News - 2025
വത്തിക്കാനിലെ അമേരിക്കന്‍ എംബസ്സി കെട്ടിടത്തില്‍ എല്‍ജിബിടി പതാക: വ്യാപക പ്രതിഷേധം
പ്രവാചകശബ്ദം 03-06-2022 - Friday
വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ അമേരിക്കന്‍ എംബസി സ്വവര്‍ഗ്ഗാനുരാഗികളുടെ ‘പ്രൈഡ് മന്ത്’ന് പിന്തുണ പ്രഖ്യാപിച്ചുക്കൊണ്ട് ‘മഴവില്‍ പതാക’ (റെയിന്‍ബോ ഫ്ലാഗ്) പ്രദര്‍ശിപ്പിച്ച നടപടിയില്‍ വ്യാപക പ്രതിഷേധം. ആഗോള കത്തോലിക്ക സഭ യേശുവിന്റെ തിരുഹൃദയത്തിന്റെ വണക്കമാസമായി ആചരിക്കുന്ന ജൂണ്‍ മാസത്തില്‍ സ്വവര്‍ഗ്ഗാനുരാഗം സംബന്ധിച്ച കത്തോലിക്ക പ്രബോധനങ്ങള്‍ക്ക് വിരുദ്ധമായി അമേരിക്കന്‍ എംബസി കൈകൊണ്ട നടപടിയ്ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. യാഥാസ്ഥികരായ നിരവധി അമേരിക്കക്കാരാണ് ഇതിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ എല്‍.ജി.ബി.ടി സമൂഹത്തിനുള്ള തന്റെ പിന്തുണ ആവര്‍ത്തിച്ച സാഹചര്യത്തിലാണ് ഈ നടപടിയെന്ന് നിരീക്ഷിക്കപ്പെടുന്നു. നിരവധി ഹാഷ്ടാഗുകളും. 6 ബാന്‍ഡോടുകൂടിയ മഴവില്‍ പതാകയുടെ ഫോട്ടോ സഹിതം ഇക്കഴിഞ്ഞ ജൂണ്‍ 1-ന് വത്തിക്കാനിലെ അമേരിക്കന്‍ എംബസ്സി ട്വീറ്റ് ചെയ്തിരിന്നു. കഴിഞ്ഞ വര്‍ഷവും വത്തിക്കാനിലെ അമേരിക്കന്‍ എംബസ്സി സമാനമായ രീതിയില്‍ മഴവില്‍ പതാക പ്രദര്‍ശിപ്പിച്ചിരുന്നു. അതേസമയം അമേരിക്കന്‍ എംബസ്സിയുടെ നടപടിയെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തുവന്നിട്ടുണ്ട്.
യേശുവിന്റെ തിരുഹൃദയത്തിന്റെ ചിത്രത്തിനൊപ്പം “ഇത് മാരകപാപമാണ്” എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ‘എന്റെ സ്വന്തം രാഷ്ട്രം വത്തിക്കാനില്‍വെച്ച് തന്നെ ഈ വിശുദ്ധ മാസത്തെ അപമാനിച്ചതില്‍ എനിക്ക് ലജ്ജ തോന്നുന്നു’ എന്നാണ് മറ്റൊരു കമന്റില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം, പല കോണുകളില്‍ നിന്ന് ഉയര്‍ന്ന അഭ്യൂഹങ്ങള്‍ക്കും വ്യാജ പ്രചാരണങ്ങള്‍ക്കും കടിഞ്ഞാണിട്ട് സ്വവര്‍ഗ്ഗവിവാഹം സംബന്ധിച്ച സഭാ നിലപാട് വ്യക്തമാക്കി വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റെ (സി.ഡി.എഫ്) ഔദ്യോഗിക വിശദീകരണ കുറിപ്പ് പുറത്തുവിട്ടിരിന്നു. വിവാഹേതര ലൈംഗീക ബന്ധങ്ങളും, സ്ത്രീയും പുരുഷനും തമ്മിലല്ലാത്ത സ്വവര്‍ഗ്ഗാനുരാഗികളുടെ ബന്ധങ്ങളും ആശീര്‍വദിക്കുവാന്‍ കഴിയില്ലെന്നും വിശ്വാസതിരുസംഘം വ്യക്തമാക്കിയിരിന്നു.