Daily Saints.

July 17: വിശുദ്ധ അലെക്സിയൂസ്

സ്വന്തം ലേഖകന്‍ 17-07-2024 - Wednesday

റോമിലെ ഒരു ധനികനായ സെനറ്ററിന്റെ ഏക മകനായിരുന്നു വിശുദ്ധ അലെക്സിയൂസ്. അഞ്ചാം നൂറ്റാണ്ടില്‍ റോമില്‍ തന്നെയായിരുന്നു വിശുദ്ധന്റെ ജനനം, അവിടെ തന്നെയായിരുന്നു വിശുദ്ധന്റെ വിദ്യാഭ്യാസവും. തന്റെ ദൈവഭക്തരായ മാതാപിതാക്കള്‍ കാണിച്ചുകൊടുത്ത കാരുണ്യത്തിന്റേതായ മാതൃകയില്‍ നിന്നും ദരിദ്രരെ സഹായിക്കുവാന്‍ വിശുദ്ധന്‍ ഏറെ താത്പര്യപ്പെട്ടിരിന്നു. ദാനധര്‍മ്മങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ നമുക്ക്‌ വേണ്ടിയുള്ള നിക്ഷേപമായി മാറുമെന്നും, അതിന്റെ പ്രതിഫലം സ്വര്‍ഗ്ഗത്തില്‍ ലഭിക്കുമെന്നും വളരെ ചെറുപ്പത്തില്‍ തന്നെ വിശുദ്ധന്‍ മനസ്സിലാക്കി. ഒരു കുട്ടിയായിരിക്കുമ്പോള്‍ തന്നെ അലെക്സിയൂസ് തന്നാല്‍ കഴിയുന്ന ദാനധര്‍മ്മങ്ങള്‍ ചെയ്തു. യാതനയില്‍ കഴിയുന്ന ആളുകളെ സഹായിക്കുവാന്‍ തനിക്ക്‌ ലഭിക്കുന്ന ഒരവസരവും വിശുദ്ധന്‍ പാഴാക്കിയിരുന്നില്ല. വിശുദ്ധന്റെ ആത്മാവിലെ നന്മകളായിരുന്നു ആ കാരുണ്യപ്രവര്‍ത്തികളിലൂടെ പ്രകടമായിരുന്നത്. തന്റെ പക്കല്‍ നിന്നും ധര്‍മ്മം സ്വീകരിക്കുന്നവരോട് താന്‍ കടപ്പെട്ടിരിക്കുന്നുവെന്ന്‍ കരുതി കൊണ്ട് അവരെ തന്റെ ഏറ്റവും വലിയ ഉപകാരികളെപോലെ വിശുദ്ധന്‍ ബഹുമാനിച്ചിരുന്നു. നിത്യതയെക്കുറിച്ചുള്ള കാഴ്ചപ്പാട് ഓരോ ദാനധര്‍മ്മത്തിലും വിശുദ്ധനെ ആനന്ദ ഭരിതനാക്കി.

തന്റെ മാതാ-പിതാക്കളുടെ ആഗ്രഹമനുസരിച്ച് വിശുദ്ധന്‍ ധനികയും, നന്മയുമുള്ള ഒരു യുവതിയെ വിവാഹം കഴിച്ചു. പക്ഷേ തന്റെ വിവാഹ ദിവസം തന്നെ അലെക്സിയൂസ് ആരുമറിയാതെ തന്റെ വീടുവിട്ട് വിദൂര ദേശത്തേക്ക് പോയി. അന്യ ദേശത്ത് ഒരു പരമ ദരിദ്രനായി ജീവിച്ച വിശുദ്ധന്‍, ദൈവമാതാവിനായി സമര്‍പ്പിക്കപ്പെട്ട ഒരു ദേവാലയത്തിനോട് ചേര്‍ന്നുള്ള ഒരു കുടിലിലായിരുന്നു താമസിച്ചിരുന്നത്. കുറച്ച് കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ അലെക്സിസ്‌ ഒരു കുലീന കുടുംബജാതനാണെന്ന് അവിടത്തെ ജനങ്ങള്‍ക്ക്‌ മനസ്സിലായതിനെ തുടര്‍ന്ന് വിശുദ്ധന്‍ സ്വദേശത്തേക്ക് തിരിച്ചുപോയി.

ഒരു ദരിദ്രനായ തീര്‍ത്ഥാടകനേപോലെ തന്റെ പിതാവിന്റെ ഭവനത്തിന്റെ ഒരു മൂലയില്‍, അവിടത്തെ വേലക്കാരുടെ അപമാനത്തേയും, ഉപദ്രവങ്ങളും ക്ഷമയോടെ നിശബ്ദമായി സഹിച്ചുകൊണ്ട് ആരുമറിയാതെ വിശുദ്ധന്‍ വര്‍ഷങ്ങളോളം കഴിച്ചു കൂട്ടി. വിശുദ്ധന്‍ മരിക്കുന്നതിന് തൊട്ട് മുന്‍പ്‌ മാത്രമായിരുന്നു അത് തങ്ങളുടെ നഷ്ടപ്പെട്ട മകനായിരുന്നുവെന്ന കാര്യം വിശുദ്ധന്റെ മാതാപിതാക്കള്‍ക്ക്‌ മനസ്സിലായത്. അക്കാലത്ത്‌ ഹോണോറിയൂസ് നാട്ടിലെ ചക്രവര്‍ത്തിയും, ഇന്നസെന്റ് ഒന്നാമന്‍ റോമിലെ മെത്രാനുമായിരുന്നു. വിശുദ്ധന്റെ ദിവ്യത്വം മനസ്സിലാക്കിയ അവര്‍ വിശുദ്ധന്റെസംസ്കാര ശുശ്രൂഷ വളരെ ഗംഭീരമായി റോമിലെ അവെന്റിന്‍ ഹില്ലില്‍ നടത്തി. ലാറ്റിന്‍, ഗ്രീക്ക്‌, മാരോനൈറ്റ്, അര്‍മേനിയന്‍ ദിന സൂചികകളില്‍ വിശുദ്ധനെ ആദരിച്ചിട്ടുള്ളതായി കാണാം.

1216 വരെ വിശുദ്ധന്റെ മൃതദേഹം അവിടെ ഉണ്ടായിരുന്നു. വിശുദ്ധ പത്രോസിന്റെ സിംഹാസനത്തില്‍ ഹോണോറിയൂസ് മൂന്നാമന്‍ അവരോധിതനായപ്പോള്‍ അലെക്സിയൂസിന്റെ ഭൗതീകാവഷിഷ്ടങ്ങള്‍ വിശുദ്ധ ബോനിഫസിന്റെ പുരാതന ദേവാലയത്തിലേക്ക് മാറ്റി. ആ സ്ഥലത്ത് ഒരു ദേവാലയം പണികഴിപ്പിക്കുകയും അത് വിശുദ്ധ അലെക്സിയൂസിന്റേയും, വിശുദ്ധ ബോനിഫസിന്റേയും നാമധേയത്തില്‍ സമര്‍പ്പിക്കുകയും ചെയ്തു.

ഇതര വിശുദ്ധര്‍

1. ആഫ്രിക്കയിലെ സ്പെരാത്തൂസ്, നരസാലസ്, സെത്തിനൂസ്, ഫെലിക്സ്, അസില്ലിനൂസ്,

ലക്താന്‍സിയൂസ്

2. ആഫ്രിക്കയിലെ ജാനുവാരിയോ, ജെനെറോസ, വെസ്തീനാ, ദൊണാത്തസെക്കുന്ത

3. പോളിഷു സന്യാസി ആനഡ്രൂ സൊറാര്‍ഡ്

4. കര്‍മ്മലീത്താ കന്യാസ്ത്രീകളായ ആന്‍പെല്‍റാസ്, ആന്‍മേരി തൗററ്റ്

5. ഡെന്മാര്‍ക്കിലെ ആന്‍വെരൂസും

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »