News - 2025

മെക്സിക്കോയിൽ 30 വർഷത്തിനിടെ കൊല്ലപ്പെട്ടത് 57 വൈദികരും ഒരു കർദ്ദിനാളും: നാളെ പ്രത്യേക പ്രാർത്ഥനാദിനം

പ്രവാചകശബ്ദം 09-07-2022 - Saturday

മെക്സിക്കോ സിറ്റി: കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ മെക്സിക്കോയിൽ കഴിഞ്ഞ 30 വർഷത്തിനിടെ കൊല്ലപ്പെട്ട വൈദികരുടെ ഞെട്ടിക്കുന്ന കണക്ക് പുറത്ത്. 1990 മുതൽ 2022 വരെയുളള കാലയളവിൽ 57 വൈദികരും, ഒരു കർദ്ദിനാളും കൊല്ലപ്പെട്ടുവെന്ന് മെക്സിക്കൻ കാത്തലിക്ക് മീഡിയ സെന്റർ പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ ഇപ്പോഴത്തെ പ്രസിഡന്റ് ആന്ധ്രേസ് മാനുവൽ ലോപ്പസിന്റെ മൂന്നര വർഷത്തെ ഭരണകാലയളവിൽ ഏഴ് വൈദികർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 1993, മെയ് ഇരുപത്തിനാലാം തീയതി, ഗ്വാഡലജാര എയർപോർട്ടിൽ വെടിവെപ്പിൽ കൊല്ലപ്പെട്ട ഗ്വാഡലജാരയിലെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജുവാൻ ജീസസ് പോസാഡാസാണ് ഇക്കാലയളവിൽ കൊല്ലപ്പെട്ട ബിഷപ്പ്.

ഒരു ഗുണ്ടാ നേതാവിന് പകരം ആളുമാറിയാണ് കർദ്ദിനാളിനെ വകവരുത്തിയതെന്ന് ആദ്യം കരുതപ്പെട്ടുവെങ്കിലും, പിന്നീട് സർക്കാരിന്റെ ഇടപെടലും കൊലപാതകത്തിൽ ഉണ്ടായിരുന്നുവെന്ന് അന്വേഷണങ്ങളിൽ നിന്ന് തെളിഞ്ഞു. ജൂൺ ഇരുപതാം തീയതി രണ്ട് ജെസ്യൂട്ട് വൈദികർ രാജ്യത്ത് കൊല്ലപ്പെട്ടതിന് പിന്നാലെ, മെക്സിക്കോയിലെ മെത്രാൻ സമിതിയും, വിവിധ സന്യാസ സഭകളുടെ അധ്യക്ഷന്മാരും, ജെസ്യൂട്ട് സമൂഹവും ജൂലൈ പത്താം തീയതി രാജ്യത്ത് സമാധാനം പുലരാൻ പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. നാളെ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനകളിൽ, രാജ്യത്ത് കൊല്ലപ്പെട്ട വൈദികരെയും, സന്യസ്തരെയും വിശ്വാസികൾ പ്രത്യേകം സ്മരിക്കും. കൂടാതെ വൈദികരെയും, സന്യസ്തരെയും കൊലപ്പെടുത്തിയ ആളുകളുടെ മാനസാന്തരത്തിന് വേണ്ടി മെക്സിക്കോയിലെ സഭ ജൂലൈ 31നും പ്രത്യേകം പ്രാർത്ഥിക്കും.

വൈദികർ നേരിടുന്ന അതിക്രമങ്ങളെ പറ്റി പ്രതിപാദിക്കുന്ന റിപ്പോർട്ട് ജൂലൈ 10ലെ ആഹ്വാനവുമായി സഹകരിക്കുന്നതിന് വേണ്ടിയാണ് പുറത്തുവിട്ടതെന്ന് മെക്സിക്കൻ കാത്തലിക്ക് മീഡിയ സെന്ററിന്റെ അധ്യക്ഷൻ ഫാ. ഒമർ സൊട്ടേലോ പറഞ്ഞു. അക്രമങ്ങൾ കൊണ്ട് കുപ്രസിദ്ധമായ രാജ്യമാണ് മെക്സിക്കോ. പ്രസിഡന്റ് ആന്ധ്രേസ് മാനുവൽ ലോപ്പസിന്റെ ഇതുവരെയുള്ള ഭരണകാലയളവിൽ മൊത്തം 1,21,000 കൊലപാതകങ്ങളാണ് രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മുൻഗാമിയായിരുന്ന എൻറിക് പെനാ നീറ്റോയുടെ ആറു വർഷക്കാല ഭരണകാലയളവിൽ 1,56,000 ആളുകൾ കൊല്ലപ്പെട്ടു. ഈ വർഷം ജനുവരി ഒന്നു മുതൽ ജൂലൈ 7 വരെ 13679 കൊലപാതകങ്ങൾ അധികൃതർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.