News

നൈജീരിയയിലെ ക്രൈസ്തവ കൂട്ടക്കുരുതി സര്‍ക്കാരിന്റെ ഒത്താശയോടെ: ഗുരുതര ആരോപണവുമായി ഒണ്‍ഡോ മെത്രാന്‍

പ്രവാചകശബ്ദം 13-07-2022 - Wednesday

അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ പെന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ ഒണ്‍ഡോ രൂപതയിലെ ഒവോയിലെ സെന്റ്‌ ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയത്തില്‍ നാല്‍പ്പത്തിയൊന്നിലധികം പേരുടെ ജീവനെടുത്ത തീവ്രവാദി ആക്രമണം സര്‍ക്കാര്‍ അറിവോടെയാണെന്ന് ഒണ്‍ഡോ രൂപതാധ്യക്ഷന്‍ ബിഷപ്പ് ജൂഡ് അരോഗുണ്ടഡെ. ഓണ്‍ലൈന്‍ കത്തോലിക്ക വാര്‍ത്ത മാധ്യമമായ അലീഷ്യയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ബിഷപ്പ് ഈ ആരോപണം ഉന്നയിച്ചത്. ആക്രമണം നടന്ന്‍ ഒരു മാസം കഴിഞ്ഞിട്ടും അക്രമികളെ കണ്ടെത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ യാതൊന്നും ചെയ്തിട്ടില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. നൈജീരിയയിലെ ക്രിസ്ത്യന്‍ ജനസംഖ്യ ഇല്ലാതാക്കുന്നതിനായി നടത്തിവരുന്ന നിഗൂഢ പദ്ധതിയുടെ ഒടുവിലത്തെ നടപടിയാണ് ഈ ആക്രമണമെന്നും മെത്രാന്‍ തുറന്നടിച്ചു.

കഴിഞ്ഞ 6 വര്‍ഷങ്ങള്‍ക്കുള്ളില്‍ അയ്യായിരത്തിലധികം ക്രൈസ്തവര്‍ വിവിധ ആക്രമണങ്ങളിലായി കൊല്ലപ്പെട്ടിട്ടുണ്ടെന്ന്‍ മെത്രാന്‍ പറഞ്ഞു. ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനികളാണ് ഈ ആക്രമണത്തിന്റെ പിന്നിലെന്നാണ് സംശയിക്കപ്പെടുന്നത്. ആഫ്രിക്കയില്‍ നടക്കുന്നത് ക്രൈസ്തവരുടെ വംശഹത്യയാണെന്ന് തങ്ങള്‍ പറയുന്നതിന്റെ കാരണം ഇതാണെന്ന് പറഞ്ഞ മെത്രാന്‍ ഇത് ലോകത്തിന്റെ ശ്രദ്ധയില്‍ വരികയും, ഇതിനൊരു പരിഹാരം കാണുകയും ചെയ്യുന്നത് വരെ താന്‍ ഇതിനെ കുറിച്ച് പറയുമെന്നും കഴിയുന്നത്ര അഭിമുഖങ്ങള്‍ നല്‍കുമെന്നും കൂട്ടിച്ചേര്‍ത്തു.

ഒറ്റവാക്കില്‍ പറഞ്ഞാല്‍, ശക്തരായ ആളുകള്‍ നൈജീരിയയിലെ തദ്ദേശീയരെ അവരുടെ ഗ്രാമങ്ങളില്‍ നിന്നും ആട്ടിപ്പായിച്ച് അവരുടെ ഭൂമികളില്‍ ഫുലാനികളെ താമസിപ്പിക്കുവാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നതെന്നും ഇത് അവസാനിപ്പിക്കുന്നതിനായി ലോക രാഷ്ട്രങ്ങളുടെ ഇടപെടല്‍ ആവശ്യമുണ്ടെന്നും, താന്‍ ഇതുവരെ കണ്ടതില്‍ ഏറ്റവും ഭീകരമായ കാഴ്ചയായിരുന്നു പെന്തക്കുസ്ത തിരുനാളില്‍ സെന്റ്‌ ഫ്രാന്‍സിസ് ദേവാലയത്തില്‍ കണ്ടതെന്നും മെത്രാന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നൈജീരിയന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന ആരോപണം മെത്രാന്‍ ആവര്‍ത്തിച്ചു. ''നൈജീരിയയില്‍ ക്രൈസ്തവ വിരുദ്ധ മതപീഡനം നടക്കുന്നില്ലെന്നും, സുരക്ഷാപരമായ ചില പ്രശ്നങ്ങളാണ് ഉള്ളതെന്ന്‍'' സര്‍ക്കാര്‍ വക്താവ് പറഞ്ഞിട്ടുള്ളത് സൂചിപ്പിച്ച മെത്രാന്‍, നൈജീരിയയില്‍ നടക്കുന്നത് വംശഹത്യയാണെന്നും, ഗ്രാമങ്ങള്‍ തന്നെ ഇല്ലാതായി കൊണ്ടിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി.

41 ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടും ഇവിടെ ഒന്നും സംഭവിക്കുന്നില്ലെന്ന് പറയുന്നത് വെറും അസംബന്ധമാണെന്നും മെത്രാന്‍ പറഞ്ഞു. ഫുലാനി ഗോത്രവര്‍ഗ്ഗക്കാരനായ നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ്‌ ബുഹാരി തീവ്രവാദത്തെ നേരിട്ട് പിന്തുണക്കുന്നില്ലെങ്കിലും ഫുലാനികളോട് സഹിഷ്ണുതാപരമായ നയമാണ് സ്വീകരിക്കുന്നതെന്നു മെത്രാന്‍ ചൂണ്ടിക്കാട്ടി. ഇത്തരം ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന് വ്യക്തമായി അറിയാമെന്ന്‍ പറഞ്ഞ മെത്രാന്‍ മതസ്വാതന്ത്ര്യ ലംഘകരുടെ പട്ടികയില്‍ നിന്നും നൈജീരിയയെ ഒഴിവാക്കിയ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ നടപടി തങ്ങളെ ഞെട്ടിപ്പിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉച്ചകോടിയില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ അധികം താമസിയാതെ ഫലം കാണും എന്ന പ്രതീക്ഷ പങ്കുവെച്ചുകൊണ്ടാണ് മെത്രാന്റെ അഭിമുഖം അവസാനിപ്പിച്ചത്.


Related Articles »