്ങള്‍ തിരിച്ചറിയുന്നതിനായി മനശാസ്ത്രപരമായ അറിവുണ്ടായിരിക്കുന്നതും നല്ലതാണെന്നും പറഞ്ഞുകൊണ്ടാണ് ബിഷപ്പ് ഗാച്ച്റ്റര്‍ തന്റെ അഭിമുഖം അവസാനിപ്പിച്ചത്. 2014 ഡിസംബര്‍ 22നു വിരമിച്ച അദ്ദേഹം ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുകയാണ്.

(Originally published on July 2021)

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »