India - 2024
ബിഷപ്പ് ഡോ. തോമസ് മാർ അന്തോണിയോസ് ചുമതലയേറ്റു
പ്രവാചകശബ്ദം 01-07-2022 - Friday
ന്യൂഡൽഹി: മലങ്കര കത്തോലിക്കാ സഭയുടെ ഡൽഹി ഗുരുഗ്രാം രൂപതയുടെ ഇടയനായി ബിഷപ്പ് ഡോ. തോമസ് മാർ അന്തോണിയോസ് ചുമതലയേറ്റു. നേബ്സരായി രൂപതാ ആസ്ഥാന ദേവാലയമായ സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന ശുശ്രൂഷകൾക്കു മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ മുഖ്യ കാർമികനായിരുന്നു. ഇന്ത്യയിലെ വത്തിക്കാൻ നൂൺഷോ ആർച്ച്ബിഷപ്പ് ഡോ. ലിയോപോൾഡോ ജിറെല്ലി അടക്കം നിരവധി മെത്രാന്മാർ, വൈദികർ, സന്യസ്തർ, പൗരപ്രമുഖർ, വിശ്വാസികൾ തുടങ്ങിയവർ ശുശ്രൂഷകളിൽ പങ്കെടുത്തു.
ആർച്ച്ബിഷപ്പ് ഡോ. അനിൽ തോമസ് കൂട്ടോ, ബിഷപ്പ് മാർ ജോസ് പുത്തൻവീട്ടിൽ, മലങ്കര കത്തോലിക്കാ സഭയിലെ ആർച്ച്ബിഷപ്പ് തോമസ് മാർ കൂറിലോസ് (തിരുവല്ല), ബിഷപ്പുമാരായ ജോഷ്വാ മാർ ഇഗ്നാത്തിയോസ് (മാവേലിക്കര), മാർ മക്കാറിയോസ് (പുത്തൂർ), ഡോ. ജോസഫ് മാർ തോമസ് (ബത്തേരി), മാർ പൗലോസ് (മാർത്താണ്ഡം) തുടങ്ങിയവർ സഹകാർമികരായിരുന്നു. വിശുദ്ധ കുർബാനയ്ക്കു ശേഷം സെന്റ് തോമസ് ഓഡിറ്റോറിയത്തിൽ ചേർന്ന പൊതു സമ്മേളനം കര്‍ദ്ദിനാള്‍ മാർ ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു.
ഡൽഹി ലത്തീൻ ആർച്ച്ബിഷപ്പ് ഡോ. അനിൽ തോമസ് കൂട്ടോ, ഫരീദാബാദ് സീറോ മലബാർ രൂപതാ സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ സൂപ്രീംകോടതി മുൻ ജഡ്ജി കുര്യൻ ജോസഫ്, ഗുരുഗ്രാം രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. വർഗീസ് വിജയാനന്ദ്, യാക്കോബായ സഭാ ഡൽഹി ബിഷപ്പ് കുര്യാക്കോസ് മാർ യൗസേബിയോസ്, ബഥനി ആശ്രമം സുപ്പീരിയർ ജനറൽ ഫാ. മത്തായി കടവിൽ, ശാന്തിഗിരി ആശ്രമാധിപൻ സ്വാമി സായൂജ്യാനന്ദ്, ഡോട്ടേഴ്സ് ഓഫ് മേരി സഭയുടെ മദർ ജനറൽ സി സ്റ്റർ ലിഡിയ, ഫാ. ഫിലിപ്സ് വാഴക്കുന്നത്ത്, ഗുരുഗ്രാം മലങ്കര കത്തോലിക്ക അസോസിയേഷൻ പ്രസിഡന്റ് റെജി തോമസ് എന്നിവർ പ്രസംഗിച്ചു.