Arts - 2024

‘ദി പോപ്സ് എക്സോര്‍സിസ്റ്റ്’: പ്രമുഖ ഭൂതോച്ചാടകനായ ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്

പ്രവാചകശബ്ദം 30-06-2022 - Thursday

റോം: തന്റെ പൗരോഹിത്യ ജീവിത കാലത്ത് ആയിരക്കണക്കിന് ഭൂതോച്ചാടനങ്ങള്‍ നടത്തിയ വത്തിക്കാന്റെ ഔദ്യോഗിക ഭൂതോച്ചാടകനായ ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. ആഗോള തലത്തില്‍ ശ്രദ്ധേയനായ ഫാ. ഗബ്രിയേലിന്റെ വേഷം കൈകാര്യം ചെയ്യുവാന്‍ അവസരം ലഭിച്ചതിലുള്ള സന്തോഷത്തിലാണ് നടന്‍ റസ്സല്‍ ക്രോ. 2018-ല്‍ പുറത്തിറങ്ങിയ ‘ഓവര്‍ലോഡ്’ എന്ന ഹൊറര്‍ ചിത്രത്തിലൂടെ പ്രശസ്തനായ ജൂലിയസ് അവേരിയുടെ ‘ദി പോപ്‌’സ് എക്സോര്‍സിസ്റ്റ്’ എന്ന പുതിയ ത്രില്ലര്‍ സിനിമയിലാണ് ഇറ്റാലിയന്‍ വൈദികനായ ഫാ. അമോര്‍ത്തിന്റെ വേഷം കൈകാര്യം ചെയ്യുന്നത്. 2000-ല്‍ പ്രദര്‍ശനത്തിനെത്തിയ ഇതിഹാസ സിനിമയായ ഗ്ലാഡിയേറ്ററിലെ അഭിനയത്തിന് റസ്സല്‍ ക്രോയ്ക്കു ഓസ്കാര്‍ ലഭിച്ചിരുന്നു.

സുപ്രസിദ്ധ നിര്‍മ്മാണ കമ്പനിയായ ‘സ്ക്രീന്‍ ജേം’ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം സെപ്റ്റംബറില്‍ അയര്‍ലന്‍ഡില്‍ തുടങ്ങുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ‘ആന്‍ എക്സോര്‍സിസ്റ്റ് ടെല്‍സ് ഹിസ്‌ സ്റ്റോറി ആന്‍ഡ്‌ ആന്‍ എക്സോര്‍സിസ്റ്റ് മോര്‍ സ്റ്റോറീസ്' എന്ന പേരിലുള്ള ഫാ. അമോര്‍ത്തിന്റെ രണ്ട് ഓര്‍മ്മകുറിപ്പുകളെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്. 1925-ല്‍ ഇറ്റലിയിലെ മൊഡേണയിലാണ് ഫാ. അമോര്‍ത്ത് ജനിച്ചത്. 1954-ല്‍ തിരുപ്പട്ട സ്വീകരണം നടത്തിയ അദ്ദേഹം 1986 മുതല്‍ 2016-ല്‍ 91-മത്തെ വയസ്സില്‍ മരിക്കുന്നതുവരെ റോം രൂപതയുടെ ഔദ്യോഗിക ഭൂതോച്ചാടകനായി സേവനം ചെയ്തിരുന്നു. 1990-ല്‍ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് എക്സോര്‍സിസ്റ്റ് എന്ന സംഘടനക്കും അദ്ദേഹം തന്നെയാണ് രൂപം നല്‍കിയത്.

ഭൂതോച്ചാടനത്തിനിടയ്ക്കു തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ചു ഫാ. അമോര്‍ത്ത് നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. സൊസൈറ്റി ഓഫ് സെന്റ് പോളിന്റെ വിവിധ ചുമതലകള്‍ വഹിച്ചിട്ടുള്ള വ്യക്തി കൂടിയാണ് ഫാ. ഗബ്രിയേല്‍ അമോര്‍ത്ത്. സ്‌കൂള്‍ അധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2015-ല്‍ മെഡല്‍ ഓഫ് ലിബറേഷന്‍ പുരസ്‌കാരം നല്‍കി ഇറ്റലി അമോര്‍ത്തിനെ ആദരിച്ചിരുന്നു.


Related Articles »