News - 2025

ഈ വർഷം നൈജീരിയയിൽ തട്ടിക്കൊണ്ടു പോകലിന് ഇരയായത് 18 വൈദികർ

പ്രവാചകശബ്ദം 14-07-2022 - Thursday

അബൂജ: ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയയിൽ നിന്നും ഈ വർഷം മാത്രം 18 വൈദികർ തട്ടിക്കൊണ്ടു പോകലിന് ഇരയായെന്ന് നൈജീരിയൻ മാധ്യമമായ 'പഞ്ച്'. കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിനെ ഉദ്ധരിച്ചാണ് 'പഞ്ച്' വിവരങ്ങള്‍ പുറത്തുവീട്ടിരിക്കുന്നത്. ഇതിൽ ചിലരെ മോചിപ്പിച്ചെങ്കിലും ഇക്കഴിഞ്ഞയാഴ്ചകളില്‍ മാത്രം മൂന്നുപേർ കൊല്ലപ്പെട്ടു. ജൂൺ 26നാണ് എഡോ സംസ്ഥാനത്ത് നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട ഫാ. ക്രിസ്റ്റഫർ ഒഡിയ എന്ന വൈദികൻ കൊല്ലപ്പെട്ടതായുള്ള വാർത്തകൾ പുറത്തുവന്നത്. വിശുദ്ധ കുർബാന അർപ്പിക്കാൻ പോകുന്ന വഴിക്കാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. ഇതിന് തലേദിവസമാണ് കടുണ സംസ്ഥാനത്ത് വിറ്റൂസ് ബോറോഗോ എന്ന വൈദികനെ തീവ്രവാദികളെന്ന് കരുതപ്പെടുന്ന അക്രമകാരികൾ കൊലപ്പെടുത്തിയത്.

ജൂലൈ ആറാം തീയതി ബെന്യൂ സംസ്ഥാനത്തു നിന്ന് പീറ്റർ അമോഡു എന്ന വൈദികനും തട്ടിക്കൊണ്ടു പോകലിന് ഇരയായി. രാജ്യത്തെ സുരക്ഷ സംവിധാനം ഭദ്രമാണെന്ന നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ അവകാശവാദം നിലനിൽക്കവേയാണ് കത്തോലിക്ക വൈദികർക്ക് നേരെ തുടർച്ചയായ അതിക്രമങ്ങൾ ഉണ്ടാകുന്നത്. നൈജീരിയൻ രൂപതാ വൈദികരുടെ സംഘടന അഭിഷിക്തരുടെ സുരക്ഷയ്ക്ക് വേണ്ടി ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രത്യേകം പ്രാർത്ഥനയ്ക്കും, ഉപവാസത്തിനും അഭ്യർത്ഥന നടത്തിയെന്ന് എയിഡ് ടു ദി ചർച്ച് ഇൻ നീഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത് പ്രകാരം ജൂലൈ 11നു ആരംഭിച്ച പ്രത്യേകം പ്രാർത്ഥനകളും, ദിവ്യകാരുണ്യ ആരാധനയും, ജപമാല പ്രാർത്ഥനകളും ഒരാഴ്ചയോളം നീണ്ടുനില്ക്കും. ഡിസംബർ 2021നും, ഈ വർഷം ജൂലൈ 15 നും മദ്ധ്യേ 3478 നൈജീരിയൻ പൗരന്മാർക്ക് ജീവൻ നഷ്ടമായെന്ന് പഞ്ചിന്റെ റിപ്പോർട്ടിൽ പറയുന്നു. 2256 ആളുകളെ വിവിധ സ്ഥലങ്ങളിൽ നിന്നും തട്ടിക്കൊണ്ടു പോയി. നൈജീരിയയിലെ സുരക്ഷാപ്രശ്നം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ക്രൈസ്തവ സമൂഹത്തെയാണ്. കഴിഞ്ഞ രണ്ടു ദശകത്തിനുള്ളില്‍ നൈജീരിയയില്‍ ഏതാണ്ട് അറുപതിനായിരത്തോളം ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും, ഈ വര്‍ഷത്തെ ആദ്യ 200 ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ദിവസം ശരാശരി 17 പേര്‍ എന്ന കണക്കില്‍ ഏതാണ്ട് 3,462 ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നുമുള്ള റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരിന്നു.


Related Articles »