News - 2025
ഫ്രാന്‍സിസ് പാപ്പ രാജിവെക്കുവാന്‍ പോകുന്നുവെന്ന പ്രചരണം നിഷേധിച്ച് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി
പ്രവാചകശബ്ദം 24-06-2022 - Friday
വത്തിക്കാന്‍ സിറ്റി: ആരോഗ്യപരമായ കാരണങ്ങളാല്‍ ഫ്രാന്‍സിസ് പാപ്പ, രാജിവെക്കുവാന്‍ പദ്ധതിയിടുന്നു എന്ന രീതിയിലുള്ള വാര്‍ത്തകള്‍ വെറും കിംവദന്തി മാത്രമാണെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍. രാജിവെക്കുവാനുള്ള സാധ്യതകളെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി, ഇതിനേക്കുറിച്ച് ഒന്നും പറയുവാനില്ലെന്നും, ഇത് വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്നുമായിരുന്നു വത്തിക്കാനിലെ രണ്ടാമത്തെ ഉന്നത ഉദ്യോഗസ്ഥന്‍ കൂടിയായ കര്‍ദ്ദിനാള്‍ പിയത്രോ പരോളിന്റെ പ്രതികരണം. അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുമായുള്ള ബന്ധം വളര്‍ത്തുന്നത് സംബന്ധിച്ച് ഇറ്റാലിയന്‍ ഗവണ്‍മെന്റ് സംഘടിപ്പിച്ച ‘കൊഓപെറാ’ കോണ്‍ഫറന്‍സുമായി ബന്ധപ്പെട്ടായിരുന്നു കര്‍ദ്ദിനാളിന്റെ പ്രതികരണം.
തന്റെ മുന്‍ഗാമിയായ ബെനഡിക്ട് പതിനാറാമന്റെ പാത പിന്തുടര്‍ന്ന് ഫ്രാന്‍സിസ് പാപ്പ പേപ്പല്‍ സിംഹാസനത്തില്‍ നിന്നും രാജിവെക്കുവാനുള്ള സാധ്യതകളെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി, ഇതിനേക്കുറിച്ച് ഒന്നും പറയുവാനില്ലെന്നും, ഇത് വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്നുമായിരുന്നു വത്തിക്കാനിലെ രണ്ടാമത്തെ ഉന്നത ഉദ്യോഗസ്ഥനും, സ്റ്റേറ്റ് സെക്രട്ടറിയുമായ കര്‍ദ്ദിനാള്‍ പിയത്രോ പരോളിന്‍ പറഞ്ഞത്. കര്‍ദ്ദിനാളിനു പുറമേ, സമീപകാലത്ത് പാപ്പയുമായി സംസാരിച്ചിട്ടുള്ള എല്ലാവരും ഈ വാര്‍ത്ത ഒരേസ്വരത്തില്‍ നിഷേധിച്ചിരിന്നു.
ദൈവം അനുവദിക്കുന്ന കാലത്തോളം പരിശുദ്ധ കത്തോലിക്ക സഭയുടെ തലപ്പത്ത് തുടരുവാനാണ് തന്റെ തീരുമാനമെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞതായി പാപ്പയുമായി കൂടിക്കാഴ്ച നടത്തിയ ബ്രസീലിലെ മെത്രാന്‍മാര്‍ പറഞ്ഞിരിന്നു. പാപ്പ രാജിവെക്കുവാന്‍ പദ്ധതിയിടുന്നു എന്ന വാര്‍ത്ത വ്യാജമാണെന്നാണ് കര്‍ദ്ദിനാള്‍ സമിതിയിലെ പാപ്പയുടെ ഉപദേഷ്ടാവായ കര്‍ദ്ദിനാള്‍ ഓസ്കാര്‍ ആന്‍ഡ്രെസ് റോഡ്രിഗസ് മാരാഡിയാഗയും ജൂണ്‍ 9-ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിന്നു. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ചിലരുടെ ആഗ്രഹം മാത്രമാണെന്നായിരിന്നു അത്മായ, കുടുംബ, ജീവിതത്തിന് വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ തലവനും, പാപ്പയുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്യുന്ന കര്‍ദ്ദിനാള്‍ കെവിന്‍ ഫാരെലിന്റെ പ്രതികരണം.
മുട്ടുകാലിലെ സന്ധിസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്നു മെയ് മാസം മുതല്‍ ഫ്രാന്‍സിസ് പാപ്പ വീല്‍ചെയര്‍ ഉപയോഗിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ബുധനാഴ്ചത്തെ തന്റെ പൊതു അഭിസംബോധനക്കായി വടിയുടെ സഹായത്താലാണ് പാപ്പ എത്തിയത്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നു പാപ്പയുടെ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന തെക്കന്‍ സുഡാന്‍, കോംഗോ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളിലെ സന്ദര്‍ശന പരിപാടിയും നീട്ടിവെച്ചിരിക്കുകയാണ്.വത്തിക്കാനില്‍ നടക്കുവാനിരിക്കുന്ന കര്‍ദ്ദിനാള്‍മാരുടെ ഉച്ചകോടി ഓഗസ്റ്റ് 27-ലേക്ക് നിശ്ചയിച്ചതും, അതേ മാസം തന്നെ, മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്‍ രാജിവെക്കുന്നതിന് മുന്‍പായി ചെയ്തതുപോലെ സെലസ്റ്റിന്‍ അഞ്ചാമന്‍ പാപ്പയുടെ ശവകുടീരം സന്ദര്‍ശിക്കുവാന്‍ തീരുമാനിച്ചതും 85 കാരനായ ഫ്രാന്‍സിസ് പാപ്പ രാജിവെക്കുവാന്‍ പദ്ധതിയിടുന്നു എന്ന ഊഹാപോഹങ്ങള്‍ക്ക് ശക്തി പകരുന്നതിന് കാരണമായിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക