News

നൈജീരിയയിലെ ക്രൈസ്തവ കൂട്ടക്കൊലയെ അപലപിച്ച് യുഎസ് സെനറ്റിന്റെ കത്ത്

പ്രവാചകശബ്ദം 03-07-2022 - Sunday

അബൂജ: നൈജീരിയയിലെ ഒൺഡോ സംസ്ഥാനത്തിൽ നടന്നത് ഉൾപ്പെടെയുള്ള ക്രൈസ്തവ കൂട്ടക്കൊലകളെ അപലപിച്ച് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിക്ക് യു.എസ് സെനറ്റിന്റെ കത്ത്. നൈജീരിയയില്‍ ദിനംപ്രതി മോശമായിക്കൊണ്ടിരിക്കുന്ന അരക്ഷിതാവസ്ഥ ലഘൂകരിക്കുവാന്‍ അര്‍ത്ഥവത്തായ നടപടികള്‍ കൈകൊള്ളുന്നതില്‍ നൈജീരിയന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നു കൂട്ടക്കൊലയെ അപലപിച്ചുകൊണ്ട് യു.എസ് സെനറ്റ്, യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനയച്ച കത്തില്‍ പറയുന്നു. നൈജീരിയയെ പ്രത്യേകം ശ്രദ്ധിക്കേണ്ട രാഷ്ട്രങ്ങളുടെ പട്ടികയില്‍ നിന്നും നീക്കം ചെയ്ത സ്റ്റേറ്റ് സെക്രട്ടറിയുടെ നടപടി തെറ്റാണെന്നു കത്ത് ചൂണ്ടിക്കാട്ടി.

സെനറ്റര്‍മാരായ ജോഷ്‌ ഹോളി, മൈക്ക് ബ്രൌണ്‍, ടോം കോട്ടണ്‍, മാര്‍ക്കോ റൂബിയോ, ജെയിംസ് എം. ഇന്‍ഹോഫെ തുടങ്ങിയവരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്. പെന്തക്കുസ്ത തിരുനാളിലെ കൂട്ടക്കൊലക്ക് പുറമേ, വ്യാജ പ്രവാചക നിന്ദ ആരോപണം ഉന്നയിച്ച് ഇസ്ലാമിക മത തീവ്രവാദികൾ കൊലപ്പെടുത്തിയ ദെബോറ യാക്കൂബ് എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയുടെ കാര്യവും നൈജീരിയയിലെ ക്രിസ്ത്യാനികള്‍ നേരിടുന്ന മതപീഡനങ്ങളുടെ ഉദാഹരണമായി കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയേറിയ രാജ്യത്ത് ഇത്തരം അക്രമങ്ങള്‍ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം സാധാരണ കാര്യമായി മാറിയിരിക്കുകയാണ്. മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെങ്കിലും കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ നിന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നൈജീരിയ പ്രത്യേകം ആശങ്കപ്പെടേണ്ട (സി.പി.സി) രാജ്യങ്ങളുടെ വിഭാഗത്തില്‍ നിന്നും ഒഴിവാക്കിയിരിന്നു. നൈജീരിയയില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്നതിനാല്‍ തെറ്റായ തീരുമാനം തിരുത്തണമെന്ന തങ്ങളുടെ ആവശ്യം വീണ്ടും ആവര്‍ത്തിക്കുകയാണെന്നും കത്തില്‍ പറയുന്നു. 2021-ല്‍ മാത്രം നൈജീരിയയില്‍ വിശ്വാസത്തിന്റെ പേരില്‍ 4,650 ക്രൈസ്തവര്‍ കൊല്ലപ്പെട്ടുവെന്നും, ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഏറ്റവും അപകടകരമായ രാജ്യമെന്ന കുപ്രസിദ്ധി രണ്ടാം വര്‍ഷവും നൈജീരിയ നിലനിര്‍ത്തിയെന്നും, ഇത് തടയുവാന്‍ അര്‍ത്ഥവത്തായ നടപടികള്‍ കൈകൊള്ളുന്നതിന് പകരം, മതനിന്ദ ചുമത്തി മതന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സെനറ്റിന്റെ കത്തില്‍ ആരോപിച്ചു.

ക്രിസ്ത്യന്‍ പൗരന്‍മാരുടെ സുരക്ഷയും, മതസ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്നതില്‍ നൈജീരിയന്‍ ഗവണ്‍മെന്റിന് വന്ന വീഴ്ചയില്‍ തങ്ങള്‍ ആശങ്കാകുലരാണ്. മതപീഡനത്തില്‍ നൈജീരിയന്‍ അധികാരികള്‍ക്ക് നേരിട്ട് പങ്കുള്ള കാര്യം അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള യു.എസ് സ്റ്റേറ്റ് കമ്മീഷന്റെ (യു.എസ്.സി.ഐ.ആര്‍.എഫ്) ഈ വര്‍ഷത്തേ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കണമെന്നും സെനറ്റ് ആവശ്യപ്പെട്ടു. യു.എസ്.സി.ഐ.ആര്‍.എഫിന്റെ നിര്‍ദ്ദേശങ്ങള്‍ മാനിക്കാന്‍ ഫെഡറല്‍ നിയമം വഴി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ബാധ്യസ്ഥരാണെന്ന കാര്യവും കത്ത് ചൂണ്ടിക്കാട്ടി. നൈജീരിയയിലെ മതസ്വാതന്ത്ര്യത്തിന്റെ പരിതാപകരമായ അവസ്ഥ കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷത്തെ തീരുമാനം തിരുത്തുവാനും നൈജീരിയ സി.പി.സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തുവാനും ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക