News - 2025
ഭരണകൂട വേട്ടയാടലിൽ വിടവാങ്ങിയ ഫാ. സ്റ്റാനിന്റെ മരണത്തിന് ഒരാണ്ട്
പ്രവാചകശബ്ദം 05-07-2022 - Tuesday
റാഞ്ചി: പാവങ്ങള്‍ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചു ഒടുവില്‍ ഭരണകൂട ഭീകരതയ്ക്കു ഇരയായ ഫാ. സ്റ്റാൻ സ്വാമിയുടെ മരണത്തിന് ഒരാണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈ 5നു മുംബൈ ഹോളി ഫാമിലി ആശുപത്രിയിലായിരിന്നു ഫാ. സ്റ്റാന്‍ സ്വാമിയുടെ അന്ത്യം. അഞ്ചു പതിറ്റാണ്ടായി ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തികൊണ്ടിരിക്കുന്ന ഫാ. സ്റ്റാന്‍ സ്വാമിയെ 2020 ഒക്ടോബര്‍ എട്ടിന് റാഞ്ചിയിലെ വസതിയില്‍ നിന്നാണ് അറസ്റ്റ്ചെയ്തത്. കലാപത്തിനുള്ള പ്രേരണ, മാവോയിസ്റ്റ് ബന്ധം തുടങ്ങി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ ചാര്‍ത്തപ്പെട്ടു.
എന്നാല്‍ അദ്ദേഹം താമസിച്ചിരുന്ന നാംകും ബഗിച്ചയിലെ വീട്ടിലെത്തിയ പോലീസിനു പക്ഷേ, തീവ്രവാദവുമായി ബന്ധമുള്ളതോ വിലപിടിപ്പുള്ളതോ ആയി ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ കേവലം ആരോപണങ്ങള്‍ മറയാക്കി വൃദ്ധ വൈദികനെ തടവിലാക്കുകയായിരിന്നു. തടവില്‍ കഴിയുന്നതിനിടെ നിരവധി തവണ മനുഷ്യാവകാശ ലംഘനത്തിന് ഇരയായ വൈദികന്‍ കൂടിയാണ് അദ്ദേഹം. പാര്‍ക്കിന്‍സണ്‍സ് രോഗമുള്ളതിനാല്‍ കൈ വിറയ്ക്കുമെന്നും ജയിലിലെ ഭക്ഷണം കഴിക്കാന്‍ സ്‌ട്രോയോ സിപ്പറോ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സ്റ്റാന്‍ സ്വാമി പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും അടിയന്തരമായ ഈ ആവശ്യം പരിഗണിക്കാത്ത കോടതി കേസ് നീട്ടിക്കൊണ്ടുപോയ മനുഷ്യത്വരഹിതമായ സമീപനമാണ് സ്വീകരിച്ചത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചിരിന്നു.
ഇതിനിടെ വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ട അദ്ദേഹം ഏറെ ബുദ്ധിമുട്ടിയിരിന്നു. മുംബൈ തലോജ ജയിലിലായിരുന്ന അദ്ദേഹത്തെ കോടതി ഇടപെടലിനെത്തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് തലോജ ജയിലില്‍ നിന്ന് നവിമുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയിലേക്ക് ഫാ. സ്റ്റാന്‍ സ്വാമിയെ മാറ്റി. കഴിഞ്ഞ വര്‍ഷം ജൂലൈ 5നു മുംബൈ ഹോളി ഫാമിലി ആശുപത്രിയിലായിരിന്നു ഫാ. സ്റ്റാന്‍ സ്വാമിയുടെ അന്ത്യം. ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ പ്രഖ്യാപിച്ച "മനുഷ്യാവകാശത്തിനുള്ള നോബൽ സമ്മാനം" എന്ന് വിളിക്കപ്പെടുന്ന മാർട്ടിൻ എന്നൽസ് ഫൗണ്ടേഷന്റെ പുരസ്കാരം ഫാ. സ്റ്റാന് ആയിരിന്നു.